കൊച്ചി: ലഹരി ഉപയോഗിച്ച് സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പരാതി നല്‍കിയ വിന്‍സി അലോഷ്യസിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു എന്നാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലാണ് ഡബ്ല്യൂസിസി നിലപാട് വ്യക്തമാക്കിയത്.
വിന്‍സിയുടെ തുറന്നുപറച്ചില്‍ മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്‌നസത്യമാണ് വെളിപ്പെടുത്തുന്നത്. ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിര്‍വ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങള്‍ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നതാണെന്നും ഡബ്ലൂസിസി ഓര്‍മ്മിപ്പിക്കുന്നു.