ചൈനയുടെ മേൽ ചുമത്തിയ 145% ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവാഴ്ച്ച സൂചിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി താൻ നടത്തുന്ന ചർച്ചയ്ക്കു ശേഷം അതിനു കഴിയുന്ന വ്യാപാര കരാർ സാധ്യമാവും എന്നാണ് ട്രംപിന്റെ പ്രതീക്ഷ.
"145% വളരെ കൂടുതലാണ്," ട്രംപ് ഓവൽ ഓഫിസിൽ റിപ്പോർട്ടർമാരോട് പറഞ്ഞു. "അത്രയും കൂടുതൽ വേണ്ട. അതിനടുത്തെങ്ങും എത്തുന്നത്ര കൂടുതൽ വേണ്ട. അത് ഗണ്യമായി കുറയ്ക്കും. എന്നാൽ പൂജ്യം ആവില്ല."
മറ്റു പല വ്യാപാര പങ്കാളികൾക്കും താരിഫ് നീട്ടി വച്ചെങ്കിലും ട്രംപ് ആ ഇളവ് ചൈനയ്ക്കു നൽകിയിട്ടില്ല. ചൈന ആവട്ടെ, വിരട്ടു കൊണ്ടു കാര്യം സാധിക്കാൻ നോക്കേണ്ട എന്ന നിലപാടിലാണ്.
"നമ്മൾ വളരെ മാന്യമായ നിലപാട് എടുക്കും, അവരും," ചൈനയുമായി നടക്കാവുന്ന ചർച്ചയെ കുറിച്ച് ട്രംപ് പറഞ്ഞു. "എന്ത് സംഭവിക്കുമെന്നു നമുക്ക് നോക്കാം. അവർ എന്തായാലും നമ്മളുമായി ഒരു കരാർ ഉണ്ടാക്കിയേ പറ്റൂ. അല്ലെങ്കിൽ യുഎസുമായി അവർക്കു ഇടപെടാൻ സാധ്യമല്ല."
ചൈനയുമായി ധാരണയിലെത്താൻ നീക്കം തുടങ്ങിയെന്നു വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞു. വിപണിയിലെ അസ്വാസ്ഥ്യങ്ങൾ കണക്കിലെടുത്തായിരുന്നു ഈ പ്രസ്താവം.
ഷിയുമായി നല്ല ബന്ധം
ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത് ഷിയുമായി നല്ല ബന്ധം ഉള്ളതു കൊണ്ടാണെന്നു ട്രംപ് അവകാശപ്പെട്ടു. "ചൈന നമ്മളെ പറ്റിക്കുകയായിരുന്നു. ഇനി അത് നടക്കില്ല. നമ്മൾ ചൈനയോട് വളരെ മാന്യമായി ഇടപെടും. പ്രസിഡന്റ് ഷിയുമായി വളരെ മികച്ച ബന്ധമുണ്ട്. പക്ഷെ അവർ വർഷം തോറും യുഎസിൽ നിന്നു ബില്യൺ കണക്കിനു ഡോളർ ആണ് സമ്പാദിക്കുന്നത്. അതുപയോഗിച്ചു അവരുടെ സൈനിക ശക്തി പെരുപ്പിക്കുന്നു. ഇനി അത് നടക്കില്ല.
"എന്നാൽ അവർക്കു സുഖമായി ജീവിക്കാം. അവർ ഏറെ സന്തുഷ്ടരാവും എന്നു ഞാൻ കരുതുന്നു. ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ഏറ്റവും ആശാസ്യം."
യുഎസ്-ചൈന വ്യാപാരയുദ്ധം തണുക്കുമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൊവാഴ്ച്ച നിക്ഷേപകരുടെ സമ്മേളനത്തിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
Trump says tariff on China will be reduced