നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കു ട്രംപ് ഭരണകൂടം ചുമത്തിയ തീരുവയ്‌ക്കു നിയമസാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടി 12 യുഎസ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. ന്യൂ യോർക്കിൽ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലാണ് പരാതി.
കൊളറാഡോ, അരിസോണ, കണക്ടികട്ട്, ഡെലവെയർ, ഇലിനോയ്, മെയ്ൻ, മിനസോട്ട, നെവാഡ, ന്യൂ മെക്സിക്കോ, ന്യൂ യോർക്ക്, ഒറിഗൺ, വെർമണ്ട് എന്നീ സംസ്ഥാനങ്ങളാണ് ബുധനാഴ്ച്ച പരാതി നൽകിയത്. രാജ്യം അടിയന്തര സാഹചര്യം നേരിടുന്നതു കൊണ്ട് താരിഫുകൾ അത്യാവശ്യമാണെന്നു ഗവൺമെന്റ് വാദിക്കുന്നു. എന്നാൽ അടിയന്തര സാഹചര്യമൊന്നും നിലവിലില്ല എന്നതാണ് യാഥാർഥ്യമെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിദേശത്തു നിന്ന് അസാധാരണമായ ഭീഷണി ഉയരുമ്പോൾ മാത്രമേ എമർജൻസി ആക്ട് ഉപയോഗിക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ. അങ്ങിനെ ഒരു ഭീഷണി ഇല്ലാതിരിക്കെ അതിന്റെ പേര് പറഞ്ഞു കൊണ്ടുവന്ന താരിഫുകൾ തടയണം എന്നാണ് പരാതിക്കാരുടെ ആവശ്യം.
ഇത്തരമൊരു നടപടിയിലൂടെ പ്രസിഡന്റ് ഭരണഘടന ലംഘിക്കയും അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്കു അരാജകത്വം ഉണ്ടാക്കുകയും ചെയ്തു എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എക്സിക്യൂട്ടീവ്-ഏജൻസി ഓർഡറുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും താരിഫ് അടിച്ചേൽപ്പിക്കുന്ന നടപടി നിയമലംഘനമാണെന്ന് ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു.
ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു: "പ്രസിഡന്റ് ട്രംപിന്റെ വെളിവുകെട്ട താരിഫുകൾ ഉപയോക്താക്കൾക്കു വിലകൾ കുത്തനെ ഉയർത്തി, തൊഴിലില്ലായ്മയ്ക്കു കാരണമായി, രാജ്യമൊട്ടാകെ സാമ്പത്തിക അരാജകത്വം അഴിച്ചു വിട്ടു."
വൈറ്റ് ഹൗസിനു വേണ്ടി പ്രതികരിച്ച വക്താവ് കുഷ് ദേശായ് പറഞ്ഞത് ഇങ്ങിനെ: "അമേരിക്കയുടെ വ്യവസായങ്ങളെ നുറുക്കി കളയുന്ന ഈ ദേശീയ അടിയന്തരാവസ്ഥയെ നേരിടാൻ ഭരണകൂടം പ്രതിജ്ഞാ ബദ്ധമാണ്."
12 US states sue over 'illegal tariffs'