Image

മോഹം ( കവിത : ഗീതാഞ്ജലി )

Published on 18 April, 2025
മോഹം ( കവിത : ഗീതാഞ്ജലി )

അമ്മിഞ്ഞപ്പാലിനായ് കരയുന്ന പ്രായത്തിൽ
അമ്മതന്നോമനമുഖം കാണാൻ മോഹം

പിച്ചവച്ചുനടക്കുന്ന പ്രായത്തിൽ
പിച്ചകപ്പൂക്കൾ പെറുക്കുവാൻ മോഹം!

അക്ഷരക്കുഞ്ഞുങ്ങളരങ്ങേറ്റം കുറിച്ചപ്പോൾ
എൻ സ്ലേറ്റിനുമോഹമതിൻവേദിയാവാൻ

കൂട്ടരോടൊത്തൊന്നു നൃത്തംചവിട്ടുമ്പോൾ
കൂടെച്ചേർന്നുതുള്ളാൻ ചിലങ്കയ്ക്കു മോഹം!

തൊടിയിലെ പൂക്കളെയുമ്മവച്ചിടുമ്പോൾ
തുമ്പിയായ് പാറിപ്പറക്കുവാൻ മോഹം!

മാവു തളിർക്കുമ്പോൾ മാമ്പൂക്കൾ വിരിയുമ്പോൾ
മോഹമുദിക്കുന്നു മാമ്പഴക്കൊതി തീർക്കാൻ

വാനിലാദിത്യൻ പാൽ തിളപ്പിച്ചിടുമ്പോൾ
വെൺമേഘമായിത്തൂകുവാൻ മോഹം!

തൊട്ടപ്പോൾ പിണങ്ങിയ തൊട്ടാവാടിയെ
തൊട്ടൊന്നുണർത്തുവാനതിയായ മോഹം
കാവ്യത്തിൻമാധുര്യം നിറയുമ്പോഴെൻചിത്തം
കാട്ടുമൈനയായ് പാടുവാൻ മോഹം!

ഒരു പൂവായ് സ്വാദൂറുംപൂന്തേൻ നിറച്ചെന്നിൽ
ഒരു വർണ്ണശലഭത്തെ ഊട്ടുവാൻ മോഹം!

ഒരു സുന്ദരസ്വപ്നത്തിൻചിറകിലേറി മെല്ലേ
ഒരു കുഞ്ഞുതാരമായിച്ചിരിതൂവാൻ മോഹം!

വിദ്യതൻ പടവുകൾ ചവിട്ടിക്കയറുമ്പോൾ
വിജ്ഞാനമാരിയിൽ നനയുവാൻ മോഹം!

അനന്തമാം സാഹിത്യ വർണ്ണപ്രപഞ്ചത്തിൽ
അക്ഷര പ്രേമിയായ് പറക്കുവാൻ മോഹം!

ഉലകത്തിലനീതിതൻ ചാട്ടുളി വീശുമ്പോൾ
ഉടവാളായി തൂലികയെത്തീർക്കുവാൻ മോഹം!

മോഹത്തിൻ പല്ലക്കിലേറിയലയുവാൻ
മോഹമുദിക്കുന്നതതിമോഹമെന്നറികിലും!
 

Join WhatsApp News
Subash George 2025-04-18 04:01:41
വളരെ ലളിതമായി അവതരിപ്പിച്ച സുന്ദര മോഹന സ്വപ്നം. 👍👍❤️❤️
തങ്കമ്മ സുഭാഷ് 2025-04-18 04:10:02
ലളിത സുന്ദരമായ കവിത!മോഹങ്ങൾ പൂവണിയട്ടെ. അഭിനന്ദനങ്ങൾ 👍🌹❤️🙏
Joy Guruvayoor 2025-04-18 05:09:50
Very nice
രാജ് ചള്ളിയിൽ കോട്ടയം 2025-04-18 13:44:49
അനന്തമാംസാഹിത്യ പ്രപഞ്ചത്തിൽ മോഹങ്ങൾ പറന്നുയരട്ടെ! അഭിനന്ദനങ്ങൾ
Jayasankar Sankaranarayanan 2025-04-18 14:20:33
Very Beautiful
Sajith 2025-04-20 08:41:54
മനോഹരം ❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക