Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 7 ജോണ്‍ ജെ. പുതുച്ചിറ)

Published on 21 April, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 7 ജോണ്‍ ജെ. പുതുച്ചിറ)

ഏഴ്

ലക്ഷ്മി മുറി തുറന്നുകൊടുത്തു. ആദ്യം അവളും അവള്‍ക്കു പിന്നാലെ മധുവും മുറിക്കുള്ളിലേക്കു കടന്നു. എല്ലാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു മുറി.
അവന്റെ കണ്ണുകള്‍ മുറിയിലെമ്പാടും പരതി നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ അവന്റെ മുഖത്ത്.
''എന്താ ഇഷ്ടമായോ?'' ലക്ഷ്മിയുടെ അന്വേഷണം.
''ഉവ്വ്; വളരെ ഇഷ്ടമായി.''
''ആരെ? എന്നെയോ?'' അവളുടെ പൊടുന്നനെ ഉള്ള അന്വേഷണം.
മനസ്സിലെ വേദനകള്‍ മറന്ന് മധു മന്ദഹസിച്ചു പോയി.
''റൂം ഇഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്.''
''സമാധാനമായി!''
''ഞാന്‍ മുമ്പു ചോദിച്ച ചോദ്യം തന്നെ ആവര്‍ത്തിക്കുകയാണ്. ലക്ഷ്മി പഠിക്കുകയാണോ? അതോ പഠനമൊക്കെ പൂര്‍ത്തിയാക്കി നില്‍ക്കുന്നോ?''
''പഠിക്കുന്നു. എം.ബി.എ. ഫൈനല്‍ ഈയറിന്.''
''മാരീഡാണോ?''
''അല്ല. എന്താ നോട്ടമുണ്ടോ?''
''ഇല്ല. വെറുതെ ചോദിച്ചെന്നു മാത്രം.''
''നിങ്ങള്‍ ദീര്‍ഘമായ യാത്രയൊക്കെ കഴിഞ്ഞു വരികയല്ലേ-വിശ്രമിച്ചു കൊള്ളൂ. ഞാന്‍ ശല്യപ്പെടുത്തുന്നില്ല.''
ലക്ഷ്മി തിടുക്കത്തില്‍ മുറിവിട്ട് ഇറങ്ങിപ്പോയി. അവള്‍ പോയിട്ടും കുസൃതിക്കാരിയായ ആ യുവസുന്ദരിയുടെ രൂപം അവന്റെ മനസ്സില്‍ തെളിഞ്ഞു നിന്നു.
ലക്ഷ്മി എന്ന പേരുപോലെ തന്നെ ഐശ്വര്യമുള്ള-സൗന്ദര്യമുള്ള മുഖം. മാദകത്വമുള്ള മേനി. കോളജു വിദ്യാര്‍ത്ഥികളില്‍ ഏറെയും ഇവളുടെ ആരാധകര്‍ ആയിരിക്കണം.
സുഖമായി ഒന്നു കുളിക്കണം. നല്ല ക്ഷീണം തോന്നുന്നുണ്ട്. കുളി കഴിഞ്ഞാല്‍ അതു മാറിക്കിട്ടും.
ഷര്‍ട്ടും ബനിയനും അഴിച്ചുമാറ്റി. ചന്ദനത്തിന്റെ നിറമുള്ള ശരീരം. എങ്കിലും രണ്ടോ മൂന്നോ ദിവസംകൊണ്ട് അതിന്റെ ശോഭയ്ക്കു മങ്ങലേറ്റിരിക്കുന്നു. മനസ്സിലെ അസ്വസ്ഥതകളുടെയും ശരീരത്തിന്റെ അലച്ചിലുകളുടെയും പ്രതികരണം.
വസ്ത്രങ്ങള്‍ അഴിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. ടൗവ്വല്‍, സോപ്പ് ഒന്നും കൈവശമില്ല. എന്തു ചെയ്യും? ആരെ വിളിക്കും?
പെട്ടെന്ന് ചാരിയിട്ടിരുന്ന കതക് ആരോ തള്ളിത്തുറന്നു-ലക്ഷ്മി!
അരയ്ക്കു മുകളിലോട്ടുള്ള ശരീരം നഗ്നമായിരുന്നു. വേഗം ഷര്‍ട്ടെടുത്തിട്ടു.
''എന്താ നാണമാണോ?'' അവളുടെ കുസൃതിച്ചിരി.
മധു ചെറുതായി ഒന്നു ചമ്മി.
''നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ദാ, അക്കാണുന്ന സ്വിച്ചില്‍ വിരലമര്‍ത്തിയാല്‍ മതി.'' അവള്‍ ഭിത്തിയിലേക്ക് കൈ ചൂണ്ടി.
''അപ്പോള്‍ ലക്ഷ്മി പ്രത്യക്ഷപ്പെടും?''
''കൊള്ളാം, നിങ്ങള്‍ വിരലൊന്നമര്‍ത്തിയാലുടന്‍ പ്രത്യക്ഷപ്പെടുന്നവളൊന്നുമല്ല ഈ ലക്ഷ്മി. അതിനു വേറെ ആളെ നോക്കണം. പിന്നെ ഇവിടെ ബെല്ലടിക്കുമ്പോള്‍ വേലക്കാരന്‍ ദാമു വരും. അപ്പോള്‍ എന്താണാവശ്യമെന്നാല്‍ അവനോടു പറഞ്ഞാല്‍ മതി.''
മധു ഭിത്തിയിലെ സ്വിച്ചില്‍ വിരലമര്‍ത്തി.
''എന്തു വേണം?'' അവള്‍ തിരക്കി.
''ഒരു ടൗവ്വല്‍, പിന്നെ ഒരു സോപ്പും. അല്പം ഇഞ്ച കൂടിയുണ്ടെങ്കില്‍ കുശാലായിരുന്നു...!''
''കുളിപ്പിക്കാന്‍ ഒരാളെക്കൂടി വേണമെന്നു പറയാതിരുന്നതു ഭാഗ്യം.'' അവള്‍ പിന്തിരിഞ്ഞ് നടക്കുന്നതിനിടയില്‍ പറഞ്ഞു. ''ഞാനിതെല്ലാം ദാമുവിന്റെ കൈവശം കൊടുത്തുവിടാം.''
അല്പം കഴിഞ്ഞപ്പോള്‍ ദാമു എന്ന പയ്യന്‍ വന്നു. ആവശ്യപ്പെട്ട എല്ലാ സാധനങ്ങളുമായി.
ഷവറിലൂടെ കുളിര്‍മ്മയുള്ള ജലം മേനിയിലേക്ക് ചിതറി വീണപ്പോള്‍ അനിര്‍വ്വചനീയമായ സുഖാനുഭൂതി അനുഭവപ്പെട്ടു. ആ തണുത്ത അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് അവന്‍ ഭാവിയെക്കുറിച്ചു ചിന്തിച്ചു.
തന്റെ ജീവിതത്തിലെ പുതിയൊരദ്ധ്യായത്തിന്റെ തുടക്കമാണിത്. കഴിഞ്ഞകാലത്തെ കഥാപാത്രങ്ങള്‍ ആരും ഇവിടെയില്ല. ഇളയമ്മ, ഊര്‍മ്മിള.... ആരുമാരും.
പുതിയ പശ്ചാത്തലം. പുതിയ കഥ. പുതിയ കഥാപാത്രങ്ങള്‍...
കുളിച്ചൊരുങ്ങി നില്‍ക്കുമ്പോള്‍, ഏകാന്തതയുടെ വിരസതയിലേക്ക് വഴുതി വീഴാനൊരുമ്പെടുമ്പോള്‍ ലക്ഷ്മി വീണ്ടും പ്രത്യക്ഷയായി; ഒരു മഹാലക്ഷ്മിയെപ്പോലെ.
''ഹലോ മിസ്റ്റര്‍! നമുക്കൊരു ഈവനിംഗ് വാക്കിനിറങ്ങാം-എന്താ?''
എന്താണു മറുപടി പറയേണ്ടതെന്നറിയാതെ ചിന്തിച്ചു നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും തുടര്‍ന്നു:
''ഈവനിംഗ് വാക്കെന്നാണ് പറഞ്ഞതെങ്കിലും നടന്നു വിഷമിക്കയൊന്നും വേണ്ട. കാറില്‍ പോകാം. വരണം; ഡാഡി പറഞ്ഞിട്ടാണ്.''
പിന്നെ മടിച്ചില്ല. മുറിയുടെ വാതില്‍ ചാരി ഇറങ്ങി. മുകളില്‍ ചെന്ന് ഒരിക്കല്‍ക്കൂടി കുറുപ്പു സാറിന്റെ അനുമതി തേടാന്‍ തുനിയുമ്പോള്‍ അവള്‍ തടഞ്ഞു:
''വേണ്ട. അത്തരം ഫോര്‍മാലിറ്റിയുടെ ഒന്നും ആവശ്യമില്ല.''
കാറില്‍ കയറി. ലക്ഷ്മി തന്നെയാണ് ഡ്രൈവ് ചെയ്തത്. ആ പുത്തന്‍ സാന്‍ട്രോകാര്‍ ഒരു ഇരമ്പലോടെ മുന്നോട്ടു പാഞ്ഞു.
''ഡ്രൈവറില്ലേ?'' കാര്‍ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ തിരക്കി.
''ഇല്ല; പക്ഷെ നിങ്ങള്‍ക്ക് ഡ്രൈവര്‍ ജോലി തരികയുമില്ല.''
''ഡ്രൈവറുടെ പണി എനിക്കൊട്ട് അറിയില്ലാതാനും!''
''ഉവ്വോ! എങ്കില്‍ അതൊന്ന് പഠിക്കണമല്ലോ! സൗകര്യം കിട്ടുമ്പോഴാവട്ടെ; ഞാന്‍ പഠിപ്പിക്കാം.''
ഒടുവില്‍ ഒരു വലിയ ടെക്‌സ്റ്റൈല്‍സിനു മുന്‍പില്‍ കാര്‍ നിന്നു.
''വരണം മിസ്റ്റര്‍ മധൂ. ഒരു ചെറിയ ഷോപ്പിംഗ്.''
ലക്ഷ്മിയോടൊപ്പം ആ കടയിലേക്കു കയറിച്ചെന്നു. വിവിധ തരത്തിലുള്ള വസ്ത്രങ്ങളുടെ വര്‍ണ്ണ പ്രപഞ്ചം.
''ലക്ഷ്മിക്ക് എന്താണ് വാങ്ങുവാനുള്ളത്? സാരിയോ അതോ-''
''എന്താണ് ഒരു അതോ? ബ്രേയിസര്‍ എന്നാണോ?'' അവള്‍ക്ക് ഒരു കുസൃതിച്ചിരി: ''പക്ഷെ എനിക്കവയെല്ലാം ആവശ്യത്തിലധികമുണ്ട്. ഇപ്പോള്‍ നാമിവിടെ വന്നിരിക്കുന്നത് മിസ്റ്റര്‍ മധുവിന് ആവശ്യമുള്ള ഡ്രസ്സുകള്‍ വാങ്ങാനാണ്.''
താന്‍ അവളുടെ മുന്നില്‍ വളരെ ചെറുതായി പോകുന്നതുപോലെ മധുവിനു തോന്നി.
''ലക്ഷ്മീ- അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.'' അവന്‍ പറഞ്ഞു.
''നിങ്ങളുടെ ഡ്രസ്സും പണവുമെല്ലാം ട്രെയിനില്‍ വച്ച് മോഷണം പോയെന്നല്ലേ പറഞ്ഞത്? ഇനിയിപ്പോള്‍ ഇവിടെ ഞങ്ങളോടൊപ്പം അവയൊന്നുമില്ലാതെ ജീവിക്കാനാണോ ഭാവം? എങ്കില്‍ ആ ഉദ്ദേശമങ്ങു മനസ്സില്‍ വച്ചിരുന്നാല്‍ മതി.''
ലക്ഷ്മിക്ക് എല്ലാം തമാശയാണ്. എന്നാല്‍ ഒരു സൗജന്യം സ്വീകരിക്കുമ്പോഴുള്ള അപകര്‍ഷതാബോധമാണ് മധുവിനുണ്ടായത്. അവന്റെ മുഖഭാവത്തില്‍ നിന്ന് അവള്‍ക്കത് മനസ്സിലാവുകയും ചെയ്തു.
അവള്‍ പറഞ്ഞു:
''മധൂ, നിങ്ങളെ ഒരതിഥിയായി വീട്ടില്‍ താമസിപ്പിക്കാന്‍ അച്ഛന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നറിയാമോ? നമ്മള്‍ പിതാക്കന്മാര്‍ സുഹൃത്തുക്കളായിരുന്നു. ആ ബന്ധത്തിന്റെ പേരിലാണ് ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി ഈ ചെയ്യുന്നതെല്ലാം. അതിനാല്‍ ഇവയൊന്നും സ്വീകരിക്കുന്നതില്‍ ഒട്ടും മാനക്കേടു തോന്നേണ്ട കാര്യവുമില്ല. വരണം-മധുവിന് ആവശ്യമുള്ള ഡ്രസ്സുകള്‍ തിരഞ്ഞെടുക്കണം.''
അവന്റെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടാണ് ലക്ഷ്മി അങ്ങനെ പറഞ്ഞത്.
പിന്നെ മധുവും മടിച്ചുനിന്നില്ല. അവന്‍ ലക്ഷ്മിയോടൊത്ത് മുന്നോട്ടു ചെന്നു.
വിവിധ ഫാഷനുകളിലുള്ള, വിവിധ വര്‍ണ്ണങ്ങളിലുള്ള റെഡിമെയ്ഡ് ഡ്രസ്സുകള്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവയില്‍ നിന്ന് ഏറ്റവും ആകര്‍ഷകവും അനുയോജ്യവുമായവ തിരഞ്ഞെടുക്കാന്‍ അവനേക്കാളേറെ ആവേശം കാട്ടിയത് ലക്ഷ്മി തന്നെയായിരുന്നു.
''ദാ, ഈ ഷര്‍ട്ട് മധുവിന് നന്നെ ചേരും.'' ക്രീം കളറിലുള്ള ഒരു ഷര്‍ട്ട് അവന്റെ മേനിയില്‍ വച്ച് ചേര്‍ച്ച നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
''ശരി, ലക്ഷ്മിയുടെ സെലക്ഷന്‍ സ്വീകരിച്ചിരിക്കുന്നു.'' അവന്‍ ആ ഷര്‍ട്ടെടുത്ത് മാറ്റിവച്ചു.
വേറെയും ഷര്‍ട്ടുകളും പാന്റ്‌സും ലുങ്കിയുമൊക്കെ അവന്‍ വാങ്ങി. ലക്ഷ്മി അവയുടെയൊക്കെ ബില്ല് പേ ചെയ്തു.
തുണിത്തരങ്ങള്‍ വാങ്ങിയശേഷം അവര്‍ വേറെയും പല കടകളിലും കയറിയിറങ്ങി. ഒടുവില്‍ ഷോപ്പിംഗ് അവസാനിക്കുമ്പോള്‍ സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു.
അവള്‍ നഗരത്തിലെ ഒരു പ്രമുഖ റെസ്റ്റോറന്റിനു മുന്നില്‍ കാറിന്റെ ബ്രേക് ചവുട്ടി.
''വരൂ, നമുക്ക് ഓരോ കോഫി കുടിക്കാം.''
റെസ്റ്റോറന്റില്‍ പരസ്പരം അഭിമുഖമായി ഇരുന്ന് കോഫി കുടിച്ചു. അതിനിടയിലും അവള്‍ ഒരു വായാടിയെപ്പോലെ 'കലപില' സംസാരിച്ചു കൊണ്ടിരുന്നു.
''വീട്ടില്‍ ദാമുവിനോടു പറഞ്ഞാല്‍ എന്തു ഭക്ഷണം വേണമെങ്കിലും പാകം ചെയ്തു തരും. എങ്കിലും ഒരു വെറൈറ്റിക്കു വേണ്ടി ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കണമെന്ന് എനിക്ക് നിര്‍ബ്ബന്ധമാണ്. വല്ലപ്പോഴും അല്പം വെറൈറ്റിയൊക്കെ ഇല്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ എന്താണൊരു രസം? മധു എന്തു പറയുന്നു?''
''ശരിയാണ്.'' അവന്‍ തലകുലുക്കി സമ്മതിച്ചു:
''ഭക്ഷണക്കാര്യത്തില്‍ മാത്രമേയുള്ളോ ഈ വൈവിധ്യത്തിനു വേണ്ടിയുള്ള ആഗ്രഹം?''
''തല്‍ക്കാലം ഭക്ഷണം, വസ്ത്രം ഇവയിലൊക്കെ അത് ഒതുങ്ങി നില്‍ക്കുന്നു.'' അവള്‍ ഗൂഢാര്‍ത്ഥം കലര്‍ന്ന ഒരു മന്ദഹാസത്തോടെ പറഞ്ഞു.
കാപ്പികുടി കഴിഞ്ഞയുടന്‍ അവര്‍ വീട്ടിലേക്കു തിരിച്ചു. ലക്ഷ്മി കാര്‍ അതിവേഗത്തില്‍ പായിച്ചു.
കുറുപ്പുസാര്‍ അവരെ കാത്തിരിക്കുകയായിരുന്നു.
അവര്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ അദ്ദേഹം ദാമുവിനെ വിട്ട് മധുവിനെ മുകളിലേയ്ക്കു വിളിപ്പിച്ചു. അദ്ദേഹത്തിന് പ്രധാനപ്പെട്ട എന്തോ സംഗതി പറയാനുണ്ടത്രേ!
മധു ആകാംക്ഷയോടെ കുറുപ്പുസാറിന്റെ പക്കലേക്കു ചെന്നു.
(തുടരും........)

Read More: https://legacy.emalayalee.com/writer/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക