ചില പച്ചവെളിച്ചങ്ങളെ അപായസൂചനയായി എണ്ണിയതിന്..
ചില പോസിറ്റീവുകളെ നെഗറ്റീവായി
കണക്കാക്കിയതിന്...
ചില വെളുപ്പുകളെ ഇരുട്ടാക്കി
മാറ്റിനിർത്തിയതിന്...
ചില സ്വപ്നങ്ങളെ അബദ്ധമെന്ന്
എഴുതിത്തള്ളിയതിന്..
അങ്ങനെയങ്ങനെ
താൻ കണ്ട പല കാഴ്ചകളെയും
മാറ്റിമറിച്ചതിനെച്ചൊല്ലി
കണ്ണ് തലച്ചോറിനോട് കലഹിച്ചു.
ആയുധപ്പുരയുടെയും
പരീക്ഷണശാലയുടെയും
വാതിൽ താഴിട്ട്,
കടുംനിറക്കുപ്പായത്തിനു മീതേക്ക്
വെള്ളയുടുപ്പെടുത്തണിഞ്ഞ്
തലച്ചോർ പറഞ്ഞു
'നീ പുറത്തും ഞാനകത്തുമായി
നാമിരുവരും ശിരസ്സിലല്ലേ;
പുറത്തൊന്നും അകത്തു മറ്റൊന്നുമായ
മനുഷ്യൻ്റെ ശിരസ്സിൽ !