വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും കാരണമെന്ന് വത്തിക്കാൻ അറിയിച്ചു. മരണത്തിനു തൊട്ടുമുമ്പ് അദ്ദഹം കോമയിലേക്ക് പോയെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും അധികൃതർ അറിയിച്ചു. മാർപാപ്പയുടെ നിര്യാണത്തിന് 12 മണിക്കൂറുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ തന്നെ അദ്ദഹം ശ്വാസകോശ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14ന് റോമിലെ ജെമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.35നായിരുന്നു മാർപാപ്പയുടെ അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 88 വയസ്സായിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നെങ്കിലും ഈസ്റ്റർ ദിനത്തിൽ അദ്ദേഹം അൽപനേരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണിയിൽ വിശ്വാസികൾക്ക് അനുഗ്രഹം നൽകിയിരുന്നു.