Image

കേരളത്തില്‍ അമ്പരപ്പിക്കുംവിധം കൂട്ട ആത്മഹത്യകള്‍ വര്‍ധിക്കുന്നു; പരിഹാരം അകലെയല്ല (എ.എസ് ശ്രീകുമാര്‍)

Published on 17 April, 2025
കേരളത്തില്‍ അമ്പരപ്പിക്കുംവിധം കൂട്ട ആത്മഹത്യകള്‍ വര്‍ധിക്കുന്നു; പരിഹാരം അകലെയല്ല (എ.എസ് ശ്രീകുമാര്‍)

അടുത്ത കാലത്തായി കേരളത്തില്‍ കൂട്ട ആത്മഹത്യകള്‍ വര്‍ധിക്കുന്നത് അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. കുടുംബം ഒന്നടങ്കമുള്ള ആത്മഹത്യയേക്കാള്‍, കുട്ടികളെയും നിര്‍ബന്ധിച്ചു കൊണ്ടുള്ള അമ്മമാരുടെ ആത്മഹത്യകളാണ് നമ്മെ വല്ലാതെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 15-ാം തീയതി കോട്ടയം, ഏറ്റുമാനൂര്‍ പുളിങ്കുന്ന് കടവില്‍ സ്‌കൂട്ടറില്‍ എത്തിയ അമ്മയും രണ്ട് മക്കളും ആറ്റില്‍ ചാടി മരിച്ചത് ഈ പട്ടികയിലെ അവസാനത്തേതായി കരുതാനാവില്ല. ഹൈക്കോടതിയിലെ അഭിഭാഷകയും അയര്‍ക്കുന്നം സ്വദേശിനിയുമായ ജിസ് മോള്‍ തോമസ് (34), നാല് വയസ്സുള്ള മകന്‍ നോഹ, രണ്ട് വയസ്സുള്ള മകള്‍ നോറ എന്നിവരാണ് മരിച്ചത്.

മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ് മോള്‍ 2019-2020 കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ജിസ്‌മോള്‍ ശ്രമിച്ചിട്ടുണ്ട്. ജിസ്‌മോളും ഭര്‍ത്തൃമാതാവും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. മരിക്കുന്നതിന് മുമ്പ് ജിസ്‌മോള്‍ അച്ഛനെ വിളിച്ചിരുന്നു. മക്കളെയും കൂട്ടി ജീവനൊടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ജിസ്‌മോള്‍ ഫോണ്‍ വച്ച ഉടന്‍ അച്ഛന്‍ ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയെ വിളിച്ച് കാര്യം പറഞ്ഞു. ജിമ്മി എത്തിയപ്പോള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന വീടാണ്. കാന്‍സര്‍ ബാധിതയായ അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്നു ജിമ്മി.

സമാനമായ ഒരു സംഭവമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഏറ്റുമാനൂരില്‍ തന്നെ ഉണ്ടായത്. ഭര്‍ത്താവുമായി അകന്ന് ഏറ്റുമാനൂരിലെ പറോലിക്കലിലെ സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന ഷൈനി (43) മക്കളായ അലീന എലിസബത്ത് (11), ഇവാന മരിയ (10) എന്നിവരെ കൂട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തസംഭവം നാടിന്റെ നൊമ്പരമായി. കടുത്ത മദ്യപാനിയായ ഭര്‍ത്താവ് തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിന്റെ നിരന്തരമായ മര്‍ദനത്തില്‍ സഹികെട്ടാണ് ഷൈനി ഈ കടുംകൈ ചെയ്തത്. സംഭവത്തിന്റെ തലേന്ന് നോബി ഫോണ്‍ വിളിച്ച് ഷൈനിയോട് ''കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചൂടേ...'' എന്ന് ചോദിച്ചുവെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു. നോബി ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

ഇതിന് പുറമെ വിവിധ കാരണങ്ങളാല്‍ നിത്യേനെയുള്ള ആത്മഹത്യകള്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കുകയും ചെയ്യുന്നു. ഒരാള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഢനങ്ങളുടെ പേരില്‍ ഒന്നുമറിയാത്ത നിരപരാധികളും നിഷ്‌കളങ്കരുമായ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനുകള്‍ കൂടി ഹോമിക്കപ്പെടുന്നത് കൊലപാതകമാണ്, കൊടും ക്രൂരതയാണ്. നാളെ മാതൃകയായി നമ്മുടെ നാട്ടില്‍ വളര്‍ന്ന് വലുതായു സമൂഹത്തിന്റെ സ്വത്തായി ജീവിക്കേണ്ടവരെയാണ് ഒരു നിമിഷത്തെ വികാര വിക്ഷോഭത്തില്‍ തല്ലിക്കെടുത്തുന്നത്.

കേരളത്തില്‍ വര്‍ഷം തോറും കൂട്ടമായും അല്ലാതെയുമുള്ള ആത്മഹത്യകള്‍ കൂടിവരികയാണെന്ന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ആത്മഹത്യകളും കുടുംബ പ്രശ്നത്തിന്റെ പേരിലാണ്. ആത്മഹത്യയുടെ കാര്യത്തില്‍ കേരളം അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ അവിവാഹിതരില്‍ ആത്മഹത്യ കൂടുതലായി കാണുന്ന പ്രവണതയാണുള്ളത്. എന്നാല്‍ കേരളത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്-1,611. വയനാട്ടിലാണ് ഏറ്റവും കുറവ്-354.

സാധാരണഗതിയില്‍ വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, അമിത മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങള്‍ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, തൊഴില്‍ നഷ്ടപ്പെടുക, രോഗം, കുടുംബ പ്രശ്‌നങ്ങള്‍, മനുഷ്യ ബന്ധങ്ങളിലെ പാകപ്പിഴകള്‍, കലഹം, കുറ്റബോധം, പ്രണയനൈരാശ്യം, ബ്ലാക്‌മെയിലിങ്, പരീക്ഷയിലെ പരാജയം, അടുത്ത ബന്ധുവിന്റെ മരണം, ബലാത്സംഗം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകള്‍ക്കു പിന്നിലുണ്ട്.

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ തീവ്രമായ മാനസിക വേദനയും വിഷാദവും അനുഭവിക്കുന്നു. ഇത് പെട്ടെന്നുണ്ടാകുന്ന പ്രതിഭാസമല്ല. ചെറിയ വിഷാദത്തില്‍ തുടങ്ങി, കാലക്രമേണ അത് കൂടുതല്‍ തീവ്രമാകുന്നു. ഈ വിഷാദം ക്രമേണ ഗുരുതര മാനസികാവസ്ഥയിലേക്ക് വളരുകയും അവസാനം ആത്മഹത്യാ ചിന്തകള്‍ ഉണ്ടാവുകയും ചെയ്യുന്നു.

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മറ്റു പരിഹാരമാര്‍ഗങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് വിശ്വസിക്കുകയും ജീവിതത്തില്‍നിന്ന് രക്ഷപ്പെടുക എന്നതാണ് ഏക മാര്‍ഗമെന്ന് അവര്‍ കരുതുന്നു. നിസ്സഹായത, ഏകാന്തത, ഉയര്‍ന്ന തോതിലുള്ള അപകര്‍ഷബോധം, മൂല്യമില്ലായ്മ, സങ്കടം എന്നീ വികാരങ്ങള്‍ അവരെ അലട്ടുന്നു. നിരന്തര മാനസിക സമ്മര്‍ദം, വിഷാദരോഗം, ഉത്കണ്ഠ, കടുത്ത ലഹരി ഉപയോഗം തുടങ്ങിയവ ആത്മഹത്യയിലേക്ക് നയിക്കുന്നു.

ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരും വലിയ സമ്പത്തില്‍ ജീവിക്കുന്നവരും ഒരുപോലെ അത്മഹത്യയില്‍ അഭയം തേടുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തുക പ്രയാസമാണ്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിലുണ്ടാവുന്ന, പരിഹരിക്കാനോ അഭിമുകീകരിക്കാനോ കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന പ്രശ്‌നങ്ങളാവാം ആത്മഹത്യയുടെ കാരണം. എന്നാല്‍ അതിനേക്കാളൊക്കെ ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുടെ ചിന്തയില്‍ ആത്മഹത്യയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

ഒരു വ്യക്തി ജീവനൊടുക്കുമ്പോള്‍ ഇല്ലാതാവുന്നത് ആ ഒരാള്‍ മാത്രമല്ല. മരിച്ചയാളുമായി ബന്ധപ്പെട്ട ഓരോരുത്തരെയും ആ മരണം പലവിധത്തിലാണ് ബാധിക്കുക. ആത്മഹത്യ ചെയ്യുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു തീരാസങ്കടം നല്‍കിയാണ് കടന്നുപോകുന്നത്. ഒരു മുഴം കയറിലോ ഒരിറ്റ് വിഷത്തിലോ റെയില്‍വേ ട്രാക്കിലോ പുഴയിലോ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന അറ്റകൈ തീരുമാനങ്ങളെടുക്കുംമുമ്പ്, തങ്ങള്‍ നേരിടുന്ന വേദനയെക്കുറിച്ച് പറയാന്‍ ആ വ്യക്തികളും, അതു കേള്‍ക്കാനും പരിഹരിക്കാനും ഉറ്റവരും കൂടി തയ്യാറായാല്‍ വിലപ്പെട്ട ജീവനുകള്‍ പൊലിയാതെ കാത്തുസൂക്ഷിക്കാനാവും.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1056, 0471-2552056. ഇത് കേരള സര്‍ക്കാരിന്റെ ഒരു മുന്നറിയിപ്പാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക