Image

ദിവ്യബലി (കവിത : ഷൈലാ ബാബു)

Published on 18 April, 2025
ദിവ്യബലി (കവിത : ഷൈലാ ബാബു)

മർത്ത്യപാപക്കറകൾ നീക്കാൻ
കാൽവറിയിൽ യാഗമായ്
ദൈവപുത്രനേശു മിശിഹാ
മോക്ഷമാർഗ ദീപമായ്!

മുൾമുടി തറച്ചു നീചർ
തരുവിൽ തൂക്കി ദിവ്യനെ
നിണമൊഴുക്കി കുരിശിലായ്
പഞ്ചക്ഷതമേറ്റവൻ!

സ്വന്ത രുധിര മേനിയല്ലോ
അപ്പവീഞ്ഞിൻ രൂപത്തിൽ
ആത്മ പോഷണത്തിനായ്
നൽകി പാവനാത്മനും!

പ്രാണനെന്ന മറുവിലയ്ക്കാ-
യെന്നെ വീണ്ടെടുത്തവൻ;
തൻ സവിധേ ചേർത്തണച്ചു
ശുദ്ധമാക്കിയുൾത്തടം!

അനന്ത സ്നേഹനന്മകൾ
അവഗണിച്ചു സന്തതം
പാപസാഗരത്തിലായ്
നീന്തി ഞാൻ നിരന്തരം!

തേടി വന്നു കാരുണ്യം
തേജസ്സേറും റൂഹായാൽ
സ്വർഗരാജ്യപ്രാപ്തിക്കായ്
വചനമാരി പെയ്തവൻ!

നരകവാരിധി നടുവിൽ
കോരിയെടുത്തെന്നെയും
ശാപമോക്ഷലബ്ധിയേകി
തള്ളിടാതെ വാത്സല്യം!

കയ്പുനീരിൻ പാനപാത്ര-
മഖിലം പാനം ചെയ്തവൻ
താതഹിതം നിർവഹിക്കാൻ
ജീവബലിയായവൻ!

മൃതിയടഞ്ഞ മാനവർക്ക്
മോചന പ്രസംഗമായ്
മൂന്നു നാൾ മറഞ്ഞിരുന്നു
നൽ പ്രതീക്ഷാ നാളമായ്!

സത്യധർമസരണിയിൽ
കൊടിയുയർത്തി മന്നവൻ
മരണ ദൂതനെ ജയിച്ച്
പുനരുദ്ധാനം ചെയ്തവൻ!

നിൻ തിരുമുറിവുകൾ
മുത്തുവാൻ, തഴുകിടാൻ;
അനുവദിച്ചനുഗ്രഹിച്ചു
ചേർത്തുകൊൾക നാഥനേ...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക