Image

ഓർമ്മയ്ക്കായ്....(കവിത: ദീപ ബിബീഷ് നായർ)

Published on 23 April, 2025
ഓർമ്മയ്ക്കായ്....(കവിത: ദീപ ബിബീഷ് നായർ)

ഒരു മഴക്കാലത്തിന്നോർമ്മയിലാക്കിളി അറിയാതെ തേങ്ങുമാ കാഴ്ച കണ്ടോ?
ഓർമ്മകളേറെ തളർത്തിയോരാദിന -
മേറെക്കനവുള്ളതായിരുന്നു.
കിന്നാരമോതുവാനെത്തിയോരാ കാറ്റു മല്ലലില്ലാത്തൊരാ നാളുകളും
ഇന്നലെയെന്നപോലോർത്തവൾ പിന്നെയും കണ്ണുനീരാലേ കഥ പറഞ്ഞു
മാറിയണഞ്ഞൊരാ വാസന്തകാലത്തിലാമരക്കൊമ്പിലായ് കൂട് കൂട്ടേ
നീളേ തളിർത്തോരിലകളും പൂക്കളുമേവമഴകുള്ളതായിരുന്നു
ഏറെ നാളെത്തോരാ കാത്തിരിപ്പിൻശേഷമാൺകിളി കൂടൊന്നണഞ്ഞ രാവിൽ
മാനത്തണഞ്ഞൊരാ അമ്പിളി മാമനന്നേറെ ചിരിക്കുന്നതായിരുന്നൂ
താരകറാണിമാർ മിന്നുന്നൊരാ രാവിൽ
മെല്ലെ മയങ്ങാൻ തുടങ്ങീടവേ
കാറൊന്നുമൂടിയോരാകാശവീഥിയിൽ മിന്നൽപ്പിണരുകളെത്തി നോക്കി
പിന്നാലെയെത്തീ പ്രകമ്പനമൊന്നായിട്ടംമംബരമാകെ പിളർന്നപോലെ
വീശുന്ന കാറ്റിലൊന്നാടീയുലഞ്ഞെൻ്റെ കൂടുമാ കൂട്ടിൽ പൊൻമുട്ടകളും
കോരിച്ചൊരിയുമാ പേമാരിയീലന്ന്
കൊമ്പൊന്നൊടിഞ്ഞതാ മണ്ണിലായീ 
മെല്ലെപ്പറക്കാൻ തുടങ്ങിയെൻ മാരനും
തൽക്ഷണമല്ലോ പിടഞ്ഞു വീണു
ചിറകിൻ്റെ ചൂടിലായുണരാൻ കൊതിച്ചൊരെൻ
മുട്ടകൾ പൊട്ടിച്ചിതറി ചുറ്റും
ഇനിയെന്തു ജീവിതമിവിടിന്നു ബാക്കിയായ്
ഉരുകിയെരിഞ്ഞിടാമീ ഭൂവിലായ്....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക