'നതിംഗ് ബട്ട് ലൈഫ്' എന്ന ഇംഗ്ലീഷ് സിനിമയുടെ ഷൂട്ടിംഗിനു പോകുമ്പോള്‍ കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡ് എയര്‍പോര്‍ട്ടിന്‍റെ ലോബിയില്‍വച്ചാണ് ഞാന്‍ ട്രീസയെ ആദ്യമായി കാണുന്നത്. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അവളെത്തന്നെ ഞാന്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. പ്രായംകുറഞ്ഞ വേറെയും കോളേജ് പെണ്‍കുട്ടികളുടെ ഒരു സംഘമവിടെയുണ്ടായിരുന്നു. എങ്കിലും എന്‍റെ ശ്രദ്ധ മുഴുവനും പിടിച്ചുപറ്റിയത് ട്രീസയും അവളുടെ, ചുവപ്പിച്ച ചുരുണ്ട മുടിയുമായിരുന്നു. പിന്നെ, പല നിറങ്ങളടുക്കിയ പൂക്കളും ചെടികളുംനിറഞ്ഞ ഡിസൈനുള്ള ടോപ്പും അവിടവിടെ കീറിപ്പറിഞ്ഞ ന്യൂജെന്‍ ജീന്‍സും. ഒറ്റനോട്ടത്തില്‍ ഒരു കോമാളിയെന്നു തോന്നും. ഒന്നു പരിചയപ്പെടണമെന്ന വിചാരമുപേക്ഷിച്ചു.
നമ്മളൊക്കെ പല യാത്രകളിലായി ആരെയെല്ലാം പരിചയപ്പെടുന്നു! അതൊക്കെ അല്‍പ്പായുസ്സുകളായി അസ്തമിക്കുമെന്നാണനുഭവം. അതുകൊണ്ട്, ആകാംക്ഷകളൊക്കെ കൈവെടിഞ്ഞ്, ഞാന്‍ വിമാനങ്ങളുടെ പറക്കലുകളും നീക്കങ്ങളും കാണാന്‍പാകത്തിന് വലിയ ഗ്ലാസ്സ്ഡോറിനഭിമുഖമായിരുന്നു. അറിയാതെ ശ്രദ്ധ മുഖപുസ്തകത്തിലേക്കു തിരിഞ്ഞു. മറ്റുള്ള യാത്രക്കാരും മുഖങ്ങള്‍ മൊബൈല്‍ഫോണിലേക്കു കുമ്പിട്ടിരിക്കുകയാണ്. അവള്‍ മാത്രം ഏതോ പുസ്തകം തുറന്ന് അവളുടെ ലോകത്തില്‍ മുഴുകിയിരുന്നു.
ആല്‍ബുക്കര്‍ക്കിയിലേക്കുള്ള വിമാനം അന്ന് ഒരുമണിക്കൂര്‍ ലേറ്റായിരുന്നെന്നാണോര്‍മ.
കുറെനേരം സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മനസ്സു വീണ്ടും അവളിലേക്കുതന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. അവളില്‍നിന്നു സാംസ്കാരികമായും ശാരീരികമായും വളരെ ദൂരത്തു നില്‍ക്കുന്ന എനിക്ക് അവളെ പരിചയപ്പെടുന്നതില്‍ സാധുതയോ ആവശ്യകതയോ ഇല്ല. എങ്കിലും ആ വര്‍ണപ്രപഞ്ചത്തെ അറിയാനുള്ളൊരാകാംക്ഷ! ഇങ്ങനെ കളര്‍ഫുള്ളായ വസ്ത്രങ്ങള്‍ പ്രദര്‍ശനപരതയോടെ അണിയുന്നവര്‍ അതീവദുഃഖിതരായിരിക്കുമെന്ന് ഏതോ മനശ്ശാസ്ത്രജ്ഞന്‍റെ പുസ്തകത്തില്‍ വായിച്ചതോര്‍ത്തു. വിചിത്രമായ വസ്ത്രധാരണംതന്നെയാണിത്. എങ്കിലും ഒരു ഫാഷന്‍ഷോയില്‍ പങ്കെടുക്കുന്ന മോഡലിനെപ്പോലെയുള്ള മെലിഞ്ഞ ശരീരപ്രകൃതി ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു.
ചില സ്ത്രീകളങ്ങനെയാണ്. എത്ര ഒരുങ്ങിയില്ലെങ്കിലും കുപ്പയിലെ മാണിക്യംപോലെ തിളങ്ങും. കുറഞ്ഞത് ഒരു മുപ്പതു മുപ്പത്തിയഞ്ചെങ്കിലും വയസ്സു കാണുമെന്നു കണക്കുകൂട്ടി. അങ്ങനെ ഇടയ്ക്കിടെ അവളെയും ശ്രദ്ധിച്ചിരുന്നപ്പോഴാണ് എയര്‍പോര്‍ട്ട് അനൗണ്‍സ്മെന്‍റ് വന്നത്. ആല്‍ബുക്കര്‍ക്കിയിലേക്കുള്ള ഫ്ളൈറ്റില്‍ ബോര്‍ഡ് ചെയ്യാനാണ്. അതു കേട്ടപ്പോള്‍ത്തന്നെ അവള്‍ ആരെയും ഗൗനിക്കാതെ പുസ്തകം മടക്കി, ലഗേജുമുരുട്ടി ക്യൂവിലേക്കു നടന്നു. ഞാന്‍ അല്‍പ്പനേരംകൂടി അവിടെയിരുന്നിട്ടാണു കയറിയത്.
പിന്നീടാണ് അപ്രതീക്ഷിതമായി പലതും സംഭവിച്ചത്. ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതിന് ഒരു കാരണമുണ്ടാവുമെന്ന് അന്നാണെനിക്കു വിശ്വാസമായത്! ഫ്ളൈറ്റില്‍ കയറിയപ്പോള്‍, ദേ, അവളെന്‍റെ തൊട്ടടുത്ത സീറ്റില്‍! ലഗേജ് മുകളില്‍ വച്ചിട്ടു മുഖത്തു നോക്കിയപ്പോഴേക്കും അവള്‍ 'ഹായ്' എന്നുപറഞ്ഞു ചിരിച്ചു. അതില്‍നിന്ന് അവള്‍ ഫ്രണ്ട്ലിയാണെന്നും സംസാരിക്കാനിഷ്ടപ്പെടുന്നവളാണെന്നും ഞാനൂഹിച്ചു.
'ഹായ്, അയാം ആന്‍റണി തെക്കേക്ക്... യു കാന്‍ കാള്‍ മി ആന്‍റണി.'
'ഐ ആം ട്രീസ ട്രസ്സല്‍. നൈസ് റ്റു മീറ്റ് യു. വാട്ട് എ നൈസ് ലാസ്റ്റ് നെയിം... തെക്കേക്ക്!'
അവള്‍ ഒരു പ്രത്യേകട്യൂണില്‍ മുറിച്ചുമുറിച്ചു പറഞ്ഞു. അതൊക്കെയെങ്ങനെ വിശദീകരിക്കുമെന്നോര്‍ത്ത് ഞാന്‍ നിശ്ശബ്ദത പാലിച്ചു. അവള്‍ക്കു വിടാന്‍ പ്ലാനില്ല. ഉടന്‍ ചോദിച്ചു:
'വാട്ട് ഈസ് ദ മീനിംഗ്?'
അവളുടെ ചോദ്യം കേട്ടപ്പോള്‍ ഉള്ളിലൊന്നു പൊട്ടിച്ചിരിച്ചെങ്കിലും അതു പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിച്ചു.
അമേരിക്കയില്‍ വന്നപ്പോള്‍ ഒരു 'ലാസ്റ്റ് നെയിം' വേണമായിരുന്നു. അതുകൊണ്ടു വീട്ടുപേരുകൂടിച്ചേര്‍ത്തതാണ്. സായിപ്പിനു പറയാന്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ തെക്കേക്കൂറ്റ് ഒന്നു മുറിച്ചുണ്ടാക്കിയതാണ്, 'തെക്കേക്ക്!' അതൊക്കെ വെളുമ്പത്തിയോടു പറഞ്ഞിട്ടെന്തു കാര്യം! അതുകൊണ്ട്, 'സൗത്ത് പ്ലെയിസ്' എന്നു ഞാന്‍ പറഞ്ഞു.
'വൗ! വാട്ട് എ ഫന്‍റാസ്റ്റിക് മീനിംഗ്!'
വിമാനത്തിന് ഇടയ്ക്കു സ്റ്റോപ്പില്ലാത്തതിനാല്‍ അവളം ആല്‍ബുക്കര്‍ക്കിയിലെവിടെയോ ആണെന്നു മനസ്സിലായി. എങ്കിലും എങ്ങനെ തുടങ്ങണം, എന്തു പറയണമെന്നു ചിന്തിച്ചു. അപ്രതീക്ഷിതമായി അടുത്തുകിട്ടിയ അവസരമായതുകൊണ്ട് കാര്യങ്ങളൊക്കെ സാവകാശം ചോദിച്ചു മനസ്സിലാക്കാമെന്നു തീരുമാനിച്ചു. ആല്‍ബുക്കര്‍ക്കിവരെ മൂന്നു മണിക്കൂറിലധികമുണ്ട്. സ്ത്രീകളോട് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ പെട്ടെന്നുകയറി ചോദിച്ചാല്‍ ആകെ കുളമാകുമെന്നറിയാം. ഒന്നും മിണ്ടാതെ, സീറ്റ് പോക്കറ്റില്‍നിന്ന് ഒരു ട്രാവല്‍ മാഗസിനെടുത്ത്, വായിക്കുന്നുവെന്ന വ്യാജേന വെറുതെ പേജുകള്‍ മറിച്ചുകൊണ്ടിരുന്നു. അല്‍പ്പസമയത്തിനകം ടേക്കോഫ് ചെയ്യാനുള്ള അനൗണ്‍സ്മെന്‍റ് കേട്ടു. അധികം താമസിയാതെ വിമാനം മേഘങ്ങള്‍ക്കുമുകളിലേക്കു പറന്നു.
അവള്‍ ഉറങ്ങാനുള്ള പുറപ്പാടിലാണെന്നു മനസ്സിലായി. അതെങ്ങനെയെങ്കിലും തടയാനുള്ള കുതന്ത്രങ്ങളെപ്പറ്റിയാലോചിച്ചു! ആ സമയത്താണ് ബിവറേജ് കാര്‍ട്ടുമായി എയര്‍ഹോസ്റ്റസ് വന്നത്. ഞാനൊരു റെഡ്വൈന്‍ ഓര്‍ഡര്‍ ചെയ്തിട്ട്, അവള്‍ക്കും ഓഫര്‍ ചെയ്തു. അവള്‍ സന്തോഷപൂര്‍വം, 'യെസ്, ഒഫ്കോഴ്സ്' എന്നു പറഞ്ഞു. അതുപിന്നെ വെളുത്ത വര്‍ഗമല്ലേ! വൈന്‍ വേണോ എന്നു ചോദിച്ചാല്‍ വേണ്ടെന്നു പറയില്ലല്ലോ! ഞാന്‍തന്നെ ക്രെഡിറ്റ് കാര്‍ഡും കൊടുത്തു. അവള്‍ അത്ഭുതപരതന്ത്രയായി നന്ദി പറഞ്ഞു.
അവള്‍ കുപ്പിയില്‍നിന്നു ഗ്ലാസ്സിലേക്കു വൈന്‍ പകര്‍ന്നു. എന്നിട്ട് എനിക്കായി കാത്തിരുന്നു. ഞാന്‍ ഗ്ലാസ്സിലേക്കു വൈനൊഴിച്ചപ്പോള്‍, അവളാണ് ആദ്യം ചിയേഴ്സ് പറഞ്ഞത്.
'ആര്‍ യു ഫ്രം ഇന്ത്യ?'
'യെസ്. ഐ ആം ഫ്രം എ സ്മോള്‍ സതേണ്‍ സ്റ്റേറ്റ് കോള്‍ഡ് കേരള.'
'ഓക്കേ... കേരളാ... മലയാളം' എന്നു നീട്ടിപ്പറഞ്ഞിട്ട് എന്നോടൊരു ചോദ്യം:
'യു നോ ആമ?'
ആദ്യം ഞാനൊന്നു പകച്ചു. അപ്പോള്‍ കൈ കൂപ്പിക്കൊണ്ട് അവള്‍ രണ്ടു പ്രാവശ്യം 'ആമ... ആമ' എന്നു പറഞ്ഞു. അപ്പോഴാണു കാര്യം മനസ്സിലായത്. ഉടനെ ഞാന്‍ വ്യക്തമാക്കി:
'ആമയല്ല, അമ്മ. അമൃതാനന്ദമയി.'
അവള്‍ തലകുലുക്കി ഒന്നിളകിച്ചിരിച്ചു. ഉടന്‍തന്നെ ഞാന്‍ കിട്ടിയ തുറുപ്പുചീട്ടില്‍ കയറിപ്പിടിച്ചു:
'യു നോ, ഐ ആം ഫ്രം ദ സെയിം പ്ലെയ്സ് ഇന്‍ ഇന്ത്യ, സ്പീക് സെയിം ലാംഗ്വേജ്.'
അതു കേട്ടപാടെ, അവളെന്‍റെ കൈയില്‍ അമര്‍ത്തിയൊരു പിടി. പിന്നെ, തലകുനിച്ച് 'ഓ മൈ ഗോഡ്' എന്ന് ഉച്ചത്തിലൊരലര്‍ച്ച. അടുത്തിരുന്ന സായിപ്പുപോലും ഞെട്ടിപ്പോയി. അവള്‍ അവളുടെ ദൈവത്തിന്‍റെ നാട്ടുകാരനെ കണ്ടിട്ടാണെന്ന കാര്യം അയാള്‍ക്കറിയില്ലല്ലോ!
സത്യത്തില്‍ എനിക്കങ്ങനെ ആരിലും വിശ്വാസമില്ല. ഞാന്‍ അമ്മയെപ്പറ്റി കേട്ടിട്ടേയുള്ളു. പക്ഷേ അതവളോടു പറയേണ്ടെന്നു തീരുമാനിച്ചു. വീണുകിട്ടിയ വീണയല്ലേ, ഒന്നു നന്നായി മീട്ടിയേക്കാമെന്നു കരുതി! അമ്മയുടെ ഏറ്റവുമടുത്ത സ്വന്തക്കാരനായി അങ്ങഭിനയിച്ചു. ഇനിയിപ്പോള്‍ ബന്ധക്കാരനാണെന്നു പറഞ്ഞാലും അവള്‍ വിശ്വസിക്കുമെന്നുറപ്പായി.
തല കുനിച്ചതും ഞാനവളുടെ തലയില്‍ കൈവച്ചു. അവള്‍ താഴ്മയോടെ കണ്ണടച്ചു കുനിഞ്ഞികുന്നു. ഏതാനും നിമിഷം അങ്ങനെയിരുന്നപ്പോള്‍ ഞാനാലോചിച്ചത്, ഈ വെളുമ്പരിത്ര നിഷ്കളങ്കരാണോ എന്നാണ്! ചുമ്മാതല്ല ആള്‍ദൈവങ്ങളെല്ലാം അമേരിക്കയിലേക്കു നുഴഞ്ഞുകയറുന്നത്!
അവള്‍ കണ്ണു തുറന്നപ്പോള്‍ ഞാന്‍ വേറൊരു നമ്പറിട്ടു:
'ഐ നോ യു ഹാവ് എ ലോട്ട് ഓഫ് പ്രോബ്ലംസ് ഇന്‍ യുവര്‍ ലൈഫ് ട്രീസാ...'
ജീവിതത്തില്‍ പ്രശ്നങ്ങളില്ലാത്ത ആരെങ്കിലുമുണ്ടോ?! അതോര്‍ത്തുകൊണ്ട് ഞാന്‍ ചുമ്മാതെ തട്ടിവിട്ടതാണ്. സംഗതിയേറ്റു. അവള്‍ കണ്ണുതുടച്ചു പൊട്ടിക്കരയാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ ഗൗരവം വിടാതെ പിടിച്ചുനിന്നു. അപ്പോഴവള്‍ കഥ പറഞ്ഞുതുടങ്ങി. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അവളുടെ രണ്ടര വയസ്സുള്ള പെണ്‍കുട്ടി ഒരപകടത്തില്‍ മരണപ്പെട്ടു. ബാഗില്‍നിന്ന് അവളൊരു കൊച്ചു പെണ്‍കുട്ടിയുടെ ഫോട്ടെയെടുത്തു കാണിച്ചു. ആ സുന്ദരിക്കുട്ടി മരണപ്പെട്ടത് ഭര്‍ത്താവിന്‍റെ അശ്രദ്ധമൂലമാണത്രേ!
ഞാന്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചു. ഭര്‍ത്താവ് അബി ഒരു കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായിരുന്നു. ഒരിക്കല്‍ മോളെയുംകൊണ്ടു വര്‍ക്ക് സൈറ്റില്‍ പോയപ്പോഴായിരുന്നു അപകടം. കുഞ്ഞ് പിക്കപ്പ് ട്രക്കിനു വെളിയിലിറങ്ങി ഓടിക്കളിക്കുകയായിരുന്നു. അതറിയാതെ അയാള്‍ വണ്ടി പിന്നോട്ടെടുത്തപ്പോള്‍ ടയര്‍ കയറിയിറങ്ങി.
അതു കേട്ടപ്പോള്‍ ഞാനും വിഷമിച്ചുപോയി. ലോകത്തില്‍ ഒരമ്മപോലും അതു സഹിക്കുമെന്നു തോന്നുന്നില്ല. അതോടുകൂടി അവള്‍ അബിയില്‍നിന്നു വിവാഹമോചനം നേടി. ആറു വയസ്സുള്ള ആണ്‍കുട്ടിയുമായി പടിയിറങ്ങി. ഇപ്പോഴവള്‍ ബെര്‍ക്കിലി യൂണിവേഴ്സിറ്റിയില്‍ ജോലിയുള്ള ബോയ്ഫ്രണ്ടിനെ കാണാന്‍ വന്നതാണത്രേ! അതു കേട്ടപ്പോള്‍ ചെറുതായൊന്നു ഞെട്ടി. ആള്‍ ഫ്രീയല്ല! പുതിയ ബോയ്ഫ്രണ്ടിനെക്കാണാന്‍ ഇത്രദൂരം വരണമെങ്കില്‍ അവനൊരു ഒന്നൊന്നര ഫ്രണ്ടായിരിക്കും!
ഇതൊക്കെ പറയുമ്പോളും അവള്‍ വിതുമ്പിക്കരയുകയായിരുന്നു. ഒരേയൊരു മകനുള്ളതു മിഡില്‍ സ്കൂളില്‍ പഠിക്കുകയാണ്.
ഈ കണ്ടുമുട്ടലിനുശേഷം അവള്‍ മൂവിയുടെ ലൊക്കേഷനില്‍ വരികയും ജീവിതത്തെപ്പറ്റി ഒരുപാടു സംസാരിക്കുകയും ചെയ്തു. ഇന്ത്യയിലേക്കു വരണമെന്നും അമ്മയുടെ ആശ്രമത്തില്‍ പോകണമെന്നുമൊക്കെ നിര്‍ബന്ധം പിടിച്ചിരുന്നു. അതിനെയൊന്നും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെ ഒറ്റയ്ക്കുള്ള യാത്രകളൊന്നും സുരക്ഷിതമല്ലെന്നുപറഞ്ഞു പിന്തിരിപ്പിച്ചു. അതായിരുന്നു ശരിയെന്നു പിന്നീടു മനസ്സിലാവുകയും ചെയ്തു. അമ്മയുടെ ആശ്രമത്തില്‍നിന്നു രക്ഷപ്പെട്ടു പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ്വെല്ലിനെപ്പറ്റിയൊക്കെ പിന്നീടവളറിഞ്ഞിരിക്കണം. അതുകൊണ്ട് അവളുടെ യാത്രകളധികവും നേപ്പാളിലെ പാവങ്ങളുടെയിടയിലേക്കായിരുന്നു. ഇപ്പോഴുമതു തുടരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അന്നത്തെ യാത്രയില്‍ അപ്രതീക്ഷിതമായുണ്ടായ ആ അനുഭവം വല്ലാത്തൊരു മാനസികാഘാതമായിരുന്നു. ആ കൊച്ചുസുന്ദരിയുടെ മരണമിനി എന്‍റെ ജീവിതത്തെയും വേട്ടയാടിക്കൊണ്ടിരിക്കും. അതങ്ങനെയാണ്. പരിചയങ്ങള്‍ കൂടുന്തോറും പ്രശ്നങ്ങളും കൂടൂം. പലപ്പോഴും അവരുടെ പ്രശ്നങ്ങള്‍ നമ്മുടേതുകൂടിയാകും.
ന്യൂ മെക്സിക്കോയില്‍ വരുമ്പോള്‍ മിക്കപ്പോഴും അവള്‍ വിളിക്കാറുണ്ട്. എന്‍റെകൂടെ ഇന്ത്യയിലേക്കൊന്നു വരണമെന്നതാണ് ഇനിയുള്ള ഏകസ്വപ്നമെന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഒറ്റയ്ക്കാണു താമസവും യാത്രകളുമൊക്കെ. ഏകമകന്‍റെ പഠിത്തമൊക്കെക്കഴിഞ്ഞു ജോലിയായി. അവള്‍ എല്ലാ ബന്ധങ്ങളുമുപേക്ഷിച്ചു ഭൂട്ടാനിലും ബര്‍മ്മയിലും ആഫ്രിക്കയിലുമൊക്കെയുള്ള പാവങ്ങളുടെയിടയില്‍ കര്‍മ്മനിരതയാണ്. ഞാനും ഇടയ്ക്കിടെ ചെറിയ സംഭാവനകള്‍ കൊടുക്കാറുണ്ട്. നമ്മുടെ തിരക്കുകള്‍ക്കിടയില്‍ അത്രയൊക്കെയല്ലേ നമുക്കു ചെയ്യാന്‍ പറ്റൂ!
നമ്മുടെയൊക്കെ ഹ്രസ്വജീവിതത്തിലെ യാദൃച്ഛികതകളിലൊന്നായിരുന്നു ആ യാത്രയും കണ്ടുമുട്ടലുമെന്നു തോന്നുന്നു.
19. പൊക: പൊതുജനം കഴുത!
'പൊ ക' എന്നാല്‍ പൊളിറ്റിക്കല്‍ കറക്ട്നസ്സ് എന്നാണ് നടന്‍ രമേഷ് പിഷാരടി വിശേഷിപ്പിച്ചതെങ്കിലും 'പൊതുജനം കഴുത' എന്ന വിപുലീകരണമാണ് ശരിയെന്നു തോന്നുന്നു.അത്രയ്ക്ക് അസഹനീയമായിരുന്നു, ബ്രഹ്മപുരത്തെ പുക!
പുകയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍, കൊച്ചിയിലെ പുകയെപ്പറ്റി ഒന്നുമെഴുതിയില്ലല്ലോ എന്നു ചോദിച്ചുകൊണ്ട് എനിക്കും മെസ്സേജുകള്‍ വന്നിരുന്നു. എന്തായാലും അനുഭവിക്കുന്നവരുടെ വിഷമകള്‍ അതേ തീവ്രതയോടെ പുറത്തുനിന്നു കേള്‍ക്കുന്നവര്‍ക്കുണ്ടാകില്ല. അനുഭവിച്ചതധികവും വീട്ടില്‍ ഏ സി യോ ഫാന്‍ പോലുമോ ഇല്ലാത്ത സാധാരണക്കാരായിരുന്നു. അവരും എല്ലാവരെയുംപോലെ നികുതി കൊടുക്കുന്നവരാണ്. പണമുള്ളവര്‍ക്ക് മറ്റു നഗരങ്ങളിലേക്കോ സ്വന്തക്കാരുടെ വീടുകളിലേക്കോ കുറച്ചുനാളത്തെക്കെങ്കിലും മാറിനില്‍ക്കാന്‍ സാധിക്കും. അല്ലാത്തവരെന്തുചെയ്യും!
'പണ്ടേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണിയും' എന്നു പറഞ്ഞതുപോലെ, അതികഠിനമായ ചൂടുണ്ടായതാണ് മറ്റൊരു ദുരന്തം. ചൂടൊരു പ്രകൃതിദുരന്തമാണെങ്കില്‍,പുകമലിനീകരണം മാറിമാറി നമ്മെ ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍തന്നെയാണ്. അതിന് 'പൊളിറ്റിക്കല്‍ കറക്ട്നസ്സ്' ഉണ്ടാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അഴിമതിയെ തുടച്ചുമാറ്റുക എന്ന പ്രക്രിയകൂടി അതിലുള്‍പ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
തീയുള്ളിടത്തേ പുകയുണ്ടാകൂ എന്നതു പഴമൊഴി. ഇവിടത്തെ തീയും പുകയും മനുഷ്യനിര്‍മിതമാണെന്ന വ്യത്യാസമുണ്ട്. വീണ്ടും പുകയുണ്ടാകാതിരിക്കാനുള്ള വഴികളാണ് ഇനി സ്വീകരിക്കേണ്ടത്. വികസിതരാജ്യങ്ങളില്‍,എങ്ങനെയാണ് ഓരോ നഗരത്തിലെയും മാലിന്യസംസ്കരണസംവിധാനം പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കാന്‍, ഒന്നു ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ മതിയാകും. കഴിഞ്ഞ എഴുപത്തഞ്ചിലധികം വര്‍ഷങ്ങളായി അവിടങ്ങളില്‍ വിജയകരമായി നടപ്പാക്കിവരുന്നതാണ് ഈ പദ്ധതികള്‍. ഈ ഡിജിറ്റല്‍ യുഗത്തില്‍ അവ മനസ്സിലാക്കാന്‍ അവിടെയൊക്കെപ്പോയി നേരിട്ടു കണ്ടുപഠിക്കേണ്ടതില്ല. വീഴ്ചകള്‍ ഇവിടെ അക്കമിട്ടുനിരത്തുന്നില്ല. അതെല്ലാം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ തലയില്‍വച്ച് ജനങ്ങളെ കബളിപ്പിക്കാമെന്ന് ആരും കരുതേണ്ട. നാടിന്‍റെ നന്‍മയ്ക്കായി എല്ലാ ജനങ്ങളും പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണം. ഒത്തുപിടിച്ചാല്‍ പോരാത്ത ഒരു മലയുമില്ല. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ അതിനുമാത്രമേ നേരം കാണുകയുള്ളു.
എന്തുതന്നെയായാലും ബ്രഹ്മപുരം പ്ലാന്‍റില്‍നിന്നു വരുന്ന പുകയെ നിസ്സാരമായി കാണരുത്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന ബോധ്യമുണ്ടായിരിക്കണം; പൗരന്‍മാരെ ബോധവാന്‍മാരാക്കുകയും വേണം. ഇത്തരം ദുരന്തങ്ങള്‍ ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം.
ഇതുപോലെതന്നെയാണ് എക്സ്പ്രസ്സ് ഹൈവേയുടെ കാര്യവും. ഓരോ ലൈന്‍ കൂട്ടുമ്പോഴും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധജാഥകളാണ്. അപ്പോള്‍പ്പിന്നെ പുതിയ തലമുറ നാടുവിടുന്നതിനെപ്പറ്റി പരിതപിച്ചിട്ടു കാര്യമില്ല. അവരൊക്കെ തിരിച്ചുവരാത്തത് അവരുടെ മക്കളെങ്കിലും ശുദ്ധവായു ശ്വസിച്ചു ജീവിക്കട്ടെയെന്നു വിചാരിച്ചായിരിക്കാം. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.
അവസാനം, കേരളത്തില്‍ ലൈന്‍ ട്രാഫിക് വരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഇനി, അതെങ്ങനെ നടപ്പാക്കും എന്നതാണു പ്രധാനപ്രശ്നം. ഇപ്പോള്‍ നടക്കുന്നതു ബോധവല്‍ക്കരണമാണ്. കുറഞ്ഞപക്ഷം, കാല്‍നടക്കാര്‍ക്കു സുരക്ഷിതരായി വഴി മുറിച്ചുകടക്കാവുന്ന വിധത്തില്‍,സീബ്രാലൈനിലെങ്കിലും വണ്ടി നിര്‍ത്തിക്കൊടുത്താല്‍ മതിയായിരുന്നു.
എല്ലാറ്റിനും തമ്മില്‍ത്തമ്മില്‍ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയക്കാര്‍; എല്ലാം സഹിക്കുന്ന പൊതുജനം! 'പൊതുജനം കഴുത'യാണെന്ന പഴഞ്ചൊല്ലു പതിരാക്കാന്‍ അവരിഷ്ടപ്പെടുന്നില്ല. ആ കഴുത ആരുടെ പക്ഷത്താണെന്നാണ് ഇനിയറിയേണ്ടത്!