Image

മാര്‍പാപ്പയുടെ അന്ത്യവിശ്രമ സ്ഥലമായ സെന്റ് മേരി മേജര്‍ ബസിലിക്കയുടെ പുരാചരിത്രം (എ.എസ് ശ്രീകുമാര്‍)

Published on 22 April, 2025
മാര്‍പാപ്പയുടെ അന്ത്യവിശ്രമ സ്ഥലമായ സെന്റ് മേരി മേജര്‍ ബസിലിക്കയുടെ പുരാചരിത്രം (എ.എസ് ശ്രീകുമാര്‍)



തന്റെ പ്രിയപ്പെട്ട പ്രാര്‍ഥനാ ഇടമായ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ശാശ്വത നിദ്രയ്ക്കായി തിരഞ്ഞെടുത്തത്. 2022 ജൂണ്‍ 29-ന് മാര്‍പാപ്പ അന്ത്യാഭിലാഷത്തെക്കുറിച്ച് എഴുതിയ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ''എന്റെ ഭൂമിജീവിതത്തിന്റെ അസ്തമനത്തോടടുക്കുന്നതായി അറിയുന്നു. ശാശ്വതമായ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശകളോടെ, അന്ത്യാഭിലാഷത്തെക്കുറിച്ചും സംസ്‌കാരച്ചടങ്ങുകളെക്കുറിച്ചും വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു...'' എന്ന് പറഞ്ഞാണ്  അദ്ദേഹം ടെസ്റ്റമെന്റ് തുടങ്ങുന്നത്. എന്നും പ്രാര്‍ഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്നാണ് അദ്ദേഹം മരണപത്രികയില്‍ പറയുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ ഇഷ്ടപ്പെട്ടിരുന്ന പള്ളിയാണിത്. ജെമെല്ലി ആശുപത്രിയിലെ ചികില്‍സ കഴിഞ്ഞെത്തിയ മാര്‍പാപ്പ ഏപ്രില്‍ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മേരി മേജര്‍ ബസിലിക്കയിലെത്തുകയും പരിശുദ്ധ അമ്മയ്ക്ക് പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സാധാരണയായി വിദേശ അപ്പസ്‌തോലിക യാത്രകള്‍ക്ക് മുന്‍പും ശേഷവും മേരി മേജര്‍ ബസിലിക്കയിലെത്തി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാറുള്ള പാപ്പാ, ഇത് 126-മത് തവണയാണ് മേരി ബസിലിക്കയിലെത്തിയത്.

പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞടുക്കപ്പെട്ടതിന്റെ പിറ്റേന്ന്, അതായത് 2013 മാര്‍ച്ച് 14-നും പാപ്പാ ഈ ബസിലിക്കയിലെത്തിയിരുന്നു. സഭയെ നയിച്ച ഒരുവ്യാഴവട്ടക്കാലം പാപ്പായുടെ ആത്മീയ ആശ്രയമായിരുന്നു സെന്റ് മേരി മേജര്‍ ബസിലിക്ക. കന്യാമറിയത്തിന്റെ കടുത്ത ഭക്തനായ പാപ്പ ഈ ആത്മബന്ധം മുന്‍ നിര്‍ത്തിയാണ്  അന്ത്യവിശ്രമ ഇടമായി സെന്റ് മേരി മേജര്‍ കത്തീഡ്രല്‍ തിരഞ്ഞെടുത്തത്. റോമിലെ  നാല് പ്രധാന പേപ്പല്‍ ബസിലിക്കകളില്‍ പരിശുദ്ധ മറിയത്തിന്റെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് ദി ബസലിക്ക ഓഫ് സെന്റ് മേരി മേജര്‍ അഥവാ സാന്റ മരിയ മജിയോറി. 'മഞ്ഞു ബസിലിക്ക' എന്നും, പ്രാചീന റോമാക്കാരുടെ പൊതുമന്ദിരങ്ങളുടെ രീതിയില്‍ നിര്‍മിച്ച ഈ ദേവാലയം അറിയപ്പെടുന്നു.

എ.ഡി. 352-ല്‍ പോപ്പ് ലിബേരിയൂസിന്റെ (352-366) ഭരണകാലത്താണ് മേരി മേജര്‍ ബസിലിക്ക നിര്‍മ്മിച്ചത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, റോമിലെ പ്രഭു കുടുംബമായ ജോണിനും ഭാര്യയ്ക്കും മക്കളുണ്ടായിരുന്നല്ല. അവരുടെ കാലശേഷം സ്വത്തുവകകള്‍ ഇഷ്ടദാനം ചെയ്യാന്‍ ഒരു അനന്തരാവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും കേണപേക്ഷിച്ചു. ഓഗസ്റ്റ് മാസം അഞ്ചാം തീയതി രാത്രി പരിശുദ്ധ മാതാവ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ ഏഴ് മലകളിലൊന്നായ 'എസ്‌ക്യുലിന്‍' കുന്നില്‍ ഒരു ദേവാലയം പണിയാന്‍ ആവശ്യപ്പെട്ടു. പള്ളി പണിയേണ്ട യഥാര്‍ത്ഥ സ്ഥലം മഞ്ഞുപെയ്യിച്ച് കാണിച്ചു തരാമെന്ന് പരിശുദ്ധ കന്യാമറിയം വാഗ്ദാനം കൊടുക്കുകയും ചെയ്തു.

അതികഠിനമായ ഒരു വേനല്‍ക്കാല രാത്രിയില്‍ എസ്‌ക്യുലിന്‍ കുന്നില്‍ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞു പെയ്തു. ലിബേരിയൂസ് മാര്‍പാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്ന ദര്‍ശനം ഉണ്ടാവുകയും അത്ഭുതകരമായി, മഞ്ഞു പെയ്തത് കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് മാസത്തിലെ അസാധാരണമായ മഞ്ഞുവീഴ്ച കാണാന്‍ ധാരാളം ജനങ്ങള്‍ അത്ഭുതപരതന്ത്രരായി എത്തി ചേര്‍ന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുത മഞ്ഞ് മഴ കാണാന്‍ നേരത്തെ തന്നെ എത്തിയിരുന്നു.

ഉടന്‍ തന്നെ മഞ്ഞുപെയ്ത സ്ഥലത്ത് പള്ളിയുടെ നിര്‍മാണം ആരംഭിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ലിബേരിയൂസ് മാര്‍പാപ്പ തന്നെ ദേവാലയം കൂദാശ ചെയ്തു. ഈ ദൈവാലയ നിര്‍മ്മിതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നല്‍കിയതിനാല്‍ ബസിലിക്ക ലിബേരിയാന, എന്നും ബസിലിക്ക ഓഫ് സെയ്ന്റ് മേരി മേജര്‍ അറിയപ്പെടുന്നു. എ.ഡി 431-ലെ എഫേസൂസ് കൗണ്‍സില്‍ പരിശുദ്ധ കന്യാമറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചപ്പോള്‍ റോമിന്റെ ബിഷപ്പായിരുന്ന സിക്റ്റ്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പ (432-440) ബസിലിക്കാ നവീകരിക്കയും കൂടുതല്‍ മോടിപിടിപ്പിക്കുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടു മുതല്‍ ഈ ബസിലിക്കാ സെന്റ് മേരി ദി ഗ്രേറ്റ് അല്ലെങ്കില്‍ സെന്റ് മേരി ദി മേജര്‍ എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞുപെയ്ത്തില്‍ നിന്ന് ഉദയം ചെയ്തതിനാല്‍ ഈ ബസിലിക്ക ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് എന്നും അറിയപ്പെടുന്നു. ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് യൂജീന്‍ മൂന്നാമന്‍ പാപ്പായാണ് (1145-1153). വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലസ് പോപുലി റോമനി-'റോമിലെ ജനങ്ങളുടെ സംരക്ഷക' എന്ന മരിയന്‍ ചിത്രം ഈ ദേവാലയത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടില്‍ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാര്‍പാപ്പയുടെ കാലത്ത് (590-604) റോമില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ഈ ചിത്രവുമായി അദ്ദേഹം പ്രദക്ഷിണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാദ്ധ്യസ്ഥ്യം യാചിക്കുകയും തല്‍ഫലമായി റോമാ പട്ടണം പ്ലേഗില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമാവുകയും ചെയ്തു.

1837-ല്‍ ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പ (1830-1846) റോമില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ ഈ ചിത്രവുമായി വീണ്ടും പ്രദക്ഷിണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടെന്നു തന്നെ റോമാ നഗരം പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷ നേടി. ഓഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ ഓര്‍മ്മ പുതുക്കി എല്ലാ വര്‍ഷവും ആഗസ്റ്റ് അഞ്ചാം തീയതി ബസിലിക്ക ഓഫ് സെന്റ് മേരി മേജറിന്റെ സമര്‍പ്പണ തിരുനാള്‍ ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്നു. അങ്ങനെ വിശ്വാസത്തിന്റെ ഉദാത്തമായ ചരിത്രം പേറുന്ന ഈ ബസിലിക്കയിലാണ് മാനവികതയുടെ അപ്പോസ്തലനായ പ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമ സ്ഥലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക