ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത്. നിയമനം നടത്തിയാല്‍ അത് അസാധുവാകുമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
വഖഫ് ആയി ഇതിനകം വിജ്ഞാപനം ചെയ്ത ഭൂമിയുടെ സ്വഭാവം മാറ്റരുതെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാരല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. വഖഫ് നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയം അനുവദിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.
ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞു. അടുത്ത ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി നൽമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വഖഫ് നിയമം നേരിട്ടോ പരോക്ഷമായോ സ്റ്റേ ചെയ്യാൻ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തിൽ വേണമെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കും. നൂറുകണക്കിന് ഹര്‍ജികളാണ് കോടതിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും. കേന്ദ്രം മറുപടി നല്‍കി അഞ്ചുദിവസത്തിനകം ഈ ഹര്‍ജിക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നതുവരെ, ഏതെങ്കിലും സംസ്ഥാനം വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് ഭൂമി സംബന്ധിച്ച് സുപ്രീംകോടതിയിൽ ലഭിച്ച നൂറോളം ഹർജികളിൽ എല്ലാത്തിലും വാദം കേൾക്കൽ പറ്റില്ലെന്ന് കോടതി പറഞ്ഞു. ഇതിൽ അഞ്ച് ഹര്‍ജികൾ കേള്‍ക്കാമെന്നും അറിയിച്ചു. വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.