Image

അഭിനയത്തിന്റെ നാല് പതിറ്റാണ്ടുകൾ; ചലച്ചിത്ര പ്രതിഭ പുരസ്കാരം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ബാബു ആൻറണി

മാർട്ടിൻ വിലങ്ങോലിൽ Published on 20 April, 2025
അഭിനയത്തിന്റെ നാല് പതിറ്റാണ്ടുകൾ; ചലച്ചിത്ര പ്രതിഭ പുരസ്കാരം ലഭിച്ചതിൽ  സന്തോഷം പങ്കുവെച്ച്  ബാബു ആൻറണി

ഹൂസ്റ്റൺ : പ്രശസ്തനായ മലയാള ചലച്ചിത്ര നടൻ ബാബു ആൻറണിക്ക് 2024-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ നൽകുന്ന 'ചലച്ചിത്ര പ്രതിഭ' പുരസ്‌കാരം ലഭിച്ചു.  മലയാള സിനിമയിലെ സംഭാവനകൾക്കാണ്  അദ്ദേഹത്തെ ആദരിച്ച ഈ പുരസ്‌കാരം.

ഈ അംഗീകാരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ബാബു ആൻറണി, തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ നന്ദി അറിയിക്കുകയും ചെയ്തു. കുടുംബ സമേതമായി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ  ബാബു ആന്റണിക്കു പ്രവാസി മലയാളികളുടെ സ്‌നേഹാദരങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.  

മലയാള സിനിമയിലെ പ്രശസ്തനായ അഭിനേതാവും മാർഷ്യൽ ആർട്ടിസ്റ്റുമായ ബാബു ആൻറണി 1986 ൽ  ഭരതന്റെ ചിലമ്പിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചു.  മലയാളം,  തമിഴ്,  കന്നഡ, തെലുങ്ക് ഹിന്ദി, സിംഹള , ഇംഗ്ളീഷ്  തുടങ്ങി   7 ഭാഷകളിൽ  അഭിനയിച്ച  മലയാളി നടൻ എന്ന അപൂർവ്വ ബഹുമതിയും  അദ്ദേഹത്തിനുണ്ട്.  

വില്ലനും നായകനുമായി 80 - 90 കളിൽ ഒട്ടേറെ ഹിറ്റ്  ചിത്രങ്ങളുടെ ബാബു ആന്റണി തിളങ്ങി.  ആയോധന കലകളിലെ പ്രാവീണ്യം കൊണ്ട്  ആക്ഷൻ രംഗങ്ങൾക്ക്  വേറിട്ടൊരു മാനറിസം നൽകി യുവാക്കളെ തന്റെ ആരാധകരാക്കി അദ്ദേഹം.

സിനിമ ഷൂട്ടിങ്ങിനു ശേഷം കേരളത്തിൽ നിന്ന് ഹൂസ്റ്റണിൽ തിരിച്ചെത്തിയ ബാബു ആന്റണി, തന്റെ നാല്പ്പതു വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായി ലഭിച്ച ഈ  അവാർഡിന്റെ സന്തോഷം പങ്കുവെച്ചു.

ബാബു ആന്റണിയുടെ വാക്കുകളിലൂടെ:

ഒരു അംഗീകാരവും  പ്രതീക്ഷിക്കാതെ സിനിമാ ഇൻഡസ്ട്രിയിൽ ഇതുവരെ സജീവമായി പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്.  ഇപ്പോൾ ലഭിച്ച ഈ  അംഗീകാരം തീർച്ചയായും തന്റെ അഭിനയ ജീവിതത്തിനു മാറ്റ് കൂട്ടും.  ബാബു ആന്റണി പറഞ്ഞു.  

ഒത്തിരി സപ്പോർട്ടിങ് കഥാപാത്രങ്ങൾക്ക്  ശേഷം വീണ്ടും നായക  കഥാപാത്രങ്ങളിലേക്ക്  തിരിച്ചു വന്നു സജീവമാകാനാണ് താപ്പര്യം. ഹീറോ അല്ലെങ്കിൽ ഹീറോയുടെ ഒപ്പമുള്ള കഥാപാത്രങ്ങൾ   ചെയ്യുന്നതാണ്  തന്നെ ഇഷ്ട്ടപ്പെടുന്ന ജനങ്ങൾ ആവശ്യപ്പെടുന്നതും.  ബാബു ആന്റണി കൂട്ടി ചേർത്തു.  

ഒരിടവേളക്കു ശേഷം ഒട്ടേറെ പുതിയ സിനിമകളിലൂടെ  തിരക്കിലാണ്  ബാബു ആന്റ്ണി. അടുത്തിടെ  റിലീസായ  ബസൂക്ക,  മരണമാസ്,  19 നു റിലീസായ 'കേക്ക് സ്റ്റോറി' , തുടങ്ങി ഉടനെ റിലീസാകുന്ന മറ്റനവധി ചിത്രങ്ങളുടെ പണിപ്പുരയിലുമാണ്  ഇപ്പോൾ.

അമേരിക്കയിലെ ഹൂസ്റ്റണിൽ  സ്വന്തമായി മാർഷ്യൽ ആർട്സ് സ്‌കൂളുകളും ബാബു ആന്റണിക്കുണ്ട്. മക്കളായ ആർതർ ആന്റണിയും  അലക്സ് ആന്റണിയും മാർഷ്യൽ ആട്സിനൊപ്പം സിനിമ മേഖലിയിലേക്കും  ചുവടുറപ്പിച്ചു  കഴിഞ്ഞു.
===
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക