Image

ഈസ്റ്റര്‍ മൊഴിമുത്തുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 17 April, 2025
ഈസ്റ്റര്‍ മൊഴിമുത്തുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

വായനക്കാരുടെ അറിവിനും ആനന്ദത്തിനുംവേണ്ടി ഈസ്റ്ററിനെ പറ്റിയുള്ള ചില മൊഴിമുത്തുകള്‍ ഈ ലേഖകന്‍ പരിഭാഷപ്പെടുത്തിയത് താഴെ കൊടുക്കുന്നു. - സുധീര്‍ പണിക്കവീട്ടില്‍

*സത്യത്തെ ഒരു കല്ലറയില്‍ അടക്കാം എന്നാല്‍ അതു അവിടെ തങ്ങുകയില്ലെന്ന് ഈസ്റ്റര്‍ നമ്മെ ബോധിപ്പിക്കുന്നു.

*ഭൂമിയിലെ ഏറ്റവും സന്തോഷം നിറഞ്ഞതും, ഏറ്റവും ദുഃഖം നിറഞ്ഞതുമായ ദിവസങ്ങള്‍ക്ക് തമ്മില്‍ മൂന്നു  ദിവസത്തിന്റെ അകലമേയുള്ളു.

*ഈസ്റ്റര്‍ കാലം ആനന്ദിക്കാനും, നന്ദിയുള്ളവരായിരിക്കാനും, പാപങ്ങള്‍ പൊറുത്തുവെന്നു ഉറപ്പാക്കികൊണ്ട് ഈ ഭൂമിയിലെ മണ്ണില്‍ നിന്നും അപ്പുറത്തേക്ക് ജീവിതം നീളുന്നു എന്നു വിശ്വസിക്കാനുമാണ്.

*ഈസ്റ്ററിന്റെ ഏറ്റവും വലിയ സമ്മാനം പ്രത്യാശയാണ് അതിനെ ഒന്നിനും ഇളക്കാന്‍ കഴിയില്ല. ആ ക്രിസ്തീയ പ്രത്യാശ ദൈവത്തിലുള്ള ദ്രുഢവിശ്വാസത്തെ, അവന്റെ അവസാന വിജയത്തെ, അവന്റെ സ്‌നേഹത്തേയും, നന്മയേയും നമ്മില്‍ ഉറപ്പിക്കുന്നു.

*ഈസ്റ്റര്‍ ദിവസം,  കാലവും നിത്യതയും തമ്മിലുള്ള മറയെ മാറാല പോലെ നേരിയതാക്കുന്നു.

*ഈ ഭൂമിയില്‍ നിന്ന്, ഈ കല്ലറയില്‍ നിന്ന്, ഈ പൊടിയില്‍ നിന്ന് എന്നെ എന്റെ ദൈവം ഉയര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

*നിനക്കുള്ളതെല്ലാം കൊടുക്കുമ്പോള്‍ നീ പൂര്‍ണ്ണമായി ഒന്നും കൊടുക്കുന്നില്ല, നീ നിന്നെ തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോഴാണ് നീ യഥാര്‍ത്ഥമായി കൊടുക്കുന്നത്.

*എന്റെ ജീവിതസാഹചര്യങ്ങള്‍ എന്ത് തന്നെയായാലും പുനരുത്ഥാനം എന്റെ ജീവിതത്തിനു അര്‍ത്ഥവും, ദിശയും വീണ്ടും ആരംഭിക്കാന്‍ അവസരങ്ങളും നല്‍കുന്നു.

*പ്രവര്‍ത്തിക്കുന്ന മനുഷ്യനെ പോലെ ചിന്തിക്കുക, ചിന്തിക്കുന്ന മനുഷ്യനെ  പോലെ പ്രവര്‍ത്തിക്കുക.

*ദൈവം പക്ഷികളെ സ്‌നേഹിക്കുകയും അവക്ക് പാര്‍ക്കാന്‍ മരങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്തു. മനുഷ്യന്‍ പക്ഷികളെ സ്‌നേഹിക്കുകയും അവക്ക്  വേണ്ടി കൂടുകള്‍ കണ്ടുപിടിക്കുകയും ചെയ്തു.

*പോഷണവും, ഉന്മേഷവും ശരീരത്തിനു കൊടുക്കുന്ന ഉറക്കം പോലെ സത്യമായ മൗനം മനസ്സിന്റേയും പ്രാണന്റേയും വിശ്രമമാണ്.

*ഈസ്റ്ററിന്റെ കഥ ദൈവത്തിന്റെ ദിവ്യ വിസ്മയമായ അത്ഭുത ജാലകത്തിന്റെ കഥയാണ്.

അത് ഈസ്റ്റര്‍ പ്രഭാതമാണെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു, അവിടെ ജീവിതവും, സ്‌നേഹവും സമാധാനവും എല്ലാം നവജാതങ്ങളാണ്.

*എല്ലാ സ്ത്രീ-പുരുഷന്മാരും മരണമില്ലാത്തവരായി കരുതട്ടെ.ക്രുസ്തുവിന്റെ വെളിപ്പാടു് അവന്റെ പുനരുത്ഥാനത്തിലാണെന്ന് അവര്‍ ഗ്രഹിക്കട്ടെ. ക്രുസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നു മാത്രമല്ല അവര്‍ പറയേണ്ടത്ഞാനും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നു കൂടിയാണ്.

*ഓരോ വേര്‍പിരിയലും മരണത്തെപറ്റിയുള്ള ഒരു മുന്‍ധാരണ  നല്‍കുന്നു; ഓരോ പുനഃസമാഗമവും പുനരുത്ഥാനത്തിന്റെ സൂചന നല്‍കുന്നു.

വാതില്‍ക്കല്‍ അടച്ചുവച്ച വലിയ കല്ല് മാറ്റിയത് ക്രുസ്തുവിനു പുറത്ത് പോകാനല്ല, ശിഷ്യന്മാര്‍ക്ക് അകത്തേക്ക് കടക്കാന്‍ വേണ്ടിയായിരുന്നു.

ഭാവിയെക്കുറിച്ചുള്ള എല്ലാ പദ്ധതികള്‍ക്കുമുള്ള താക്കോല്‍ പുനരുത്ഥാനത്തിലുണ്ട്.

എല്ലാവര്‍ക്കും അനുഗ്രഹീതമായ ഈസ്റ്റര്‍ ആശംസകള്‍ !!

ശുഭം

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക