Image

സിനിമാ മേഖലയില്‍ ലഹരി ഉപയോഗിക്കുന്നവരിൽ മുതിര്‍ന്ന താരങ്ങളും ; അവരുടെ പേരുകൾ ആരും പറയുന്നില്ലെന്ന് നിർമതാവ് സിയാദ് കോക്കര്‍

Published on 22 April, 2025
സിനിമാ മേഖലയില്‍ ലഹരി ഉപയോഗിക്കുന്നവരിൽ മുതിര്‍ന്ന താരങ്ങളും ; അവരുടെ പേരുകൾ ആരും പറയുന്നില്ലെന്ന് നിർമതാവ് സിയാദ് കോക്കര്‍

കൊച്ചി: ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ വന്‍ വെളിപ്പെടുത്തലുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന രണ്ടുപേര്‍ മാത്രമല്ല സിനിമാ മേഖലയില്‍ ലഹരി ഉപയോഗിക്കുന്നതെന്നും മുതിര്‍ന്ന പല താരങ്ങളും ലഹരി ഉപയോഗിക്കുന്നത് അറിയാമെന്നും എന്നാല്‍ അവരുടെ പേരുകള്‍ പുറത്തുവരില്ലെന്നും നിര്‍മാതാവ് സിയാദ് കോക്കര്‍. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം വേണമെന്നും ഇപ്പോഴത്തെ വിവാദങ്ങളെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മലയാള സിനിമയില്‍ വൈബ്രന്റായി നില്‍ക്കുന്ന പലരും ലഹരി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ അവര്‍ക്കെതിരേ മതിയായ തെളിവുകള്‍ കൈയിലില്ലാത്തതിനാല്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. ഒരു കാമറാമാന്‍ കഞ്ചാവുമായി സിനിമാ സെറ്റിലേക്ക് പോകുന്ന വഴി അറസ്റ്റിലായെന്ന വാര്‍ത്ത വന്നിരുന്നു. ഇത് ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നും എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ഒക്കെ അന്വേഷിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങള്‍ പുറത്തുവന്നാലേ ഈ വിപത്തിനെ തുടച്ചുനീക്കാന്‍ കഴിയൂവെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി.

സിനിമാ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരം പൊലിസിന് ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കിയെന്നും വിതരണക്കാരെ പിടികൂടുന്നതിനായി നീക്കം തുടങ്ങിയെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചിരുന്നു.

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും സിനിമാ സെറ്റുകളിലെ അടക്കം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കും. സിനിമാ മേഖലയാണ് ഇക്കാര്യത്തില്‍ മാതൃകാ പ്രവര്‍ത്തനം നടത്തേണ്ടതെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.

സിനിമാ ഷൂട്ടിങ് വേഗത്തില്‍ തീര്‍ക്കാന്‍ ലഹരി ഉപയോഗിച്ച് കൂടുതല്‍ സമയം ജോലി ചെയ്യുന്ന വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്. കാരവാനുകളിലും ഹോട്ടലുകളിലുമെല്ലാം ലഹരി ഉപയോഗം നടക്കുന്നുണ്ട്. ഹോട്ടലുകളില്‍ ഷൂട്ടിങ് നടക്കുമ്പോഴുള്ള പാര്‍ട്ടികളിലും ഡി.ജെ പാര്‍ട്ടികളിലും ലഹരി ഉപയോഗമുണ്ട്. അമ്മയടക്കമുള്ള സിനിമാ മേഖലയിലെ എല്ലാ സംഘടനകളുമായും പൊലിസ് യോഗം വിളിച്ചിട്ടുണ്ട്. അവരോടൊപ്പം ചേര്‍ന്ന് ലഹരിക്കെതിരേ നടപടി സ്വീകരിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക