Image

വാലന്റൈൻസ് മെമ്മറി ( കഥ : രമണി അമ്മാൾ )

Published on 22 April, 2025
വാലന്റൈൻസ് മെമ്മറി ( കഥ : രമണി അമ്മാൾ )

വാലന്റൈൻസ് ഡേ സ്പെഷ്യൽ ഫീച്ചർ  ഫോട്ടോ പ്രസീത വാട്ട്സാപ്പിൽ അയച്ചുതരുന്ന നിമിഷംവരെ പ്രസീതയുടെ ഭർത്താവിന്റെ സഹോദരിയാണു വിമലാദേവിയെന്ന്
എനിക്കറിയില്ലായിരുന്നു.

തലസ്ഥാന നഗരിയിൽ, ഒരു അർദ്ധസർക്കാർ സ്ഥാപനത്തിന്റെ ഹെഡോഫീസിൽ,  സീനിയർ സൂപ്രണ്ടായിരുന്നു വിരമിച്ച വിമലാദേവി മാഡവും അവരുടെ ഭർത്താവ് നന്ദകുമാർ മേനോനുമായിരുന്നു  മനോരമയുടെ ഈ വർഷത്തെ വാലന്റൈൻസ്ഡേ സ്പെഷ്യൽ പ്രണയജോഡികൾ..!

വീട്ടിൽ വരുത്തുന്നത് മാതൃഭൂമി പത്രമായതിനാൽ മനോരമയിൽവന്ന ഫീച്ചർ, കാണാൻ സാദ്ധ്യത തീരെ കുറവായിരുന്നു....
പ്രസീതയുടെ വാട്സാപ്പിൽ 
ഫോട്ടോയും വിവരണങ്ങളും കണ്ട് അത്ഭുതപ്പെട്ടു.

2003 ലായിരുന്നു വിമലാദേവിമാഡത്തിന്റെ റിട്ടയർമെന്റ്.
ആ സമയത്ത് പ്രൊമോഷനോടൊപ്പമുളള ട്രാൻസ്ഫറിൽ ഞാനങ്ങു കൊല്ലത്തായിരുന്നു.

അന്നുവരെ ഞാൻ കണ്ടിട്ടുളളവരിൽ ഏറ്റവും സുന്ദരിയായിരുന്നു 
വിമലാദേവി.. പനിനീർറോസാപ്പൂവിന്റെ നിറം...
ലിപ്സ്റ്റിക്കിടാത്ത തുടുത്ത ചുണ്ടുകൾ,
കണ്മഷിയെഴുതി കറുപ്പിച്ച നീണ്ടിടംപെട്ട കണ്ണുകൾ,  കട്ടിയുളള പുരികക്കൊടികൾ..
നിതംബം മുട്ടിനില്ക്കുന്ന അയച്ചു പിന്നിയിട്ട മുടി..
അല്പംമാത്രം പുറത്തു കാണുന്ന തുടുത്ത കാലടികൾ..!
പുതിയ പുതിയ ഡിഡൈനുകളിലുളള പട്ടുസാരികൾ, ഓരോദിവസവും മാറിമാറിയുടുത്ത്,
അതിനു യോജിക്കുന്ന ആഭരണങ്ങളുമിട്ടുകൊണ്ടുളള ഓഫീസിലേക്കുളള വരവ് ആരുമൊന്നു ശ്രദ്ധിക്കും.. 
റിട്ടയർമെന്റിനോട് അടുത്തുകൊണ്ടിരുന്നിട്ടും
പ്രായംമതിക്കാത്ത ശരീരം....ചുളിവു വീഴാത്ത നീണ്ട കൈവിരലുകൾ
അപ്പോഴും മൃദുലം..
താനൊരു സുന്ദരിയാണെന്ന് അവർക്കുതന്നെയറിയാം..
അതുകൊണ്ടുതന്നെ തന്റെ സൗന്ദര്യത്തിനു 
മാറ്റുകൂട്ടുന്ന ഒരു പുഞ്ചിരി  മുഖത്തു കാണാം.

ഹെഡോഫീസിലേക്ക് ചോദിച്ചുവാങ്ങിയ ട്രാൻസഫർ,
പോസ്റ്റിംഗ് വിമലാദേവിമാഡം സൂപ്രണ്ടായ സെക്ഷനിൽ അവരുടെ അസിസ്റ്റന്റായിട്ട്.
ആരോടും അത്ര അടുപ്പം കാണിക്കാത്ത, 
അധികമൊന്നും സംസാരിക്കുന്ന 
പ്രകൃതമല്ലാത്ത,
പരിഷ്ക്കാരങ്ങളൊട്ടുമില്ലാത്ത, നാട്ടിൻപുറത്തുകാരിയായ
എന്നോടൊരു പ്രത്യേക സ്നേഹവും കരുതലുമുണ്ടായിരുന്നു മാഡത്തിന്.

എനിക്കൊരാളെ  ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് വിമലാദേവി മാഡത്തിനോടായിരുന്നു.
ആളിനെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു..
"ഒരുപാടാലോചിക്കണം.  അബദ്ധത്തിലൊന്നും ചെന്നു  ചാടരുത്.. ഇതു സിറ്റിയാണ്....ഇവിടെ ആളുകൾക്കു പലമുഖങ്ങളാണ്.
ആരെയും അത്രയങ്ങു വിശ്വസിക്കരുത്.
ജോലിയൊക്കെ കിട്ടിയിട്ടധികമായില്ലല്ലോ..
കുറച്ചുകാലംകൂടി വീട്ടിലെ കാര്യങ്ങളൊക്കെ 
നോക്കിയിട്ടു മതി കല്യാണം.?"  
അല്ലെങ്കിലും ഉടനെയൊരു വിവാഹത്തിനെക്കുറിച്ച് അപ്പൊഴൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടു പേർക്കുമുണ്ട് ഭാരിച്ച ഉത്തരവാദിത്വങ്ങൾ..
അഞ്ചു വർഷം കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം..
വിവാഹശേഷം താമസിക്കാൻ, മാഡത്തിന്റെ പരിചയമുള്ള  ആരുടെയോ വീടിന്റെ മുകൾഭാഗം
കുറഞ്ഞ വാടകയ്ക്ക്

തരപ്പെടുത്തി തന്നിരുന്നു. അത്രമേലടുപ്പവും സ്നേഹവുമൊക്കെ
ഉണ്ടായിരുന്നിട്ടും അവരുടേത് സംഭവ ബഹുലമായ ഒരു പ്രണയ വിവാഹമായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.കുടുംബ പ്രാരാബ്ധങ്ങൾ,
മൂന്നു വർഷം കൂടുമ്പോഴുളള നിർബന്ധ ട്രാൻസ്ഫറുകൾ, അടുപ്പിച്ചുളള രണ്ടു പ്രസവങ്ങൾ,
പലവിധമായ തിരക്കുകളിൽപ്പെട്ട് ആടിയുലഞ്ഞ്  ജീവിതം.. 
ഇതിനിടെ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങിയുളള തിരിച്ചുപോക്കും..
പിന്നീടൊരിക്കലെങ്കിലും തമ്മിൽ കണാനോ, വിവരങ്ങളറിയുവാനോ
അവസരമുണ്ടായില്ലെന്നു
വേണം പറയാൻ.

പ്രസീതയുമായുളള പരിചയം യാദൃച്ഛികമായിരുന്നു..
ഒരു ട്രെയിൻ യാത്രയിൽ മൂന്നുമണിക്കൂറോളം ഒരേ കമ്പാർട്ടുമെന്റിൽ അടുത്തടുത്ത്..
തിരുവനന്തപുരത്തു ജോലിസംബന്ധമായി
കുറച്ചുകാലം ഉണ്ടായിരുന്ന കാര്യമൊക്കെ പറയുമ്പോഴാണ് "ഒരു വിമലാദേവിയെ അറിയാമോ? എന്ന ചോദ്യം..!

വർഷങ്ങൾക്കു ശേഷം,
നിരന്തരം ഫോണിൽ
വിളിക്കുന്നു. വിശേഷങ്ങൾ പങ്കുവച്ച്ഒരുമിച്ചുണ്ടായിരുന്ന നാളുകളെ ഓർമ്മയിലേക്കു തിരികെ കൊണ്ടുവരുന്നു.!

മകന്റെ ഭാര്യവീട്ടിലെ കല്യാണം കൂടി തിരിച്ചുപോരുമ്പോൾ
അപ്രതീക്ഷിതമായി വീട്ടിലേക്കുവന്ന്  സമാഗമവും.!
ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം 
ദൂരയാത്രകൾ  ഒഴിവാക്കിയിരുന്നുവെങ്കിലും
പ്രസീതയുടെ മകന്റെ കല്യാണത്തിന് പോകാൻ തീരുമാനിച്ചത്
വിമലാദേവിയെ വീണ്ടും  കാണാമല്ലോയെന്നു വിചാരിച്ചാണ്.

അടുത്തുചെന്നു ചേർത്തുപിടിച്ചപ്പോൾ കാച്ചിയ എണ്ണയുടെ, കർപ്പൂരത്തിന്റെ, ചന്ദനത്തിന്റെയൊക്കെ ആഢ്യത്വമുളള ഗന്ധം..
ഇനിയും നരവിഴുങ്ങിയിട്ടില്ലാത്ത മുടിയിഴകൾ ഒരത്ഭുതം തന്നെ..
പ്രായത്തിന്റെ കരവിരുതുകൾ ശോഷിപ്പിച്ച കൈവിരലുകൾ കൊരുത്തുപിടിച്ച് ഏറെ നേരം...ആത്മനിർവൃതി...!


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക