Image

കുരിശുകൾ (കഥ : പുഷ്പമ്മ ചാണ്ടി, ചെന്നൈ)

Published on 18 April, 2025
കുരിശുകൾ (കഥ : പുഷ്പമ്മ ചാണ്ടി, ചെന്നൈ)

രാവിലെ പള്ളിയിൽ പോയി തിരിച്ചു പോകുന്ന വഴിക്ക് അമ്മയുടെ അനുജത്തി വീട്ടിലേക്കു വന്നു .

അടുക്കളയിൽ അമ്മ കുഞ്ഞാന്റിക്ക് കാപ്പി എടുക്കുകയാണ് . അവർ തമ്മിലുള്ള സംഭാഷണം കാതിൽ വീണു .
" എന്നാലും എന്റെ വല്യേച്ചി , ഡിവോഴ്സ് ആയതൊക്കെ ശരി. മനസ്സിലാകും , അവളെന്തിനാ ആ മിന്നെടുത്തു നേർച്ചപ്പെട്ടിയിൽ ഇട്ടത് .
ഇന്നലെ പേരമ്മ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ചൂളിപ്പോയി. "

എന്റെ കാര്യമോർത്തിട്ട് ഇവരെന്തിനാ ചൂളുന്നത് .
അവരുടെ പുന്നാരമോൻ കുറെ നാളായി മുംബൈയിൽ കാട്ടിക്കൂട്ടുന്നതൊക്കെ കൂട്ടുകാർ പറഞ്ഞറിയാം . എന്നാലും വല്ലവരുടെയും കാര്യത്തിൽ എന്താ ഒരു ശുഷ്‌കാന്തി.

" ഇപ്പോഴത്തെ പിള്ളേരുടെ കാര്യം എന്ത് പറയാനാ.. " 'അമ്മ കാപ്പി കുഞ്ഞാന്റിയുടെ കൈയ്യിൽ കൊടുത്തിട്ടു പതിവുപോലെ നെടുവീർപ്പിട്ടു. "

" ഇനി എന്താ അവളുടെ അടുത്ത പ്ലാൻ .. ?"

" തത്കാലം ഒന്നുമില്ല , ഇവിടെ അടുത്തൊരു സ്കൂളിൽ ജോലി ആയിട്ടിട്ടുണ്ട് . കുറച്ചു നാൾ അങ്ങനെ പോകട്ടെ .. "

" അവനു വേറെ കല്യാണം ആയെന്നു കേട്ടു , നേരാണോ ? "

അത് കേട്ടപ്പോൾ , തലയിൽ ഒരു കൊള്ളിയാൻ മിന്നി .
ഇത്ര പെട്ടെന്നോ... ? മനുഷ്യർക്കു എങ്ങനെയാണ്  എല്ലാം മറക്കാൻ ഇത്ര വേഗം സാധിക്കുന്നത്... ?

ജീവിച്ചാൽ ഒന്നിച്ച് , മരിച്ചാലും അങ്ങനെ തന്നെ . 
മനുഷ്യർ വാക്കു തെറ്റിച്ചു .
ഉപേക്ഷിച്ച മറ്റു മനുഷ്യരെ കണ്ടിട്ടുണ്ടോ ? അവരെ സംബന്ധിച്ചിടത്തോളം ഉയിർത്തെഴുന്നേൽപ്പ് അത്ര എളുപ്പമല്ല . മൂന്നാം ദിവസം 
ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റു വാങ്ങിയ യേശു ക്രിസ്തുവിന്‍റെ 
ഉയിർത്തെഴുന്നേൽപ്പ് പോലെ .

ചിന്തയിൽ ആണ്ടുപോയതുകൊണ്ട് അമ്മ എന്താണ് അതിനുത്തരം കൊടുത്തതെന്ന് കേട്ടില്ല .

കാപ്പിയും കൈയ്യിൽ പിടിച്ചു കുഞ്ഞാന്റി മുറിയിലേക്ക് കയറിവന്നു .

" ഇവിടെ സ്കൂളിൽ കയറുകയാണ് അല്ലേ.. ? "

" കുറച്ചു നാളത്തേക്ക് "
" അത് കഴിഞ്ഞോ ? "

" ഒന്നും തീരുമാനിച്ചില്ല , പാതി വഴിയിൽ നിർത്തിയ റിസർച്ച് തുടരണം.. "

" അല്ല ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് . നിനക്ക് മിന്നു വേണ്ടെങ്കിൽ വേണ്ട. ഒരു ചെറിയ കുരിശെങ്കിലും ഈ മാലയുടെ അറ്റത്തു ഇട്ടുകൂടെ.. ? "

" കുരിശോ.. ? "

" വേണമെങ്കിൽ , ചെറിയ ഡയമണ്ട് വെച്ചതൊരെണ്ണം ഞാൻ വാങ്ങിത്തരാം.. "

" ഒരു മരക്കുരിശ് എന്നെ വിട്ടു പോയതേയുള്ളു . ഇനി ഞാൻ വേറൊരു കുരിശു കഴുത്തിൽ ഇടണോ .. ? "

" ഈശോയെ ഈ പെണ്ണ് എന്താ ഈ പറയുന്നത് ...? വല്യേച്ചി നീ കേട്ടോ , നിന്റെ മകളുടെ ഉത്തരം.. "

" അല്ല കുഞ്ഞാന്റി , മിന്നിനു പകരം കുരിശു മതിയോ .. ? അല്ല നിങ്ങൾക്ക് ഒക്കെ എന്തിന്റെ കേടാണ്... ? 
എന്നെ എങ്ങനെയെങ്കിലും കുരിശു ചുമപ്പിക്കണം . സമയം ആകുമ്പോൾ , കുരിശിനു പകരം  എനിക്ക് മറ്റൊരു മിന്ന് ആരെങ്കിലും തരും . അതിനുള്ള നേരമായില്ല , ഇപ്പോൾ ഞാൻ ഒന്ന് നേരെ നിൽക്കട്ടെ.. "

അമ്മയും കുഞ്ഞാന്റിയും പറഞ്ഞതൊന്നും കേൾക്കാൻ തോന്നിയില്ല .
കുറെ വർഷം ചുമന്ന കുരിശ് , തോളിൽ അല്ല അതിന്റെ പാടുകൾ ... മനസ്സിലാണ് .
അത് അത്രപെട്ടെന്ന് മാഞ്ഞു പോകില്ല .
വഞ്ചനയുടെ മൂടുപടമണിഞ്ഞൊരാൾ .
വീണ്ടുമൊരു ജന്മം തേടി ശൂന്യതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴും മനസ്സിൽ പറഞ്ഞു.
" അതെ ഞാനും ഉയിർത്തെഴുനേൽക്കും.. "

ഈ പെസഹയും ദുഃഖവെള്ളിയുമൊക്കെ ഒന്നു കഴിഞ്ഞോട്ടെ..
ഞായറാഴ്ച മൂന്നാം നാളാണ്.
അന്ന് എന്റെയും ഉയിർപ്പു പെരുന്നാൾ ആഘോഷിക്കപ്പെടും...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക