ദിവ്യമാം സാന്നിദ്ധ്യത്തിൻ
സുന്ദരപ്രകാശത്തെ
തൊട്ടറിഞ്ഞ ദേശീകവര്യരെയൊട്ടു
തേടിയലഞ്ഞേൻ ഞാനും ;
കാലിനു പകരം കിടച്ചു
അസ്പഷ്ടം ചില്ലറ
കാൽപ്പാടുകൾ മാത്രം !
ജീവിതം ഓട്ടക്കീശ
അർത്ഥമെന്ത് അനർത്ഥമെന്ത്
തർക്കത്തിൽ ഒതുങ്ങുമൊ
കുതർക്കത്തിൽ വിരിയുമൊ
വിശുദ്ധമാം ശ്രദ്ധ തൻ
ദർപ്പണത്തിൽ സത്യം
തെളിഞ്ഞു വിളങ്ങുമൊ?
അസംബന്ധനാടകം ജീവിതം
കൊട്ടിക്കലാശിക്കുമൊ
ആത്മീയമാ,മാത്മഹത്യയിലെങ്ങാൻ;
ചുടലച്ചിതയല്ലാതെയിതിനു
പൂർണ്ണപരിഹാരമെന്തിരിക്കുന്നു
ദുരിതപൂർണ്ണമാമീ
ഭൗതികകാണ്ഡത്തിൽ!
അൽപ്പായുസ്സിൻ വ്യർത്ഥമാം തേടലിൽ
ശിരസ്സിനെ പാദമാക്കിയിവൻ
ഏകാന്തചര്യയിൽ നനഞ്ഞ കൺപീലിയാലൊട്ടു
തുടച്ചേൻ സ്രഷ്ടാവിൻ
പാദയുഗ്മം മനോഹരം.
പുറം കാഴ്ചകൾ മങ്ങുന്നു
അകക്കാഴ്ചകൾ തിളങ്ങുന്നു
കണ്ണുകളൊരു കരിംപക്ഷി
കൊത്തിയടർത്തിയെടുത്തു പറക്കുന്നു.
സ്രഷ്ടാവിന്റെ സ്വന്തം മിഴികളാൽ
സ്രഷ്ടാവിനെ പാർത്തു
കോൾമയിർ കൊള്ളുന്നു ഞാൻ.
ആത്മാവിൻ ദർപ്പണത്തിൽ
സായൂജ്യം സ്രഷ്ടാവിൻ ദർശനം
അനുഗ്രഹമതു താനല്ലോയൊരു മനുഷ്യായുസ്സിൻ
ദിവ്യമാം ആലംബനം
തുച്ഛമാം ദ്രവ്യത്താലെന്തുണ്ടിവിടെ
നേടാൻ കെട്ടിപ്പൊക്കാൻ -
സൃഷ്ടിയൊ ക്ഷണികം കേവലം സ്ഥലകാലപഞ്ജരത്തിലെ ബന്ദി.
ഓട്ടയാണിവിടെ നേട്ടം സുകൃതം
ഓട്ടക്കീശതാൻ സൗഭാഗ്യസമ്പാദ്യം
ഹൃദയരാഗത്തിൽ കാർവർണ്ണന്റെ മുരളികയതു മൂളുന്നു:
നിറയ്ക്കാം ശൂന്യമെങ്കിൽ
നിറവോളം നിറയ്ക്കാം, നിറഞ്ഞതാം സുവർണ്ണഭാജനത്തെ നിറപ്പാൻ മുതിരുന്നതെന്തിനു നാം വൃഥാ?
ചോർന്നുപോകുന്നതൊക്കെ
ചോർന്നുപോകണം; മുക്തിക്കായ്
ഓർമ്മ വേണം നിരന്തരമൊട്ടും
തുളുമ്പാത്ത ഹൃദയ-
നിറകുടത്തിന്റെ രഹസ്യദൂതനെ!