വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി (2018) ആഘോഷത്തോടനുബന്ധിച്ച് സംവിധായകൻ ബ്ലെസി തയ്യാറാക്കിയ ഡോക്യുമെന്ററി ഇന്നും ഏറെ പ്രസക്തമാണ്. നൂറ് വിശിഷ്ട വ്യക്തിത്വങ്ങൾ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന രീതിയിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
ആദ്യ എപ്പിസോഡിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുന്നത്. നൂറാം പിറന്നാൾ കേരളത്തിൽ ആഘോഷിക്കാനാണോ അതോ ഡൽഹിയിലേക്ക് വരുന്നോ എന്നുള്ള ചോദ്യത്തിന് കേരളത്തിൽ മാത്രമേ തന്നെ ആളുകൾ അറിയൂ എന്നും നാട്ടിൽ തന്നെ ആയിരിക്കുമെന്നാണ് തിരുമേനി മറുപടി നൽകിയത്. ജനങ്ങളെ ഇത്രകാലം സേവിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആളുകൾക്ക് തന്നോടുള്ള സ്നേഹത്തിൽ സംതൃപ്‍തനാണെന്നും സങ്കടപ്പെട്ടിരിക്കേണ്ട ആവശ്യം ഒന്നും തന്നെ ഇല്ലെന്നുമാണ് തിരുമേനി വ്യക്തമാക്കുന്നത്.
യുദ്ധത്തെയും മനുഷ്യർ തമ്മിലടിച്ച് ജീവനുകൾ പൊലിയുന്നതിനെയും എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതാണ് മോഡി പിന്നീട് ചോദിക്കുന്നത്. കൂടുതൽ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനസ്സുകളാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് തിരുമേനി അഭിപ്രായപ്പെട്ടു. താൻ ജനിച്ചുവളർന്ന ഗ്രാമത്തിൽ, ധനികർ പോലും തങ്ങളുടെ കൃഷിയിലായാലും സാധനങ്ങൾ കയറ്റി അയയ്ക്കുന്നതിനായാലും മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അങ്ങനൊരു കൊടുക്കൽ വാങ്ങലും പരസ്പരം ആശ്രയിച്ചുള്ള ജീവിതവുമാണ് വേണ്ടതെന്നും ക്രിസോസ്റ്റം തിരുമേനി വിശദീകരിച്ചു.
ആശയവിനിമയത്തിലൂടെ ഉടലെടുക്കേണ്ട സമൂഹം എന്ന തോന്നൽ എവിടെയോ വച്ച് മുറിഞ്ഞുപോയതാണ് പ്രശ്നങ്ങളുടെ കാതൽ എന്നും പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തേക്കാൾ ഭീതിദമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനെ തടുക്കുന്നതിനുള്ള പരിഹാരവും പ്രധാനമന്ത്രി ആരായുന്നു. ഗ്രാമങ്ങൾ തോറും ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം പോലുള്ള പ്രാഥമിക സൗകര്യങ്ങൾ നൽകുക എന്നുള്ളതാണ് തിരുമേനി നൽകുന്ന ഉപദേശം. ഉള്ളവന്റെ പണം ഇല്ലാത്തവന് ഉപകരിക്കുന്നതരത്തിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കണമെന്നും ചിലരുടെ ബാങ്ക് അക്കൗണ്ടിൽ അവകാശികളില്ലാതെ പണം കിടക്കുമ്പോൾ, ദിവസത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ മറുവശത്ത് ഒരാൾ കഴിയുന്നുണ്ട്. അവരിലേക്ക് സഹായം എത്തണം.
'സബ്‌കാ സാഥ്,സബ്‌കാ വികാസ്' എന്നുള്ളതാണ് തന്റെയും ലക്ഷ്യമെന്ന് മോഡി പറയുന്നു. തീവ്രവാദം പോലെ ലോകം ഭയക്കുന്ന പ്രശ്നങ്ങൾ നേരിടാനുള്ള വഴികളും മോഡി ചോദിക്കുന്നുണ്ട്. കേരളം പോലെ ചെറിയ സംസ്ഥാനത്ത് കഴിയുന്ന തന്നെക്കാൾ ഇക്കാര്യത്തിൽ ഫലവത്താവുക മോഡിയെപ്പോലുള്ള നേതാക്കളുടെ ഇടപെടൽ ആയിരിക്കുമെന്നാണ് തിരുമേനിയുടെ മറുപടി.
മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാകുന്നതിലേക്കും തിരുമേനി വിരൽ ചൂണ്ടി. ദൈവം മനുഷ്യർക്കിടയിൽ മനുഷ്യനുവേണ്ടി നിലകൊള്ളുന്ന ശക്തിയാണെന്ന് വിശ്വസിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ഊന്നിപ്പറഞ്ഞു. മൂന്നോ നാലോ വർഷങ്ങൾ കഴിയുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകൾ ഇല്ലാത്ത രീതിയിൽ ഇന്ത്യ വളരണമെന്നുള്ള ആഗ്രഹവും തിരുമേനി പങ്കുവച്ചു.
മക്കൾ മാതാപിതാക്കളെയും രക്ഷകർത്താക്കൾ മക്കളെയും സ്നേഹിച്ചും സംരക്ഷിച്ചും കെട്ടുറുപ്പോടെ പോയിരുന്ന കേരളത്തിലെ കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതിനെക്കുറിച്ചും തിരുമേനി ആശങ്ക പ്രകടിപ്പിച്ചു.കൃഷിയെ പാവനമായി കാണുകയും മണ്ണിൽ അധ്വാനിച്ച് അന്നം കണ്ടെത്തുന്നതിന്റെ ആനന്ദവും തിരുമേനി പറഞ്ഞു. സ്വന്തമായൊരു വീട് എന്നുള്ള സ്വപ്‌നം ഏവർക്കും സാക്ഷാത്കരിക്കാൻ സർക്കാരിന്റെ പിന്തുണയും തിരുമേനി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ദൈവം സ്വർഗ്ഗത്തിനുവേണ്ടിയല്ല, മനുഷ്യനു വേണ്ടിയാണെന്ന സന്ദേശമാണ് തിരുമേനി പറഞ്ഞുവച്ചത്.
നൂറ് വർഷം ജീവിച്ചിരിക്കുക എന്നത് നമ്മൾ പലരോടും പറയുന്ന ആശംസാവാചകമാണ്. അത്രയും കാലം മറ്റുള്ളവരെ സ്നേഹിച്ചും സേവിച്ചും ധന്യമായൊരു ജീവിതമാണ് ക്രിസോസ്റ്റം തിരുമേനി ജീവിച്ചുതീർത്തത്. മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ഏവർക്കും പ്രചോദനമാകുന്ന തിരുമേനിയുടെ വാക്കുകൾ എല്ലാക്കാലത്തും നമ്മെ നേരായ ദിശയിലൂടെ നയിക്കും. ഏവർക്കും ഈസ്റ്റർ ആശംസകൾ!
(തിരുമേനി 2021 ൽ 103 മത്തെ വയസിൽ ദിവംഗതനായി)