ചരിത്രകാരൻ രാമചന്ദ്ര ഗുഹ ‘India after Gandhi – The History of the World’s Largest Democracy’ എന്ന പ്രസിദ്ധമായ പുസ്തത്തിൽ കാശ്മീർ പ്രശ്നം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 1980-കളിൽ ഏതാണ്ട് രണ്ടു ലക്ഷത്തോളം പണ്ഡിറ്റുകൾ കാശ്മീരി താഴ്വരയിൽ ഉണ്ടായിരുന്നു. 1990-കളുടെ തുടക്കം മുതൽക്കാണ് 'ഹിസ്ബുൾ മുജാഹിദ്ദീൻ', 'ജമ്മു ആൻഡ് കാശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) - തുടങ്ങിയ സംഘടനകൾ കാശ്മീരിൽ ഭീകരത വിതക്കാൻ തുടങ്ങിയത്. അതുകൊണ്ട് 1990-കളുടെ അവസാനമായപ്പോൾ, കേവലം നാലായിരത്തോളം പണ്ഡിറ്റുകൾ മാത്രമേ കാശ്മീരി താഴ്വരയിൽ അവശേഷിച്ചുള്ളൂ. പലരും ആ ദശകത്തിൽ അക്രമത്തിനും, കൊലപാതകത്തിനും സ്ത്രീകൾ വളരെ ക്രൂരമായ ബലാത്സങ്ങത്തിനും ഇരയായി. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളോടൊപ്പം കാണേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. 1947-ൽ, പാകിസ്ഥാനിൽ കേവലം 136 മദ്രസകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ; 2000 ആയപ്പോൾ അവയുടെ സംഖ്യ മുപ്പതിനായിരം ആയി ഉയർന്നു. ('India after Gandhi – The History of the World’s Largest Democracy '-ൽ നിന്നുള്ള ഉദ്ധരണി, ഹാർപർ കോളിൻസ് പബ്ലിക്കേഷൻസ്, 2007 എഡിഷൻ, പേജ് 641)
രാമചന്ദ്ര ഗുഹയുടെ വെളിപ്പെടുത്തൽ വായിച്ചു കഴിഞ്ഞാൽ, തീവ്രവാദം ആരാണ് കാശ്മീർ താഴ്വരയിൽ സ്പോൺസർ ചെയ്യുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ലഷ്കറിൻറ്റെ ഹഫീസ് മുഹമ്മദ് സയ്യിദിൻറ്റെ വാക്കുകൾ രാമചന്ദ്ര ഗുഹ ഉദ്ധരിക്കുന്നുമുണ്ട്. ഇതാണ് ആ ഉദ്ധരിണി: “We beat the Russian superpower in Afghanisthan; we can beat the Indian forces too.” ('India after Gandhi – The History of the World’s Largest Democracy '-ൽ നിന്നുള്ള ഉദ്ധരണി, ഹാർപർ കോളിൻസ് പബ്ലിക്കേഷൻസ്, 2007 എഡിഷൻ, പേജ് 641). 1990-കളിൽ അഫ്‌ഗാനിസ്ഥാനിൽ മുജാഹിദ്ദിനുകൾ അധികാരം പിടിച്ചതിനു ശേഷം അവിടെ മൊബിലൈസ് ചെയ്യപ്പെട്ട ഇസ്‌ലാമിക ഭീകരതയെ കാശ്മീരിലോട്ട് 'റി-ഡയറക്റ്റ്' ചെയ്യുകയായിരുന്നു 'ലഷ്കർ - ഇ-തോയ്ബ' പോലുള്ള സംഘടനകൾ ചെയ്തത്. അതിനവർക്ക് പാക്കിസ്ഥാൻ സൈന്യത്തിൻറ്റേയും ഇറ്റലിജെൻസിൻറ്റേയും സഹായം നിർലോഭം ഉണ്ടായിരുന്നൂ. ഈയടുത്ത് പോലും പാക്കിസ്ഥാൻ ആർമി ചീഫിൻറ്റെ കാശ്മീരിലെ തീവ്രവാദത്തിനു പിന്തുണ നൽകുന്ന പ്രസ്താവന അതാണ് സൂചിപ്പിക്കുന്നത്.
1965-ൽ ജനറൽ അയൂബ് ഖാൻറ്റെ പാക്കിസ്ഥാൻ സൈന്യം ഇന്ത്യ ആക്രമിച്ചപ്പോൾ, പാക്കിസ്ഥാനിൽ ഉയർന്ന മുദ്രാവാക്യം ശ്രദ്ധിക്കുക: “Has Ke Liye Hai Pakistan, Ladke Lenge Hindustan” (We achieved Pakistan laughing; we will take India fighting). ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ, പാക്കിസ്ഥാൻ സൈന്യത്തിനു വാലും ചുരുട്ടി ഓടേണ്ടി വന്നത് പിന്നത്തെ കഥയാണ്. ശാസ്ത്രി 'ജയ് ജവാൻ; ജയ് കിസാൻ' മുദ്രാവാക്യം മുഴക്കിയാണ് 'ഹിന്ദുസ്ഥാൻ ആക്രമിച്ചു പിടിക്കും" എന്ന പാക്കിസ്ഥാനികളുടെ മുദ്രാവാക്യത്തെ നേരിട്ടത്.
മൊത്തത്തിൽ പറഞ്ഞാൽ, 1960-കളിൽ നിന്നും, 70 -പതുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി 1990-കളിൽ ഉയർന്നുവന്ന ഭീകര പ്രസ്ഥാനങ്ങൾ ആണ് ഇന്ന് കാശ്മീരിൽ കാണുന്ന ഭീകരാവസ്ഥക്ക് കാരണം. സ്ത്രീകളെ പർദ്ദക്കുള്ളിൽ ആക്കുന്ന ഇന്നത്തെ കാശ്മീരിലെ ഭീകരാവസ്ഥയെ നേരിടണമെങ്കിൽ, സ്ത്രീകൾ ഉൾപ്പെട്ട സെന്യത്തേയും, 'ലോ എൻഫോഴ്‌സ്‌മെൻറ്റിനേയും' പ്രോത്സാഹിപ്പിക്കണം. അങ്ങനെ 'സ്ത്രീശക്തി' പ്രോത്സാഹിപ്പിച്ചുകൊണ്ടു മാത്രമേ ഈ ഇസ്‌ലാമിക ഭീകരതയെ നേരിടാൻ സാധിക്കൂ
സ്ത്രീകൾ ഉൾപ്പെട്ട സെന്യത്തേയും, 'ലോ എൻഫോഴ്‌സ്‌മെൻറ്റിനേയും' പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക മത മൗലികവാദം ചെറുക്കുക എന്നൊന്നുള്ളത് പണ്ടേ 'എഫക്റ്റീവ്' ആയ ഒരു ഒരു തന്ത്രമാണ്. സോവിയറ്റ് ഫോഴ്സസ് അഫ്‌ഗാനിസ്ഥാനിൽ അവലംബിച്ച രീതിയുമാണത്. സോവിയറ്റ് പട്ടാളം ആദ്യമായി കാബൂളിൽ കാലുകുത്തിയത് 1979 ഡിസംബറിലാണ്. പിന്നീട് 1989 ഫെബ്രുവരിയിലാണ് അവസാനത്തെ സോവിയറ്റ് പട്ടാളക്കാരൻ അഫ്ഗാൻ മണ്ണിൽ നിന്ന് പിന്മാറുന്നത്. സോവിയറ്റ് യൂണിയൻ അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയിട്ടും പിന്നീട് മൂന്നു വർഷം വേണ്ടിവന്നു താലിബാന് അവിടെ ഭരണം പിടിക്കാൻ. കാരണമെന്തെന്നുവെച്ചാൽ, അന്നത്തെ അഫ്ഗാൻ പ്രസിഡൻറ്റ് ഡോക്ടർ നജീബുള്ളയും സോവിയറ്റ് യൂണിയനും ചേർന്ന് അഫ്‌ഗാനിസ്ഥാനിൽ 'ആധുനിക രാഷ്ട്ര നിർമാണ പ്രക്രിയ' എന്ന ഒന്ന് നടത്തിയിരുന്നു. ഡോക്ടർമാർ, നേഴ്‌സുമാർ, എൻജിനീയർമാർ - ഇങ്ങനെ അനേകം പ്രൊഫഷണലുകളെ അവർ അഫ്‌ഗാനിസ്ഥാനിൽ സൃഷ്ടിച്ചു. അതിൽ വലിയൊരു പങ്ക് സ്ത്രീകൾ ആയിരുന്നു.
പക്ഷെ ഇവിടെ പ്രശ്നം എന്താണെന്നുവെച്ചാൽ സ്ത്രീകളെ 'കോംബാറ്റ് ഫോഴ്‌സസ്' ആയി ഉപയോഗിച്ചാൽ അവർ വലിയ രീതിയിലുള്ള ലൈംഗിക പീഡനം പിടിക്കപ്പെട്ടാൽ നേരിടേണ്ടി വരും എന്നൊന്നുള്ളതാണ്. 'ഫ്യൂഡൽ-കൺസർവേറ്റീവ്' മൂല്യങ്ങൾ പേറുന്ന സമൂഹങ്ങളിൽ ഇത് വലിയ പ്രശ്നം തന്നെയാണ്. മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി.
സോവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ അധിനിവേശം കാരണമായി പറഞ്ഞുകൊണ്ട് സലഫി ഇസ്‌ലാമിനെ അമേരിക്കയും സഖ്യ കക്ഷികളുമാണ് അടുത്ത കാലത്ത് പ്രൊമോട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഹിലാരി ക്ളിൻറ്റൺറ്റെ വീഡിയോ പോലും കുറ്റസമ്മതമായിട്ടുണ്ട്. ട്രെബൽ കൾച്ചറും, വഹാബി ഇസ്ലാമും കൂടിച്ചേർന്ന മിശ്രിതത്തെ അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ എല്ലാ രീതിയിലും പ്രോത്സാഹിപ്പിച്ചു. അതല്ലെങ്കിൽ സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമിക സമൂഹങ്ങളിലും കുറെയൊക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയിൽ യൂറോപ്പ്യന്മാർ വരുന്നതിനു മുൻപ് സ്ത്രീകൾ മാറ് മറച്ചിരുന്നില്ല. ഗൂഗിളിൽ പഴയ ബ്ളാക് ആൻഡ് വൈഡ് ഫോട്ടോകൾ ഇഷ്ടം പോലെയുണ്ട് - മുസ്ലീം സ്ത്രീകൾ കൂളായി യൂറോപ്പ്യന്മാരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഗൂഗിളിൽ തപ്പിയാൽ ആർക്കും അതൊക്കെ കാണാം.
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലെ ഖൈബർ പഷ്തൂൺ ഏരിയയിലും താമസിക്കുന്ന ഗോത്രാഭിമാനം കൈമുതലാക്കിയ പഠാൻ എത്നിക് ഗ്രൂപ്പിൻറ്റെ ശരിക്കുള്ള സ്വഭാവം വിലയിരുത്താൻ 1980-കളിൽ അമേരിക്കക്ക് സാധിച്ചിരുന്നില്ലാ. 2001 സെപ്പ്റ്റംബറിൽ വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണം ഉണ്ടായപ്പോൾ മാത്രമാണ് എത്ര വലിയ ഭീകരതയെയാണ് അവർ പ്രോത്സാഹിപ്പിച്ചത് എന്നവർ തിരിച്ചറിഞ്ഞത്. അപ്പോഴാകട്ടെ, അവർ പുറത്തുവിട്ട 'ഭൂതത്തെ' തിരിച്ചു കുടത്തിൽ കയറ്റാനും അവർക്ക് സാധിക്കുമായിരുന്നില്ല. സോവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ ഇടപെടലിനിതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള പടയൊരുക്കം അഫ്ഗാനിസ്ഥാനേയും പാക്കിസ്ഥാനേയും ഒരുപോലെ നശിപ്പിച്ചു; ലോകമെങ്ങും ഭീകരവാദം വളർത്താനും ആ പടയൊരുക്കവും, പാശ്ചാത്യ മാധ്യമ സപ്പോർട്ടും കാരണമായി. പിന്നീട് താലിബാനെതിരെ പടയൊരുക്കം നടത്തിയപ്പോഴും ഇത് തന്നെ സംഭവിച്ചു.
2001 സെപ്പ്റ്റംബറിൽ വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണം ഉണ്ടായതിനുശേഷം അമേരിക്ക സൈനികമായി അഫ്‌ഗാനിസ്ഥാനിൽ ഇടപെട്ടു. പക്ഷെ അമേരിക്കൻ പട്ടാളം 2021 ഓഗസ്റ്റിൽ പിന്മാറിയതിനുശേഷം അഫ്ഗാൻ 'നേഷൻ ബിൽഡിങ്' തങ്ങളുടെ ഉത്തരവാദിത്ത്വം അല്ലായിരുന്നു എന്നായിരുന്നു പ്രസിഡൻറ്റ് ജോ ബിഡൻ പരസ്യമായി പറഞ്ഞത്. പിന്നെ എന്താണവർ അഫ്‌ഗാനിസ്ഥാനിൽ കാട്ടിക്കൂട്ടിയത്? ഇതേ പ്രശ്നം അവർ ഇറാക്കിലും ആവർത്തിച്ചു. ഇറാഖിനെ ഇല്ലാത്ത ആയുധങ്ങളുടെ പേരിൽ ആക്രമിച്ചു. ആ ഏരിയ മുഴുവൻ 'ഡിസ്‌റ്റെബിലൈസ്' ചെയ്ത് 'ഇസ്‌ലാമിക് സ്റ്റെയ്റ്റ്' പോലുള്ള ഭീകരത വളർത്താൻ കളമൊരുക്കിയത് അമേരിക്കയാണ്. ഇത് ഇന്നത്തെ അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി തന്നെ സമ്മതിച്ചിട്ടുണ്ട്. അമേരിക്കൻ ഇടപെടലുകൾ ഇതുപോലെ ലോകത്തിൻറ്റെ പല ഭാഗങ്ങളിലും നാശങ്ങളാണ് വിതച്ചിട്ടുള്ളത്. ഇനിയിപ്പോൾ നമ്മളത് പറഞ്ഞിട്ട് കാര്യമില്ലാ. അമേരിക്കയുടെ തന്നെ സഹായത്തോടെ കാശ്മീരിലെ ഇസ്‌ലാമിക ഭീകരതയെ എല്ലാ അർധത്തിലും നേരിടാനാണ് നോക്കേണ്ടത്.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)