Image

കൂറുമാറ്റം ( കവിത : അന്നാ പോൾ )

Published on 22 April, 2025
കൂറുമാറ്റം ( കവിത : അന്നാ പോൾ )

ഒരു വേട്ടക്കാരനു വേണ്ട ഗുണങ്ങളെല്ലാം , പ്രധാനമായും നിശ്ചയദാർഢ്യം
വ്യാളിയ്ക്കു വേണ്ടുവോളമുണ്ടായിരുന്നു.
ഇരയുടെ പിന്നാലെ കൃത്യതയോടെ
ആണതിന്റെ നീക്കം!!
ഇരയാകട്ടെ... 

എത്രയോ വേഗത്തിലോടുന്നതു .
കാലുകൾ നിലത്തു തൊടുന്ന നിമിഷാർധമൊഴികെ
അത് വായുവിൽത്തന്നെ!! 

ദിശ മാറ്റി ഇടയ്ക്കിടെ ചാടി ഉയർന്നും കുതിച്ചു പാഞ്ഞു വേട്ടക്കാരനെ
ബഹുദൂരം പിന്നിലാക്കിക്കൊണ്ടിരുന്നു.
കാടും മേടും,  തോടും ചതുപ്പുമുള്ള ആ ഭൂമികയിലവർ
മത്സരിച്ചു ഓടിക്കൊണ്ടിരുന്നു.
ഒരാൾ വിശപ്പകറ്റാൻ 

മറ്റേയാൾ പ്രാണരക്ഷാർത്ഥം
ഇതിനിടെ ഒന്നു രണ്ടു റെയിൽ ക്രോസുകൾ 

ഇരുവരും മുറിച്ചു കടന്നു 
ഇന്നേ വരെ എന്നിലുണരാത്ത ഒരു ത്വര
അതിന്റെ പരിസമാപ്തി കാണാൻ.... 

ഞാനൊരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചയെങ്കിലും
സ്ക്രോളു ചെയ്യാനാവാതെ ഞാനിരുന്നു.

കളിയിൽ തോറ്റവന്റെ ദൈന്യത മുറ്റിയ കണ്ണുകൾ.... 

ഇരയുടെ നിസഹായത എനിയ്ക്കു താങ്ങാനാവില്ലായിരുന്നു
എന്നാൽ ഇന്നു ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു
വിജയിയെക്കാണാൻ....
റെയിൽപ്പാത മൂന്നാം തവണ ചാടിക്കടക്കുമ്പോൾ
കാലുകൾ കുഴഞ്ഞ് കലമാൻ വീണു......
ആശങ്കയോടെ ഞാൻ മാനിന്റെ പിന്നിലേയ്ക്കു നോക്കി

കണ്ണുകളെ വിശ്വസിയ്ക്കാനായില്ല!!
വ്യാളി തൊട്ടു തൊട്ടില്ല എന്ന പോലെ മാനിന്റെയരികിൽ!!
അസ്ത്രം പോലെ പായുന്ന അതിനെ തോൽപ്പിയ്ക്കാനാവില്ലെന്നു
ഞാന്തറപ്പിച്ചിരുന്നു....
എന്റെ കണക്കു കൂട്ടലുകളെ മറ്റു പലതിലുമെന്ന പോലെ
തകിടം മറിച്ചു കൊണ്ടു 

വ്യാളി കലമാനെ കീഴ്പ്പെടുത്തിക്കഴിഞ്ഞു.

ഞാനറിയാതെ ഒരാഹ്ലാദസ്വരം
എന്നിലുണർന്നുവോ....
വിജയം വരെ സ്ഥിരത നിലനിർത്തിയ
ഏകാഗ്രതയ്ക്കും നിശ്ചയ ദാർഢാത്തിനു o
ഞാൻ മനസ്സാ കയ്യടി നൽകി.
പൊടുന്നനേ എൻറയുള്ളിലൊരു
മിന്നൽപ്പിണർ പാഞ്ഞു 

എൻറെ മനസ്സെപ്പോഴാണു
വഴുതിമാറി വേട്ടക്കാരന്റെ പക്ഷം ചേർന്നതു ? 
ഞാൻ കയ്യെത്തിച്ചു ജാലകങ്ങൾ തുറന്നിട്ടു
ആകാശച്ചെരുവിൽ വിളറി വെളുത്ത ചന്ദ്രക്കല... 

താഴെ
റെയിൽപ്പാളത്തിനരികിൽ
പരാജിതന്റെ ദൈന്യത അനക്കമറ്റു കിടന്നു::: 

ഇനിയും
കുതിപ്പടങ്ങാത്ത മനസ്സോടെ വ്യാളി..... 
അശാന്തി തോന്നാത്ത മനസ്സിനെയോർത്തു
ആകുലപ്പെടുന്നു ഞാൻ......
കാലം നമ്മുടെ ഹൃദയത്തെ കഠിനമാക്കുമോ..

അതോ
ഹൃദയം നിസംഗമാകുന്നുവോ ?  

രണ്ടും ഒന്നു തന്നെയോ ?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക