അമേരിക്കൻ മലയാളി കുട്ടികൾക്ക് മലയാളഭാഷയുമായി ബന്ധപ്പെടാൻ മുംബൈയിൽ നിന്നും അമ്പിളി ടീച്ചർ ഈ പംക്തി കൈകാര്യം ചെയ്യുന്നു. പാട്ടോർമ്മകൾ എന്ന പംക്തിയിലൂടെ അമേരിക്കൻ മലയാളി വായനക്കാർക്ക് സുപരിചിതയായ എഴുത്തുകാരി, ഗ്രന്ഥകാരി, സംഘാടക, അധ്യാപിക, അഭിനേത്രി എന്നീ നിലകളിലും അറിയപ്പെടുന്നു. മുംബൈ മലയാളി സാഹിത്യരംഗത്ത് പ്രമുഖ സാന്നിധ്യം- Editor
എന്താണ് ഈസ്റ്റർ
യേശുദേവന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ഈസ്റ്റർ. ഈ വർഷത്തെ ഈസ്റ്റർ ഏപ്രിൽ ഇരുപതിനായിരുന്നു. ദുഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായാറാഴ്ചയാണ് ഈസ്റ്റർ. വസന്തകാലത്താണ് ഈസ്റ്റർ വരുന്നത്. കൃസ്തുമസ് എല്ലാ വർഷവും ഡിസംബർ ഇരുപത്തിയഞ്ചിന് വരുന്ന പോലെ ഈസ്റ്റർ ഒരു നിശ്ചിത തിയ്യതിയിലല്ല വരുന്നത്. ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി യേശുനാഥൻ കുരിശ്ശിൽ മരിച്ചെങ്കിലും മരണത്തെ അതിജീവിച്ചുകൊണ്ട് അദ്ദേഹം ഉയർത്തെഴുനേറ്റ ദിവസമാണ് ഈസ്റ്റർ.
ബൈബിളിൽ യേശുനാഥന്റെ പുനരുത്ഥാനത്തെപ്പറ്റി ഇങ്ങനെ പറയുന്നു. യേശുവിന്റെ മരണത്തിലൂടെ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നു. അത് മനുഷ്യർക്ക് നിത്യമായി ജീവിക്കാനുള്ള ഒരു അവസരവും നൽകുന്നു. (റോമർ 6:23; എഫെസ്യർ 1:7) കഠിനമായ പരിശോധനകൾ നേരിടുമ്പോൾപ്പോലും മനുഷ്യർക്ക് ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ കഴിയുമെന്ന് യേശുവിന്റെ മരണം തെളിയിച്ചു.—എബ്രായർ 4:15.
പ്രത്യാശയുടെ കിരണം ഓരോ മനസ്സിലും ഉദിപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഈ ദിവസത്തെ കൃസ്തുമതവിശ്വാസികൾ ആഘോഷിക്കുന്നു. വൈകിയാണെങ്കിലും എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ.
ഈസോപ്പ്‌കഥകൾ
കാലാകാലങ്ങളായി കുട്ടികളെ ആനന്ദിപ്പിച്ചുവരുന്ന ഒന്നാണ് ഈസോപ്പ് കഥകൾ. നന്മയുടെ വഴിയിലേക്ക് അവരെ നയിക്കാനും അപകടങ്ങളിൽ ചെന്ന് പെടാതിരിക്കാനും ബോധനപരമായ (pedagogical)കാര്യങ്ങൾ അടങ്ങുന്നതാണ് ഈസോപ്പ് കഥകൾ. രണ്ടു കഥകൾ വായിക്കാം.
വണ്ടിക്കാരനും ദൈവവും.
ചളി നിറഞ്ഞ നിരത്തിലൂടെ ഭാരമേറ്റിയ കാളവണ്ടി തെളിച്ചുപോയ വണ്ടിക്കാരൻ തന്റെ വണ്ടി ചളിയിൽ പൂണ്ടുപോയി എന്നറിഞ്ഞു കാളകളെ തല്ലി കൊണ്ട് അവരെ പൂർവാധികം ശക്തിയോടെ വണ്ടി വലിക്കാൻ ശ്രമിപ്പിച്ചുകൊണ്ടിരുന്നു. എന്ത് ചെയ്തിട്ടും വണ്ടി അനങ്ങിയില്ല. വണ്ടിക്കാരൻ നിരാശനായി. ചുറ്റിലും ആരും സഹായത്തിനായി ഇല്ലായിരുന്നു. അത്തരം നിസ്സഹായ സാഹചര്യങ്ങളിൽ നമ്മൾ ചെയ്യുക ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. വണ്ടിക്കാരനും തൊഴുതുകൊണ്ടു ദൈവത്തോട് പ്രാർത്ഥിച്ചു. കുറെ നേരം പ്രാർത്ഥിച്ചിട്ടും ദൈവം അപേക്ഷ കൈക്കൊണ്ടില്ല. വണ്ടിക്കാരൻ വളരേ വേദനയോടെ ഉറക്കെ ഉറക്കെ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു. അവസാനം ദൈവം അരുളി ചെയ്തു. നീ നിന്റെ സ്വയം കരുത്ത് ഉപയോഗിക്കുക. വണ്ടിയെ പുറകെ നിന്നും തള്ളികൊടുക്കുക. അപ്പോൾ കാളകൾക്ക് എളുപ്പം വണ്ടിയെ ചെളിക്കുണ്ടിൽ നിന്നും രക്ഷപെടുത്താൻ കഴിയും. വണ്ടിക്കാരൻ അപ്രകാരം ചെയ്യുകയും വണ്ടി മുന്നോട് നീങ്ങുകയും ചെയ്തു.
തന്നത്താൻ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നു എന്ന ഗുണപാഠം നമ്മൾ ഈ കഥയിൽ നിന്നും പഠിക്കുന്നു.
എലിയും സിംഹവും
ഉറങ്ങിക്കിടന്ന സിംഹത്തിന്റെ മുന്നിലെത്തിയ ഒരു എലി പരിഭ്രമിച്ചു എന്ത് ചെയ്യണമെന്നറിയാതെയുള്ള പരാക്രമത്തിൽ സിംഹത്തിന്റെ മൂക്കിന്മേൽ കൂടി ഓടി. പെട്ടെന്നു ഉണർന്ന സിംഹം തന്റെ മുൻപാദങ്ങൾ എലിയുടെ മേൽവച്ച് അതിനെ കൊല്ലാൻ ശ്രമിക്കവേ എലി വിറച്ചുകൊണ്ട് അപേക്ഷിച്ചു. എന്നെ ഇപ്പോൾ വിടുക. ഒരു ദിവസം ഞാൻ ഇതിനു പ്രത്യുപകാരം ചെയ്യും. എലിയുടെ സഹായവാഗ്ദാനം കേട്ട് സിംഹം അത്ഭുതം കൂറി. എന്നാലും എലിയോട് ദയ തോന്നി അതിനെ വെറുതെ വിട്ടു. കുറച്ചുനാളുകൾക്ക് ശേഷം സിംഹം ഒരു വേടന്റെ വലയിൽ വീണു. രക്ഷക്കായി സിംഹം ദീന ഗർജ്ജനം ചെയ്തു കാടിനെ ഇളക്കി. സിംഹത്തിന്റെ വിലാപം കേട്ട് ഓടി വന്ന ഏലി തന്റെ പല്ലുകൾ ഉപയോഗിച്ച് വല കരണ്ട് പൊട്ടിച്ച് സിംഹത്തെ സ്വതന്ത്രനാക്കി.
നമ്മൾ മറ്റുള്ളവരോട് കാണിക്കുന്ന ദയയും ഔദാര്യങ്ങളും നമ്മെ പലപ്പോഴും സഹായിക്കും
നിങ്ങൾക്കറിയാമോ?
• ചോദ്യചിഹ്നം പോലെ പൂച്ച വാല് പൊക്കി പിടിച്ചാൽ കളിയ്ക്കാൻ കൂടുന്നോ എന്ന് നമ്മോട് ചോദിക്കയാണ്.
• പൂച്ചക്ക് 230 എല്ലുകൾ ഉണ്ട്. മനുഷ്യന് 206 മാത്രം.
• ഏറ്റവും അധികം ഇഴജന്തുക്കൾ ഉള്ള രാജ്യം ആസ്‌ട്രേലിയ
• സിംഹത്തിനു മണിക്കൂറിൽ അമ്പത് മൈൽ ഓടാനുള്ള കഴിവുണ്ട്.
• ലോക ജനസംഖ്യയിലെ പത്തു ശതമാനം ഇടക്കയ്യൻമാരാണ്.
• തേൻ മാത്രമാണ് കേടുവരാത്ത ഭക്ഷണ പദാർത്ഥം.
• ഡോൾഫിൻസ് ഒരു കണ്ണ് തുറന്നുപിടിച്ചുകൊണ്ട് ഉറങ്ങുന്നു.
• ഒരു സെക്കൻഡിൽ ഇരുപത് തവണ ഒരു മരംകൊത്തിക്ക് കൊത്താൻ കഴിയും.
• ഭാസ്സിൽ രതം ആണ് ഭാരതം അതായത് പ്രകാശത്തെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഭാരതം എന്നും പറയപ്പെടുന്നുണ്ട്.
• സിന്ധുനദിയുടെ പേരിൽ നിന്നാണ് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായത്. സിന്ധു നദിയെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നത് കേട്ട് ഗ്രീക്കുകാർ ഇൻഡസ് (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു.
തെന്നാലി രാമൻ കഥകൾ
മഹാരാജാവായ ശ്രീകൃഷ്ണദേവരായരുടെ(ഭരണകാലം 1509 to 1529 AD) ഉപദേശക സമിതിയിൽ ഉണ്ടായിരുന്ന ഗാർലപതി രാമകൃഷ്ണയ്യ തെന്നാലി രാമൻ എന്നാണറിയപ്പെട്ടിരുന്നത്. കൊട്ടാരം വിദൂഷകനായ അദ്ദേഹം രാജാവിനോട് ഭക്തിയുള്ളവനായിരുന്നു. പല പ്രശ്നങ്ങൾക്കും അദ്ദേഹം നിർദേശിച്ച പരിഹാരങ്ങൾ ജനങ്ങളെ അത്ഭുതപെടുത്തിയിരുന്നു. വളരെ നർമ്മത്തോടെയാണ് അദ്ദേഹം ഓരോ പ്രശ്നങ്ങളെയും സമീപിച്ചിരുന്നത്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള കഥകൾ ബഹുരസമാണ്. നമുക്ക് ഒരു കഥ വായിക്കാം.
തത്തയും ദൈവഭക്തിയും
കൃഷ്ണദേവനായർ വളരെ വലിയ ഈശ്വരഭക്തനായിരുന്നു. തന്റെ പ്രജകൾ എല്ലാവരും ഈശ്വരനാമം ചെല്ലണമെന്ന് അദ്ദേഹം നിർദേശിച്ചു. രാജാവിന്റെ കൊട്ടാരത്തിൽ ഒരു തത്തയുണ്ടായിരുന്നു. അതിനെയും നാമം ചൊല്ലാൻ രാജാവ് ശീലിപ്പിച്ചിരുന്നു.അത് രാമാ കൃഷ്ണ എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ തെന്നാലി രാമൻ ഒരു കപടഭക്തനല്ലായിരുന്നു. ജനങ്ങൾ കാണിക്കുന്ന ഭക്തി യാഥാർത്ഥമല്ലെന്നു രാമൻ വിശ്വസിച്ചു. എന്നാൽ രാജാവ് രാമനോട് ചോദിച്ചു. നീ എന്താണ് ഈശ്വരനെ ഭജിക്കാത്തത്. നോക്ക് ഈ തത്തയെ, അതുപോലും നാമം ജപിക്കുന്നു. ഒരു തത്തക്കുള്ള ഭക്തിപോലും നിങ്ങൾക്കില്ലല്ലോ. രാമൻ പറഞ്ഞു. രാജാവേ തത്ത നാമം ജപിക്കുന്നത് ഭക്തികൊണ്ടല്ല. അതിനു ഭക്ഷണം കിട്ടാൻ വേണ്ടിയാണ്, രാമൻ അത് തെളിയിക്കാമെന്നു പറഞ്ഞു. പിറ്റേദിവസം അദ്ദേഹം രണ്ടു അറകൾ ഉള്ള ഒരു കൂട് കൊണ്ടുവന്നു.ഒന്നിൽ ഒരു പൂച്ചയുണ്ടായിരുന്നു. മറ്റേതിൽ തത്തയെ അടച്ചു. പൂച്ചയെ കണ്ടു തത്ത വിരണ്ടു. അത് പേടിച്ചു കൂട്ടിനുള്ളിൽ പറക്കാൻ തുടങ്ങി. രാജാവ് തത്തയോട് നാമം ജപിക്കാൻ പറഞ്ഞു. ജീവഭയം പൂണ്ടു നിൽക്കുന്ന തത്തയുണ്ടോ നാമം ജപിക്കുന്നു. എത്ര തവണ പറഞ്ഞിട്ടും അത് അനുസരിച്ചില്ല. രാജാവ് മനസ്സിലാക്കി തത്തയും മറ്റു പലരും നാമം ജപിക്കുന്നത് വിശപ്പടക്കാൻ വേണ്ടി മാത്രമാണെന്ന്.
ലോകചരിത്രം - അറിവുകൾ പരിശോധിക്കാം
1. പുതിയ ലോകം തേടിയുള്ള യാത്രക്ക് ക്രിസ്റ്റഫർ കൊളംബസിനു സാമ്പത്തികസഹായം ചെയ്തത് ആർ?
2. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി അറിയപ്പെടുന്നത്.
3. ഫ്രഞ്ച് വിപ്ലവും ആരംഭിച്ച വർഷം
4. ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചയാളായി അറിയപ്പെടുന്നത്
5. ലോകസമാധാനം നില നിർത്താൻ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം നിയമിക്കപ്പെട്ട അന്താരാഷ്ട്ര ഗ്രൂപ്
6. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചുവെന്ന പൊതുവെ വിശ്വസിക്കുന്ന സംഭവം
ഉത്തരങ്ങൾ
1. സ്പെയിനിലെ ഫെർഡിനാൻഡ് രാജാവും രാജ്ഞി ഇസബെല്ലയും
2. മംഗോളിയരുടെ സാമ്രാജ്യം
3. 1789
4. ജോഹാന്നസ് ഗുട്ടൻബെർഗ്
5. ലീഗ് ഓഫ് നേഷൻസ്
6. ആസ്ട്രയായിലെ ആർച്ച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനന്റിന്റെ കൊലപാതകം.
(ഈ പംക്തിയിലേക്ക് നിങ്ങൾ എഴുതിയ കുട്ടികഥകൾ ഉണ്ടോ? ദയവായി അയക്കുക) വിവരങ്ങൾക്ക് ശ്രീമതി അമ്പിളി കൃഷ്ണകുമാറിന് ഇമെയിൽ ചെയ്യുക.
ambili.kkumar@gmail.com