കനത്ത ശബ്ദങ്ങൾ-
പ്രകമ്പനം കൊള്ളും-
നനുത്ത മൺതരിക്കരികിൽ-
നിൽക്കുമ്പോൾ;
ഹൃദയരക്തത്തിൻ-
കറ പടരുമ്പോൾ-
പതാകയിൽ ശാന്ത-
സഹനമാമില-
നിറങ്ങൾ കാണാതെ-
തിമിരമിറ്റുന്ന മിഴികളുമായി
മുഖപടമിട്ട് വരുന്നവർ മുന്നിൽ.
ഹൃദയത്തിനുള്ളിൽ-
പടരും തീക്ഷ്ണമാം-
പുകക്കറുപ്പേറ്റി-
ഒളിഞ്ഞിരിപ്പവർ..
ജനിമൃതിയുടെ-
പഠനപുസ്തകം-
വലിച്ചെറിഞ്ഞവർ-
ഹൃദയമില്ലാത്തോർ..
അവർക്ക് നേർയുദ്ധ-
മറിയില്ല പിന്നിലൊളി-
വയ്ക്കുന്നതാണവരുടെ ശീലം..
അവർ പടർത്തുന്നു-
വെറുപ്പിൻ ശാഖകൾ,
അവർ വളർത്തുന്നു-
അടിമക്കൂട്ടത്തെ..
അടിമകളവരവരെ-
വിറ്റുതീർത്തെഴുതുന്നു
നേരിൽ കലർപ്പ് ചേർക്കുന്നു..
നിസ്സഹായരെ-
തകർത്തുകൊണ്ടവർ-
കുരുതിക്കൂട്ടമായ്-
പരിണമിക്കുന്നു
അറിവിനെ ഹോമപ്പുര-
യിലേക്കിട്ടിട്ടവരന്ധകാരം-
പടർത്തി നീങ്ങുന്നു..
പറഞ്ഞാലുമൊന്നും-
മനസ്സിലാകാത്തോർ,
അറിഞ്ഞാലുമൊട്ടും-
പഠിക്കാത്തോരവർ..
അവരുണ്ട് പിന്നിൽ-
പല കുത്രന്ത്രങ്ങൾ-
മെനയുന്നു മണ്ണിൽ-
കനല് തൂവുന്നു..
പ്രപഞ്ചമാകവെ
ഇവരെക്കണ്ടിട്ട്
പരിഹസിക്കുന്നു
സഹതപിക്കുന്നു..
തകരാതെ ഭൂമി..
ഹരിതവർണ്ണത്തെ
മുറിവിലിറ്റിച്ച്
നടന്ന് നീങ്ങുന്നു..