ശ്രീ എ സി ജോർജ് തന്റെ റെയിൽവേ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ കേരളത്തിലെയും ബാംഗളൂരിലെയും മലയാളി ജീവിതമാണ് പശ്ചാത്തലം.
പാളങ്ങൾ വിലാസിനിയുടെ കഥയാണ്. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്.
വിലാസിനി എന്ന ഇരയുടെ കഥ. കഥ, കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം.
ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു. കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം, വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു. അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി അയാളുടെ ഇംഗിതത്തിന് വഴങ്ങി ഗർഭിണിയാകുന്നു. ആ വാർത്ത കേട്ട് കാൻസർ ബാധിതയായ അമ്മ മരിക്കുന്നു.
വിലാസിനിയെ വ്യഭിചാര ശാലയിലേക്ക് പ്രഭാകരൻ തള്ളി വിടുന്നു. അവിടെ നിന്നും രക്ഷപ്പെട്ടു അവൾ മരിക്കാനായി റെയിൽവേ പാളത്തിൽ തലവച്ച് കിടക്കുന്നു. യാദൃച്ഛികമായി അവളെ കാണുന്ന രാമചന്ദ്രൻ എന്ന സ്റ്റേഷൻ മാസ്റ്റർ അവളെ രക്ഷ പെടുത്തി തന്റെ ക്വാർട്ടർസിൽ കൊണ്ടു വന്നു താമസിപ്പിക്കുന്നു. അവളുടെ കദന കഥ കേട്ട് അവളോട് അലിവും സ്നേഹവും അയാൾക്ക് ഉണ്ടാകുന്നു.
അവരുടെ ബന്ധം സമുദായവും വീട്ടുകാരും അംഗീകരിക്കുന്നില്ല. പരദൂഷണങ്ങൾ കൊണ്ട് അവരെ ഒറ്റപ്പെടുത്തുന്നു. എങ്കിലും അവർ വിവാഹിതരാകുന്നു. അതു വരെ കുത്തഴിഞ്ഞ ജീവിതം നയിച്ച രാമചന്ദ്രന് ജീവിതത്തിന് ഒരു ദിശാബോധം കിട്ടുന്നു.
പക്ഷേ അവരുടെ സന്തോഷം ഏതാനും ദിവസങ്ങളേ നീണ്ടു നിന്നുള്ളൂ. തന്റെ പഴയ സുഹൃത്ത് ഭാസ്കരൻ മദ്യപിച്ച് തന്നെ അധിക്ഷേപിച്ചപ്പോൾ രാമചന്ദ്രന് സഹിക്കാനായില്ല. തന്നെ കഠാര കൊണ്ട് കുത്താൻ വന്ന അയാളുമായുള്ള മൽപ്പിടുത്തത്തിൽ കഠാര സ്വന്തം വയറ്റിൽ കൊണ്ട് സുഹൃത്ത് മരിക്കുന്നു.
കൊലപാതകത്തിന് രാമചന്ദ്രൻ അറസ്റ്റിലായി ജയിലിൽ ആയപ്പോൾ വിലാസിനിക്ക് ആരുമില്ലാതായി. അവൾ വീടും തൊഴിലും ഇല്ലാതെ തെരുവിന്റെ സന്തതിയായി. കഴുകന്മാരുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആണ് ഡോക്ടർ വിൽസൺ എന്ന പരോപകാരി വിലാസിനിയുടെ രക്ഷകൻ ആകുന്നത്. ഗർഭിണിയായ അവളെ സ്വന്തം നഴ്സിംഗ് ഹോമിൽ താമസിപ്പിച്ചു ചികിത്സിക്കുന്നു. അവൾ പ്രസവിക്കുന്നു. പക്ഷേ കുട്ടി മരിക്കുന്നു.
അതിന് ശേഷമാണ് വിൽസന്റെ തനിനിറം അവൾക്ക് മനസ്സിലാവുന്നത്. അവൾ ബലാത്സംഗത്തിന് ഇരയാകുന്നു. അതിലുപരി അവൾ അയാളുടെ പെൺവാണിഭ ശൃംഖലയുടെ കെണിയിൽ പെടുന്നു. രക്ഷപെടാൻ മാർഗമില്ലാതെ അവൾ അയാൾക്ക് വഴങ്ങി കൊടുക്കുന്നു.
അവളുടെ ആവശ്യ പ്രകാരം രാമചന്ദ്രനെ കാണാൻ അയാൾ അനുവദിക്കുന്നു. കോടതിയിൽ എത്തുന്ന അവളെ രാമചന്ദ്രൻ അവഗണിക്കുന്നു. തന്റെ എല്ലാമെന്നു കരുതിയ ആളിൽ നിന്നുള്ള ശകാരം സഹിക്കവയ്യാതെ അവൾ വീണ്ടും ജീവനൊടുക്കാൻ റയിൽവെ പാളത്തിലേക്ക് നീങ്ങുന്നു.
അപ്രതീക്ഷിതമായി രാമചന്ദ്രനെ കോടതി കൊലപാതക കുറ്റത്തിൽ നിന്നും വെറുതെ വിടുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ച രാമചന്ദ്രനും മരിക്കാൻ വേണ്ടി റെയിൽവേ പാളത്തിൽ എത്തുന്നു. അവിടെ രാമചന്ദ്രനും വിലാസിനിയും വീണ്ടും കണ്ടു മുട്ടി ഒന്നാകുന്നു. അങ്ങനെ കഥ ശുഭ പര്യാവസായി അവസാനിക്കുന്നു.
വിലാസിനി ചൂഷണം ചെയ്യപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതിനിധിയാണ്. പുരുഷ മേധാവിത്വം നടമാടുന്ന സമൂഹം ഇരയെ തെറ്റുകാരിയായി ചിത്രീകരിച്ച് സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്നു. വിലാസിനി നേരിടേണ്ടി വന്ന ദുരന്താനുഭവങ്ങൾ മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കും.
രണ്ട് പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അവൾ ലോല ഹൃദയ ആയിരുന്നുവെങ്കിലും സ്നേഹവും നന്മയും അവളുടെ സവിശേഷതകൾ ആയിരുന്നു. ആരെയും വിശ്വസിക്കുന്ന പ്രകൃതം. ചൂഷണങ്ങൾക്ക് ഇരയായതിൽ അത്ഭുതപ്പെടാനില്ല.
രാമചന്ദ്രൻ എന്ന റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന വിലാസിനിയുടെ രക്ഷകൻ ആയി മാറി വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പുകളും പരിഹാസങ്ങളും അവഗണിച്ചുകൊണ്ട് അവളെ വിവാഹം കഴിക്കുന്നു. നിരപരാധി ആണെങ്കിലും സുഹൃത്തിന്റെ കൊലപാതക കുറ്റം ചുമത്തപ്പെട്ടു ജയിലിൽ പോകുന്ന അയാൾ തിരിച്ചു വന്നു വിലാസിനിയെ റെയിൽ പാളത്തിൽ നിന്നും രക്ഷപെടുത്തി വീണ്ടും അവളെ സ്വീകരിക്കുന്നു. രാമചന്ദ്രൻ കുത്തഴിഞ്ഞ ഒരു ജീവിതം നയിച്ചിരുന്നുവെങ്കിലും നന്മയുടെ പ്രതീകമായി ആണ് ഈ കഥയിൽ അവതരിക്കപ്പെടുന്നത്.
ഈ കഥയിലെ വില്ലൻ കഥാപാത്രങ്ങൾ ആണ് പ്രഭാകരനും വിൽസണും. രണ്ടു പേരും തിന്മയുടെയും, ചൂഷണത്തിന്റെയും, സ്വാർത്ഥതയുടെയും പ്രതീകങ്ങൾ ആണ്. പണത്തിനും സ്വാർത്ഥലാഭത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ.
‘മാന്യതയുടെ മൂടുപടമണിഞ്ഞ, സല്‍പ്പേരില്‍ പെണ്ണുങ്ങളുടെ മാനം വിറ്റു സമ്പന്നനായ ഡോക്ടര്‍ വില്‍സന്’. ‘കുഞ്ഞാടിന്റെ രൂപത്തില്‍ ചെന്നായ്’ അയാളുടെ നഴ്സിംഗ് ഹോമിന്റെ മറവിൽ പെൺ വാണിഭവും, പല തരം ക്രിമിനൽ വ്യവഹാരങ്ങളും ആണ് നടന്നിരുന്നത്. അയാൾ ഒരു വ്യാജ ഡോക്ടർ ആയിരുന്നു. സമൂഹത്തിൽ എല്ലാ രംഗത്തും സ്വാധീനമുള്ള വ്യക്തി.
ചതിയും, വഞ്ചനയും ചൂഷണവും, ചൂഷണത്തിന്റെ ഇരകളും ഈ കഥയുടെ പ്രധാന ബിന്ദു ആണ്.
സ്ത്രീപുരുഷ ബന്ധങ്ങളും ലൈംഗീകതയും കഥാകൃത്ത് ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്നതിൽ പ്രത്യേകതയുണ്ട്. ഇതിൽ വേശ്യാലയവും വേശ്യാവൃത്തിയും കുടുംബബന്ധവും പ്രേമവും വിവാഹവും ലൈംഗിക ചൂഷണവും ബലാത്സംഗവും എല്ലാം വിവരിക്കപ്പെടുന്നുണ്ട്. ഇതിൽ കഥാകൃത്ത് തന്മയത്വം പാലിച്ചു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. .
ശ്രീത്വത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. വേശ്യാലയത്തിലെ മുത്തശ്ശിയും വിൽസന്റെ ശിൽബന്ധികളായ സൂസനും മറ്റും സ്ത്രീത്വത്തിന്റെ മോശമായ വശങ്ങൾ പ്രതിഫലിപ്പിക്കുമ്പോൾ വിലാസിനിയും വിലാസിനിയുടെ അമ്മയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതിബിംബങ്ങളായി നിലകൊള്ളുന്നു.
ധർമ്മം നീതി മതങ്ങൾ ഇവയെക്കുറിച്ചും ഈ കഥയിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.
ഭർത്താവ് ജയിലിലായപ്പോൾ നിരാലംബയായി കടത്തിണ്ണയിൽ അന്തിയുറങ്ങുമ്പോൾ വിലാസിനി ഗദ്ഗദപ്പെടുന്നു:
“ മനുഷ്യന്‍ ധര്‍മ്മത്തിനും നീതിക്കും വേണ്ടി മുറവിളി കൂട്ടുന്നു. ധര്‍മ്മസ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു. പത്രത്തില്‍, സിനിമയില്‍, പുസ്തകത്തില്‍ എല്ലാം നീതി- സത്യശാസ്ത്രങ്ങള്‍ക്കുവേണ്ടി മര്‍ത്യഗണം വാദിക്കുന്നു. എന്നാല്‍ അവരെന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതവരെ അനുദിനം വിട്ടകലുകയാണ്. അസ്തമിക്കുയാണ്. ലോകം സോദോം ഗമോറകള്‍ ആയിരിക്കുകയാണ്.”
വിലാസിനി വിൽസന്റെ മുമ്പിൽ നിസ്സഹായയായി നിൽക്കുമ്പോൾ വിലാസിനിയുടെ മനസ്സിലെ ചിന്തകൾ കഥാകൃത്ത് രേഖപ്പെടുത്തുന്നത് ഇങ്ങനെ:
“എത്ര രൂപങ്ങളിലും ഭാവങ്ങളിലുമാണ് ഭൂമുഖത്തു വഞ്ചനകള്‍ നടക്കുന്നത്...! ആരു നല്ലവന്‍, ആരു കെട്ടവന്‍... ഒരിക്കലും ഒരു തീര്‍പ്പിലെത്താന്‍ സാദ്ധ്യമല്ല. മനുഷ്യത്വം ബലികഴിക്കപ്പെടുന്നു. സ്വാര്‍ത്ഥതയുടെ ബലിക്കല്ലില്‍ ധര്‍മ്മത്തിനു മൂല്യമേയില്ല. അതു വേദഗ്രന്ഥങ്ങളിലും പ്രസംഗപീഠങ്ങളിലും മാത്രം വിലപ്പോകുന്ന പൊള്ളയായ പദങ്ങളാണ്.”
റെയിൽവേ പാളങ്ങൾ ഈ കഥയിലെ ശക്തമായ ഒരു പ്രതികമാണ്. അത് ജീവിത യാത്രയുടെ പ്രതി ബിംബമാണ്. പാളങ്ങൾ പല ദിശയിലേക്കും തിരിയുന്നതുപോലെ ജീവിതം ദുരന്തിലേക്കും നിരാശയിലേക്കും പ്രതീക്ഷയിലേക്കും സന്തോഷത്തിലേക്കും തിരിയാം. പാളങ്ങൾ ജീവിതത്തിന്റെ വഴിത്തിരിവിനെയും അപകടങ്ങളെയും സൂചിപ്പിക്കുന്നു.
തട്ടിപ്പും വെട്ടിപ്പും ചൂഷണവും നടക്കുന്ന ലോകത്തിൽ നന്മയുടെ തിരി കെട്ടുപോയിട്ടില്ല എന്ന സന്ദേശമാണ് വിലാസിനി, രാമചന്ദ്രൻ എന്ന കഥാപാത്രങ്ങളിലൂടെ കഥാകൃത്ത് നൽകുന്നത്.
ജീവിതയാത്രയിൽ ഏത് ദിശയിലേക്കുള്ള പാളങ്ങൾ സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ആ തീരുമാനങ്ങളാണ് ദുരന്തത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നത്. റെയിൽവേ പാളങ്ങൾ കേന്ദ്ര ബിന്ദുവാക്കി വികസിപ്പിച്ചെടുത്ത ഈ കഥയിലെ ദാർശനികതയാണ് കഥയുടെ ശക്തിയും കഥയെ ആകർഷണീയമാക്കുന്നതും. കഥാകൃത്ത് ശ്രീ എ.സി. ജോർജ് അഭിനന്ദങ്ങൾ അർഹിക്കുന്നു.
നോവൽ ആമസോൺ കിൻഡിലിൽ ലഭ്യമാണ്.