Image

ഇന്ത്യയെ ചൊറിയുന്ന പാകിസ്താന്‍ പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക്‌ (എ.എസ് ശ്രീകുമാര്‍)

Published on 23 April, 2025
ഇന്ത്യയെ ചൊറിയുന്ന പാകിസ്താന്‍ പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക്‌ (എ.എസ് ശ്രീകുമാര്‍)

പാകിസ്താന്‍ എന്ന ഹിംസ്ര ജന്തുക്കളുടെ രാജ്യം അതിന്റെ സര്‍വനാശത്തിലേയ്ക്കുള്ള അവസാനത്തെ കുഴിയും വെട്ടിക്കഴിഞ്ഞു. ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരണ്‍ സന്ദര്‍ശിക്കാനെത്തിയ മലയാളിയും വിദേശിയരും ഉള്‍പ്പെടെ നിരപരാധികളായ 28 വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ പാകിസ്താന്‍ സ്‌പോണ്‍സേഡ് ഭീകരാക്രമണത്തെ അപലപിക്കാന്‍ വാക്കുകളില്ല. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കറെ ഭീകരന്‍ തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ഈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം 'ദ റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ലഷ്‌കറെ തൊയ്ബ അനുകൂല ഭീകര സംഘടന ഏറ്റെടുത്തെങ്കിലും അതിന്റെ തലച്ചോര്‍ പാകിസ്താന്‍ തന്നെയാണെന്നതില്‍ സംശയമില്ല.

2019 ഫെബ്രുവരി 14-ാം തീയതി, ജമ്മു കാശ്മീരിലെ പുല്‍വായില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ മനുഷ്യബോംബ് ആക്രമണത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും സ്‌ഫോടനാത്മകമായ ആക്രമണമാണിത്. പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയാണ് പാകിസ്താനിലെ ഭീകര സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തിയത്. അന്നത്തെപ്പോലെ തന്നെ പഹല്‍ഗാമിലെ ആക്രമണത്തെപ്പറ്റി തങ്ങള്‍ക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് പൊട്ടന്‍ കളിക്കുകയാണ് പാകിസ്താന്‍.

ഈ കൂട്ടക്കുരുതിക്കെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യ എല്ലാ സന്നാഹവും ഒരുക്കിക്കഴിഞ്ഞു. ഏതാനും തീവ്രവാദികളെ വകവരുത്തനും ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ലോകരാജ്യങ്ങളെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകഴിഞ്ഞ സ്ഥിതിക്ക് പാകിസ്താന്‍ സമൂഹ മനസാക്ഷിക്കുമുന്നില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇന്ത്യയെ വെട്ടിമുറിച്ചു കൊണ്ട് പിറന്ന പാകിസ്താന്‍ അതിന്റെ ജന്മം തൊട്ട് ഇന്നീ നിമിഷം വരെ അശാന്തിയുടെ അന്തരീക്ഷത്തിലാണ് കഴിഞ്ഞു വരുന്നത്. ഈ രാജ്യത്ത് സമാധാനം പുലര്‍ന്നു കണ്ടിട്ടില്ല. പട്ടിണിയും പരിവട്ടവും ഭീകരവാദവും മാത്രമാണ് പാകിസ്താന്റെ സമ്പാദ്യം. ഭരണം കൈയാളിയിരുന്നവര്‍ക്കെല്ലാം അപമൃത്യുവായിരുന്നു ഫലം.

ഇന്ത്യയില്‍ സ്ഥിരമായി ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുന്ന പാകിസ്താന്‍ ലോകഭൂപടത്തില്‍ തീര്‍ത്തും അപ്രസക്തമായ ഒരു ഭൂപ്രദേശമായി മാത്രമാണ് ഇന്ന് നിലകൊള്ളുന്നത്. പാകിസ്താന്‍ ഭീകരാക്രമണങ്ങളുടെ ഒരു കളിത്തൊട്ടില്‍ തന്നെയാണ്. ഓരോ ആറ് മണിക്കൂറിലും ഒരാള്‍ എന്ന കണക്കില്‍ ഭീകരാക്രമണത്തില്‍ ഇവിടെ കൊല്ലപ്പെടുന്നതായാണ് വിവരം. ലോകത്ത് തീവ്രവാദ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പാകിസ്താന്‍. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്റെ ബലൂചിസ്താന്‍, ഹൈബര്‍ പക്തുണ്‍ഖ്വ എന്നീ അതിര്‍ത്തി പ്രവിശ്യകളില്‍ കലാപം അനിയന്ത്രിതമായി തുടരുകയാണിപ്പോള്‍. അത് രാജ്യത്തൊട്ടാകെ വ്യാപിക്കാന്‍ അധികനാള്‍ വേണ്ടിവരില്ല.

ചാവേറുകള്‍ വിളയാടുന്ന ഈ പ്രവിശ്യകള്‍ താലിബാന്റെ പരിശീലനക്കളരി എന്ന നിലയിലാണ് കുപ്രസിദ്ധമായത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അമേരിക്കയിലെ ജയിലില്‍ 35 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട് കിടക്കുന്ന വ്യക്തിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ ഇവിടെ നിന്ന് പരിശീലനം നേടിയ ശേഷമാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്.

ലഷ്‌കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ഇന്ത്യയ്ക്കു നേരെയാണ് തിരിയുന്നതെങ്കില്‍ പാകിസ്താന്റെ സമാധാനം കെടുത്തുന്നത് ടി.ടി.പി എന്നറിയപ്പെടുന്ന 'തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍' എന്ന കൊടും ഭീകരകുടെ സംഘടനയാണ്. പാകിസ്താനെ പൂര്‍ണമായും ഒരു താലിബാന്‍ രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ടി.ടി.പിയുടെ ആത്യന്തിക ലക്ഷ്യം. അമേരിക്കയിലെ 9/11 ആക്രമണത്തിനു ശേഷം താലിബാനുമായുള്ള ചങ്ങാത്തം വിട്ട് അമേരിക്കയ്‌ക്കൊപ്പം തീവ്രവാദത്തിനെതിരെ പോരാടാന്‍ തീരുമാനിച്ച ഒരു അസംബന്ധ ചരിത്രം പാകിസ്താനുണ്ട്.

ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലമാണ് ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനു വേണ്ടി അമേരിക്ക താലിബാനെതിരെ യുദ്ധം ചെയ്തത്. ലാദന്‍ വേട്ടയില്‍ അമേരിക്കയുടെ വലംകൈ ആയിരുന്നു പാകിസ്താന്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ പാകിസ്താനില്‍ നിന്നുതന്നെയാണ് ലാദന്‍ പിടിക്കപ്പെട്ടതും. ഇതോടെ പാകിസ്താന്റെ ഇരട്ടത്താപ്പ് വെളിച്ചത്താവുകയായിരുന്നു. രഹസ്യമായി താലിബാനെ തീറ്റിപ്പോറ്റുകയും പരസ്യമായി അവരെ പ്രതിരോധിക്കുകയും ചെയ്ത പാകിസ്താന്റെ പിതൃശൂന്യതയ്‌ക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടു പിറന്ന സംഘടനയാണ് തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍.

തീവ്രമതപക്ഷ സംഘടനയായ തെഹ്‌രികെ താലിബാന്‍ ആരോപിക്കുന്നത് പാകിസ്താന്‍ പൂര്‍ണമായും ഒരു ഇസ്ലാമിക രാജ്യം ആയിട്ടില്ലെന്നാണ്. താലിബാന്‍ വത്ക്കരണത്തിലൂടെ പാകിസ്താനെ സമ്പൂര്‍ണ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനു വേണ്ടി തെഹ്‌രികെ താലിബാന്‍ ആ രാജ്യത്ത് നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം പ്രതിസ്ഥാനത്തു നില്‍ക്കുന്നത് പാകിസ്താന്‍ പട്ടാളവും അവിടുത്തെ ജനങ്ങളുമാണ്.

ഇന്ത്യയ്ക്ക് വിഭജന മുറിവുണ്ടാക്കിയാണ് പാകിസ്താന്‍ പിറന്നതെങ്കില്‍ പാകിസ്താനും അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയിട്ടുണ്ട്. 1971-ല്‍ കിഴക്കന്‍ പാകിസ്താന്‍ മുറിച്ചെടുത്തുകൊണ്ടാണ് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം ഉണ്ടായത്. കിഴക്ക് സംഭവിച്ചത്, പടിഞ്ഞാറ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ യാഥാര്‍ത്ഥ്യമാവുമോ എന്ന ആശങ്ക പാകിസ്താനുണ്ട്. അധികം താമസിയാതെ മറ്റൊരു വിഭജനം ഉണ്ടാകുമെന്ന നിലയിലേക്കാണ് പടിഞ്ഞാറ് ഭാഗത്തു നടക്കുന്ന ആക്രമണങ്ങളും കലാപങ്ങളും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നത്.

കിഴക്കന്‍ പാകിസ്താന്‍ മുറിഞ്ഞ് ബംഗ്ലാദേശ് ഉണ്ടായെങ്കില്‍ ജമ്മു-കാശ്മീരിനെ അടര്‍ത്തി മാറ്റി ഇന്ത്യയെ വീണ്ടും നോവിക്കാനാണ് പാകിസ്താന്റെ ശ്രമങ്ങള്‍. കാരണം ബംഗ്ലാദേശ് രൂപീകരണത്തിന് എല്ലാവിധ സഹായവും നല്‍കിയത് ഇന്ത്യയായിരുന്നു. പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീരാ തലവേദന തന്നെയാണ്. സാങ്കല്പിക അതിര്‍ത്തിയായ ജമ്മു-കാശ്മീരിലെ നിയന്ത്രണ രേഖ സംഘര്‍ഷഭരിതമായ പ്രദേശമാണ്. കണ്ണീരോടു കൂടിയാണ് ഇവിടെ നിരപരാധികള്‍ വേദനിച്ച് ജീവിക്കുന്നത്. നിയന്ത്രണരേഖ എന്ന അതിര്‍ത്തി പാകിസ്താനും ഇന്ത്യയും അംഗീകരിക്കുന്നില്ല. ഇതു തന്നെയാണ് കാശ്മീര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനവും.

ഒരുമിച്ച് പിറന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും എങ്കിലും ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ മുന്‍പന്തിയില്‍ തന്നെയാണ്. പാകിസ്താന്‍ ഒരു രാജ്യമായി തന്നെ അംഗീകരിക്കാന്‍ പോന്ന തരത്തിലുള്ള യാതൊരു യോഗ്യതയും കാണുന്നില്ല. ഇന്ത്യയുടെ സമസ്തമേഖലയിലുമുള്ള നേട്ടങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ പാകിസ്താന്‍ ഉണ്ടാക്കിയത് സര്‍വനാശത്തിന്റെ അടയാളമായ ന്യൂക്ലിയര്‍ ബോംബാണ്. എന്നാല്‍ ന്യൂക്ലിയര്‍ ബോംബ് യാഥാര്‍ത്ഥ്യമായെങ്കിലും പാകിസ്താനിലെ പട്ടിണി മറ്റൊരു സത്യമായി നിലനില്‍ക്കുന്നു.

പാകിസ്താനിലെ ജനസംഖ്യയില്‍ 40 ശതമാനത്തോളം ആളുകള്‍ ആഹാരത്തിന് വകയില്ലാതെ ഒട്ടിയ വയറുമായി കഴിയുന്നവരാണ്. ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. അടിസ്ഥാന സൗകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്. വൈദ്യുതിയും വെള്ളവുമില്ലാതെ ജനങ്ങള്‍ വലയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം വലിയ കടക്കെണിയിലുമാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ പേടിസ്വപ്നമാണ്. ഈ രാജ്യം  ഈ നിലയ്ക്ക് ഇനി എത്രമേല്‍ മുന്നോട്ടു പോകുമെന്ന് കണ്ടു തന്നെ അറിയണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക