പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ ഏറ്റവും പുതിയതും പ്രായം കുറഞ്ഞതുമായ (51 വയസ്) കർദിനാൾ എന്ന നിലയിൽ മാർ ജോർജ് കൂവക്കാട് സുപ്രധാന ചുമതലകൾ വഹിക്കും.
കോളജ് ഓഫ് കാര്ഡിനൽസിലെ ജൂനിയർ കർദ്ദിനാൾ ഡീക്കൻ എന്ന നിലയിൽ, കോൺക്ലേവിൽ ആചാരപരവും നടപടിക്രമപരവുമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ പ്രാഥമിക ചുമതലകളിൽ ഒന്ന്, ഒമ്പത് സീനിയർ കർദ്ദിനാൾമാർക്ക് പ്രത്യേക ചുമതലകൾ നൽകുന്നതിന് പരസ്യമായി നറുക്കെടുക്കുക എന്നതാണ്. ഈ കര്ദിനാൾമാരുടെ ചുമതലകൾ ഇപ്രകാരമാണ് - വോട്ടുകൾ എണ്ണുന്ന മൂന്ന് സൂക്ഷ്മപരിശോധനക്കാർ; അസുഖം കാരണം സിസ്റ്റൈൻ ചാപ്പലിൽ ഹാജരാകാൻ കഴിയാത്ത ഇലക്ടർമാർ ഉണ്ടെങ്കിൽ അവരിൽ നിന്ന് നിന്ന് ബാലറ്റുകൾ ശേഖരിക്കുന്ന മൂന്ന് പേർ; വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് റിവൈസർമാർ എന്നിങ്ങനെ ഒൻപതു പേർ .
സിസ്റ്റൈൻ ചാപ്പലിനുള്ളിൽ നടത്തുന്ന ഈ പ്രക്രിയയോടെ കോൺക്ലേവിന്റെ വോട്ടിംഗിനു ഔപചാരികമായ തുടക്കം കുറിക്കുന്നു.
കൂടാതെ, ആവശ്യമുള്ളപ്പോഴെല്ലാം സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും കർദ്ദിനാൾ കൂവക്കാട് നിരീക്ഷിക്കും - ഉദാഹരണത്തിന്, ഇൻഫർമാരി രോഗബാധിതരായ ഇലക്ടർമാരിൽ നിന്ന് വോട്ട് ശേഖരിക്കാൻ പോകുമ്പോഴും അവർ തിരിച്ചെത്തുമ്പോഴും.
ബാലറ്റുകൾ കത്തിക്കുന്നതും അദ്ദേഹം നിരീക്ഷിക്കും. ഓരോ തവണ വോട്ട് എണ്ണലിനു തൊട്ടുപിന്നാലെ, സൂക്ഷ്മപരിശോധനക്കാരുടെയും കോൺക്ലേവിന്റെ സെക്രട്ടറിയുടെയും മാസ്റ്റർ ഓഫ് സെറിമണികളുടെയും സാന്നിധ്യത്തിൽ ആയിരിക്കും അത്
പുതിയ പോപ്പിനെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കോളേജ് ഓഫ് കാർഡിനൽസ് സെക്രട്ടറിയെയും പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസ് മാസ്റ്ററെയും തിരഞ്ഞെടുപ്പ് ഹാളിലേക്ക് വിളിപ്പിക്കുന്നതും കർദ്ദിനാൾ കൂവക്കാടിന്റെ ചുമതലയാണ് .
കഴിഞ്ഞ ഡിസംബർ 7 ന് ഫ്രാൻസിസ് മാർപാപ്പ വൈദിക പദവിയിൽ നിന്ന് നേരിട്ട് കര്ദിനാളാക്കിയ ഇന്ത്യക്കാരനാണ് മാർ കൂവക്കാട്. ചങ്ങനാശേരി സ്വദേശി.
അദ്ദേഹം നിലവിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി സേവനമനുഷ്ഠിക്കുന്നു, കൂടാതെ 2021 മുതൽ പാപ്പായുടെ വിദേശ യാത്രകൾ ഏകോപിപ്പിക്കുന്നതുൾപ്പെടെ ഹോളി സീയുടെ നയതന്ത്ര കാര്യങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.