Image

ഓർമ്മകളിൽ വെന്ത പെസഹാ അപ്പം (മിനി വിശ്വനാഥന്‍)

Published on 18 April, 2025
ഓർമ്മകളിൽ വെന്ത പെസഹാ അപ്പം (മിനി വിശ്വനാഥന്‍)

"ഉയിർപ്പ് പെരുന്നാളിന് താറാവ് മപ്പാസ് കഴിക്കണമെങ്കിൽ പെസഹവ്യാഴത്തിന് മുന്നേ അകവും പുറവും വൃത്തിയാക്കണം. മനസ്സീന്നും വീട്ടിന്നും എല്ലാ അഴുക്കുകളും കളയണം. പുളിക്കാത്ത അപ്പം ഉണ്ടാക്കണം, വെള്ളം ചേർക്കാതെ മയത്തിലരച്ച ഉഴുന്നും അരിപ്പാടീം ജീരകവും വെളളുള്ളിയും എല്ലാം പാകത്തിന് ചേരണം, പണ്ട് നാട്ടിൽ അമ്മച്ചി ഉണ്ടാക്കുന്ന പുളിക്കാത്ത അപ്പത്തിനും പാലിനും എന്തൊരു രുചിയായിരുന്നു ! അന്ന് കാലത്ത് അമ്മച്ചിമാര് ഓരോന്നും മനസ്സ് കൊണ്ടാ ഉണ്ടാക്കിയിരുന്നത്, അതിൻ്റെയൊരു രുചി എല്ലാത്തിനും ഉണ്ടായിരുന്നെന്നും കൂട്ടിക്കോ"!

പെസഹ വ്യാഴത്തിൻ്റെ രണ്ട് ദിവസം മുന്നേ തന്നെ ഞങ്ങളുടെ അമ്മച്ചി തൻ്റെ കോളാമ്പി തുറന്ന് വെക്കും. എന്നിട്ട് ആജ്ഞകളും ഓർമ്മകളും ഇടവിട്ട് നിരത്തി അടുക്കളയിലും പുറത്തും ഓടി നടക്കും. അരക്കലും പൊടിക്കലും തേങ്ങ തിരുച്ചലും പാകം തെറ്റാതെ ചേരുവകൾ ചേർക്കലും ആയി മൂപ്പരങ്ങ് ആറാടും. ഞങ്ങൾ 
കൈ സഹായത്തിന് ഇടം വലം  നിൽക്കണം. എന്നാൽ ഞങ്ങളെ ഒന്നിലും തൊടീക്കില്ല. ഒറിജനൽ കൃസ്ത്യാനിയായി പിറന്ന തൻ്റെ മകളെ ശാസിച്ചും ഭീഷണിപ്പെടുത്തിയും ചേരുവ കൂട്ടുന്നത് നോക്കി പഠിക്കാൻ നിർബദ്ധിക്കും.

"എൻ്റെ അമ്മച്ചിയുടേന്നാ ഇതൊക്കെ ഉണ്ടാക്കാൻ ഞാൻ പഠിച്ചത്, നീയും ഇതൊക്കെ കണ്ട് പഠിച്ച് നിൻ്റെ കൊച്ചുങ്ങൾക്കും കൊച്ച് മക്കൾക്കും ഉണ്ടാക്കിക്കൊടുക്കണം" എനിക്കിനിയെത്ര കാലമാണെന്നറിയില്ലല്ലോ" എന്ന് സെൻ്റിമെൻ്റ്സ് പുറത്തെടുക്കുമ്പോൾ ലീന പരിഹസിച്ച് ചിരിക്കും. "എൻ്റെ മമ്മീ, മമ്മി ഈ അടുത്ത കാലത്തൊന്നും എങ്ങോട്ടും പോവാൻ പോവുന്നില്ല. യേശുപ്പാപ്പന് അവിടെ ഇത്തിരി സൗര്യം ഒക്കെ വേണമെന്ന് ആശ കാണില്ലേ അത് കൊണ്ട് മമ്മിയെ അങ്ങോട്ട് വിളിക്കുകയേയില്ല" !!
ഇത് കേൾക്കുമ്പോൾ അമ്മച്ചി കോപം കൊണ്ട് വിറക്കും, മൂക്കൊക്കെ ചുവന്നു വരും. നിന്നെ പെറുന്നതിന് പകരം ഇതിനെപ്പെറ്റാൽ മതിയായിരുന്നു , നാട്ടിലെ വീട് ഞാനിവൾക്ക് കൊടുക്കും" എന്ന് പറഞ്ഞ് എന്നെ ചേർത്ത് പിടിക്കും.

അമ്മച്ചിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്വത്ത് നാട്ടിലെ രണ്ട് നില വീടാണ്. താഴെയും മീതെയും  രണ്ട് രണ്ട് അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ള മുട്ടൻ വീട്. വടക്ക് പുറത്ത് ഒരു ആഞ്ഞിലിപ്ലാവും പടിഞ്ഞാറ് ഭാഗത്ത് വലിയ ഒരു സബർജെല്ലി മരവുമുള്ള ആ വീട്ടിൽ നിറയെ തണുത്ത കാറ്റാണ്. ആ വീട്ടിലെ അടുക്കളയിൽ ചുറ്റോട് ചുറ്റും സ്ലാബുകൾ വാർത്തിട്ടുണ്ട്. ഓടി നടന്ന് പണിയെടുക്കാൻ സൗകര്യമുണ്ട്. കേക്കുണ്ടാക്കാൻ പ്രത്യേകമായി ഒരു ബോർമ്മപ്പുരയുണ്ട്.. 
ആ വീടിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ അമ്മച്ചി നിർത്തില്ല. സ്വന്തം അപ്പനും അമ്മയും തന്നിട്ട് പോയ മരങ്ങളും ചെടികളും നിറഞ്ഞ ഭൂമിയാണെന്നും പക്ഷേ ആ വീട് മൊത്തം അപ്പച്ചൻ്റെ അദ്ധ്വാനമാണെന്നും അഭിമാനിക്കും.

വീടിനെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് മൂഡ് നന്നായ അമ്മച്ചി 
ഇവിടത്തെ പള്ളിയിലച്ചനോട് പ്രത്യേകം പറഞ്ഞ് കൈവശമാക്കിയ ഓലക്കീറ് ഒരു നിധിയെന്ന പോലെ അപ്പത്തിന് മുകളിൽ കുരിശു രൂപത്തിൽ വെച്ച് അടുപ്പിൽ കയറും. അത് വെന്ത് വരുന്നത് വരെ കൊന്ത ചൊല്ലി പ്രാർത്ഥിച്ച് തുടങ്ങും. "നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി, കർത്താവ് അങ്ങയോട് കൂടി, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു" എന്നിങ്ങനെ ചൊല്ലി നടക്കുന്നതിനിടയിൽ അപ്പച്ചൻ "എടിയേ അക്കാലത്ത് അവിടെയൊക്കെ ജീരകവും ഉഴുന്നും തേങ്ങയുമൊക്കെ ഉണ്ടായിരുന്നോ, ഇമ്മാതിരി പുളിക്കാത്ത അപ്പം ഉണ്ടാക്കാൻ " എന്നൊരു കുനുഷ്ട് ചോദ്യവുമായി തുടങ്ങും. "തിരക്ക് പിടിച്ച് ഓടിപ്പോവുന്നതിനിടയിൽ ഉഴുന്നരക്കാനൊക്കെ അവർക്ക് സമയം ഉണ്ടായിരുന്നോ എന്തോ" എന്ന് കുത്തി നോവിക്കും. "ആ നാട്ടിൽ അന്ന് അരിപ്പൊടി എവിടെ നിന്ന് കിട്ടാനാ"  എന്ന് കൈമലർത്തും. "യേശുവിൻ്റെ അവസാനത്തെ അത്താഴത്തിന് തിടുക്കപ്പെട്ട് ഉണ്ടാക്കിയതാണെങ്കിലും അപ്പച്ചൻ്റെ ചോദ്യം പ്രസക്തമാണെന്ന്" ലീന തർക്കപ്പടക്കപ്പുരക്ക് തീ കൊളുത്തും.

അവരോട് ഒന്നു മിണ്ടാണ്ടിരിക്കാൻ കണ്ണ് കാട്ടി ഞാൻ മദ്ധ്യസ്ഥയാവും. അമ്മച്ചി പ്രകോപിതയായാൽ ശരിക്കുമവിടെ യുദ്ധം നടക്കും. പുളിക്കാത്ത അപ്പത്തിൻ്റെ ചരിത്രം മുഴുവൻ എപ്പിസോഡുകളായി അവതരിക്കും. ചിലപ്പോൾ കണ്ണു നിറച്ചെന്നും വരും!

അപ്പോഴേക്കും അപ്പം വെന്തമണം ഫ്ലാറ്റിനു ചുറ്റും പറന്ന് തുടങ്ങിയിട്ടുണ്ടാവും. ശർക്കരപ്പാനിയും പാലും ചേർത്ത് വേണം അപ്പം കഴിക്കാനെന്ന് അപ്പച്ചൻ കൊതി വെക്കും. തൻ്റെ അമ്മയുണ്ടാക്കുന്ന അപ്പത്തിന് നല്ല രുചിയായിരുന്നെന്നും, പള്ളിയിൽ നിന്ന് വന്ന ഉടൻ എല്ലാരും ചുറ്റും കൂടി നിന്നാണ് അമ്മ അപ്പം മുറിക്കുകയെന്നും , ദു:ഖവെള്ളിയുടെ കടും പാനകവും വീട്ടിൽ ഉണ്ടാക്കുമായിരുന്നെന്നും അപ്പച്ചൻ സങ്കടപ്പെട്ടു ഓർമ്മകളിൽ കണ്ണു നിറക്കും.

അപ്പച്ചൻ്റെ അമ്മ സാധാരണ അമ്മായി അമ്മമാരെപ്പോലെയല്ല മനുഷ്യഗൊണമുള്ള ഒരു സ്ത്രീയാണെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്. അവരാണ് തന്നെ പോത്തുലർത്താനും പോർക്ക് വിന്താലു വെക്കാനും പഠിപ്പിച്ചതെന്നും, പുതുമോടിയിൽ ഫസ്റ്റ് ഷോക്ക് തള്ളിവിട്ടതെന്നും, ചെറുക്കനും പെണ്ണിനും ഇത്തിരി പ്രൈവസി കൊടുക്കാൻ തിടുക്കപ്പട്ടതെന്നും അമ്മച്ചി പറഞ്ഞെനിക്കറിയാം. പൈ പെറുന്നത് പോലെ പെറാനല്ല പെണ്ണുങ്ങൾ എന്നും, സന്തോഷമായി ജീവിക്കാനാണ് കർത്താവ് കൂട്ട് തരുന്നതെന്നും ആൺമക്കളെ ഉപദേശിക്കുന്ന ആ അമ്മയെ എനിക്കും ഇഷ്ടമായിരുന്നു.
അവരുടെ വീട്ടിലെ ഏറ്റവും വലിയ മുറി അടുക്കളയായിരുന്നെന്നും രണ്ട് വശത്തും അടുപ്പും പാതകവും ഉണ്ടായിരുന്നെന്നും, അതുപോലെ ഒരടുക്കളയാണ് താൻ നാട്ടിൽ ഉണ്ടാക്കിയതെന്നും, ഗ്യാസിനും വിറകടുപ്പിനും വേറെ വേറെ സ്ഥലമുണ്ടെന്നും അമ്മച്ചി പറഞ്ഞുതന്നിട്ടുണ്ട്. മധുരമില്ലാത്ത അപ്പത്തിൻ്റെ മധുരമുള്ള 
ഓർമ്മകളിൽ നനഞ്ഞ് കുതിർന്ന് വെന്തുപാകമായ പെസഹാ അപ്പം പെട്ടെന്ന് അടുപ്പിൽ നിന്നിറക്കില്ല. എല്ലാരും കുളിച്ച് പള്ളിയിൽ പോയി പ്രാർത്ഥിച്ച് വന്നതിന് ശേഷം ഞങ്ങളെല്ലാവരും ചുറ്റും കൂടി നിന്ന് പ്രാർത്ഥിച്ച് അപ്പം മുറിക്കും. ഓലക്കീറിൽ പറ്റിയ പൊട്ടും പൊടിയും അമ്മച്ചി വടിച്ചെടുക്കും. കുട്ടികളുടെ വായയിൽ എല്ലാം തിരുകിക്കയറ്റും.

കുഞ്ഞുങ്ങളിൽ അനുഷ്ഠാനങ്ങളുടെയും ആഘോഷത്തിൻ്റെയും ഓർമ്മകൾ ഉണ്ടാകേണ്ടത് നമ്മുടെ കടമയാണെന്ന് ആത്മഗതം ചെയ്യും.

തിടുക്കപ്പെട്ട് സ്വന്തം വീട് വീട്ടുപോവേണ്ടി വന്നവരുടെ കൂടെ ഓർമ്മയാണീ അപ്പമെന്നും കേടാവാതെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനായിരിക്കും പുളിപ്പിക്കാതെ ഉണ്ടാക്കിയതെന്നും അമ്മച്ചി നെടുവീർപ്പിടും!

നൂറ്റാണ്ട്കൾക്ക് മുന്നിൽ നടന്നതെന്ന് പറയപ്പെടുന്ന ഓർമ്മകളിൽ അമ്മച്ചി കണ്ണ് നിറക്കും.
അതുകണ്ട് ഞങ്ങൾ കാരണമില്ലാതെ വെറുതെ അമ്മച്ചിയെ  കളിയാക്കി ചിരിച്ച് വിഷയം മാറ്റും.

ഈസ്റ്ററിന് ഇത്തവണ മട്ടൻസ്റ്റൂവിന് പകരം പോത്ത് വരട്ടിയത് മതിയെന്ന് അപ്പച്ചൻ തർക്കത്തിന് തുടക്കം കുറിക്കും. മട്ടൻ സ്റ്റൂവും അപ്പവുമില്ലാതെ എന്ത് ഈസ്റ്ററെന്ന് അമ്മച്ചി ഏറ്റ് പിടിക്കും.

അമ്മച്ചി അന്ന് എന്നിൽ വിതച്ച ഓർമ്മകളുടെ നന്മ ഇന്ന് തിരിച്ചറിയുന്നു!

സ്വർഗ്ഗസ്ഥനായ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നന്മ നിറഞ്ഞ മറിയത്തിനും സ്വസ്തി പറഞ്ഞു കൊണ്ട് ഓർമ്മയപ്പം ഞാനും പങ്കുവെക്കുന്നു!

സ്ത്രീകളിൽ നീയും വാഴ്തപ്പെട്ടവളാവുന്നു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക