കോട്ടയം: ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു. ഡി സി ബുക്‌സിന്റെ ആദ്യകാല ചുമതലക്കാരില്‍ പ്രമുഖയായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച വ്യക്തികൂടിയാണ് പൊന്നമ്മ.
ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിന് ജനിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്റ്റ് 26നാണ് ഡി സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ല്‍ ഡി സി കിഴക്കേമുറി ഡി സി ബുക്‌സ് ആരംഭിച്ച കാലത്ത് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സജീവമായിരുന്നു പൊന്നമ്മ ഡി സി.
തകഴി, ബഷീര്‍, സി ജെ തോമസ് തുടങ്ങിയ വിഖ്യാത എഴുത്തുകാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു പൊന്നമ്മ. ഡി സി കിഴക്കേമുറിക്കു ലഭിച്ച മരണാനന്തര പത്മഭൂഷന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനില്‍ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡിസിയായിരുന്നു.
മക്കള്‍: താര, മീര, രവി ഡിസി (ഡിസി ബുക്‌സ്). മരുമക്കള്‍: ജോസഫ് സത്യദാസ് (സിംഗപ്പൂര്‍ സ്‌ട്രെയ്റ്റ് ടൈംസ് സീനിയര്‍ എഡിറ്റര്‍), അനില്‍ വര്‍ഗീസ് (ബിസിനസ്), രതീമ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഡിസി ബുക്‌സ്).
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡണ്ടും സംഗമം ചീഫ് എഡിറ്ററുമായിരുന്ന റെജി ജോർജിന്റെ (ന്യു ജേഴ്‌സി) മാതൃസഹോദരിയാണ്.
മൃതദേഹം ശനിയാഴ്ച പത്തു മണി മുതൽ ദേവലോകത്തെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. ഞായറാഴ്ച (ഏപ്രിൽ 27ന്) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ശവസംസ്കാരശുശ്രൂഷകൾ ദേവലോകത്തെ വസതിയിൽ ആരംഭിക്കും. മൂന്ന് മണിക്ക് കളക്ടറേറ്റിന് സമീപമുള്ള ലൂർദ് ഫൊറോന പള്ളിയിൽ സംസ്കാരം.