ന്യൂജേഴ്‌സി ബിസിനസ് മാഗസിനിൽ (എൻജെബി) ഇടംനേടുക എന്നുള്ളത് സംരംഭകരെ സംബന്ധിച്ച് അഭിമാനകരമായ അംഗീകാരമാണ്. അമേരിക്കയിലെ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുടെ മാറ്റൊലി മുഴക്കിക്കൊണ്ട് ശ്രദ്ധനേടിയ ഡോ.നന്ദിനി മേനോനാണ് എൻജെബി മാസിക ഈ വർഷം തിരഞ്ഞെടുത്ത 100 ഇന്നൊവേറ്റർമാരിലെ ഏക മലയാളി. 21 വർഷത്തിലേറെയായി നന്ദിനി മേനോന്റെ സാരഥ്യത്തിൽ പ്രവർത്തിച്ചുവരുന്ന സീഡർ ഹിൽ പ്രിപ്പ് സ്കൂളിലെ വിദ്യാർത്ഥികൾ അക്കാദമിക് മികവിന്റെ പര്യായമായി മാറിയിരിക്കുകയാണ്. ന്യൂജേഴ്‌സിയിൽ ഡിബേറ്റ് മത്സരങ്ങളിൽ തുടർച്ചയായി ഈ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ജേതാക്കൾ. തന്റെ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ടോപ്പ് ഹൈസ്‌കൂളുകളിൽ പ്രവേശനവും സ്‌കോളർഷിപ്പും ലഭിക്കുന്നതടക്കമുള്ള നേട്ടങ്ങളിലേക്ക് അവർ നടന്നടുത്തത് കൃത്യമായ പ്ലാനിങ്ങും നിശ്ചയദാർഢ്യവും അർപ്പണബോധവുംകൊണ്ടാണ്. രണ്ടു പതിറ്റാണ്ടുകൊണ്ട് രചിച്ച വിജയഗാഥയുടെ സൂത്രവാക്യം ഡോ.നന്ദിനി മേനോൻ വ്യക്തമാക്കുന്നു...
താങ്കളുടെ വിദ്യാഭ്യാസ കാലഘട്ടം നാട്ടിലായിരുന്നോ?
പാലക്കാട് ചിറ്റൂർ അടുത്താണ് തറവാട്. മുത്തശ്ശൻ വക്കീലായിരുന്നു. അദ്ദേഹം തൃശൂരാണ് പ്രാക്റ്റീസ് ചെയ്തിരുന്നത്. അമ്മ വളർന്നത് അവിടെയാണ്.അതുകൊണ്ട് എന്റെ നാട് ഏതാണെന്ന് ചോദിച്ചാൽ രണ്ടും പറയാം. അച്ഛൻ ഡിഫൻസ് അക്കൗണ്ട്സിൽ സേവനമനുഷ്ഠിച്ചിരുന്നതുകൊണ്ട് ഞാൻ പഠിച്ചതൊക്കെ പല സംസ്ഥാനങ്ങളിലായാണ്. കൽക്കട്ട, നോർത്ത് ഇന്ത്യ, കോയമ്പത്തൂർ എന്നിങ്ങനെ വിവിധ ഇടങ്ങളിലാണ് വളർന്നത്. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂളിങ്. വേനലവധിക്കാലം കേരളത്തിലാണ് ചെലവഴിച്ചിരുന്നത്.ഏഴാം ക്ലാസ് മുതൽ കോളജ് പഠനം വരെ ബാംഗ്ലൂരിലായിരുന്നു.ഇരുപത്തിയൊന്നാം വയസിൽ ടെക്സ്റ്റൈൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ് ചെയ്യാനാണ് അമേരിക്കയിൽ വന്നത്.ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോസയൻസ് ആൻഡ് എജ്യുക്കേഷനിൽ ഡോക്ടറേറ്റ് ചെയ്തു.
ഇന്ത്യയിലെയും അമേരിക്കയിലെയും വിദ്യാഭ്യാസ സമ്പ്രദായം താരതമ്യം ചെയ്‌താൽ? താങ്കളുടെ സ്‌കൂൾ എങ്ങനെ വ്യത്യസ്തമാകുന്നു?
ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്ക മികച്ചൊരു ഓപ്‌ഷനാണ്. എന്നാൽ, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല.ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂല്യം നമ്മൾ തിരിച്ചറിയാൻ വൈകും.എനിക്കൊരു മകനുണ്ടായി അവനെ സ്‌കൂളിൽ ചേർക്കേണ്ട സമയമായപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് മക്കളുടെ പഠനത്തിന് നീക്കിവയ്ക്കുന്ന മാതാപിതാക്കളെയാണ് നമ്മൾ കണ്ടുശീലിച്ചത്. അമേരിക്കയിൽ വിദ്യാഭ്യാസം സൗജന്യമായതുകൊണ്ട് രക്ഷകർത്താക്കൾ അതിനത്ര പ്രാധാന്യം കൊടുക്കാത്തതുപോലെ തോന്നിയിട്ടുണ്ട്. കടയിൽപോയി ടെക്സ്റ്റ് ബുക്ക് ഒക്കെ വാങ്ങിക്കൊണ്ടുവന്ന് കുഞ്ഞുങ്ങളെ ഇരുത്തി പഠിപ്പിക്കുന്ന രീതിയോ കൃത്യമായൊരു സിലബസ് പിന്തുടരുന്ന അദ്ധ്യാപകരോ ഇവിടില്ല. ആദ്യത്തെ കുട്ടിയെ പഠിപ്പിക്കുമ്പോൾ വരുത്തുന്ന തെറ്റുകളിൽ നിന്നാണ് പലരും അടുത്ത കുട്ടിയുടെ കാര്യങ്ങൾ പഠിക്കുന്നത്. പ്രൈവറ്റ് സ്‌കൂളിലാണ് ഞങ്ങൾ മകനെ പഠിക്കാൻ അയച്ചത്.ഇന്ത്യയിലെയും അമേരിക്കയിലെയും വിദ്യാഭ്യാസ സമ്പ്രദായങ്ങൾ താരതമ്യം ചെയ്ത് രണ്ടിലേയും നല്ല വശങ്ങൾ കോർത്തിണക്കിയാണ് ഞങ്ങളുടേതായ രീതി രൂപപ്പെടുത്തിയത്. എന്റെ സ്‌കൂളിൽ പരീക്ഷയുണ്ട്,ടെക്സ്റ്റ് ബുക്കുണ്ട്,വർക്ക് ബുക്കുണ്ട്.എല്ലാറ്റിനും ഒരു ചിട്ടയുണ്ട്. നമ്മൾ ശീലിച്ചത് പിന്തുടരുന്നു,അത്രേയുള്ളു.
തിരിഞ്ഞുനോക്കുമ്പോൾ? എന്താണ് വിജയരഹസ്യം?
2003 ലാണ് സീഡർ ഹിൽ പ്രെപ് സ്‌കൂൾ തുടങ്ങിയത്. പ്രീസ്‌കൂളും കിൻഡർഗാർട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടികളുടെ രക്ഷകർത്താക്കളുടെ നിർബന്ധംകൊണ്ട് ഓരോ ക്ലാസുകൾ ചേർത്തുചേർത്ത് ഇപ്പോൾ എട്ടാം ക്ലാസ് വരെയായി. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചാണ് ഒൻപതാം ക്ലാസ് മുതലുള്ള പഠനം എന്നതുകൊണ്ട് ഹൈസ്‌കൂൾ വേണ്ടെന്നുവച്ചു. ഞങ്ങളുടേത് ഇന്നൊരു നാഷണൽ ബ്ലൂ റിബൺ പ്രൈവറ്റ് സ്‌കൂളായി വളർന്നു.ന്യൂജേഴ്‌സിയിൽ ഡിബേറ്റ് മത്സരങ്ങളിൽ തുടർച്ചയായി ഞങ്ങളുടെ വിദ്യാർത്ഥികളാണ് ജേതാക്കൾ. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ടോപ്പ് ഹൈസ്‌കൂളുകളിൽ പ്രവേശനവും സ്‌കോളർഷിപ്പും ലഭിക്കുന്നതുകൊണ്ട് മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർ ഞങ്ങളുടെ സ്‌കൂൾ തിരഞ്ഞെടുക്കുന്നു എന്നല്ലാതെ അതിൽ രഹസ്യമൊന്നുമില്ല.
അദ്ധ്യാപകരുടെ രീതിയും വ്യത്യസ്തമാണോ?
അദ്ധ്യാപനത്തിൽ താല്പര്യം ജനിച്ചിട്ട് ബി.എഡിന് ചേരുന്ന എത്രപേരുടെ നമ്മുടെ നാട്ടിൽ? എനിക്കുവേണ്ടത് ടീച്ചിങ്ങിൽ അഗാധമായ പാഷനുള്ള ടീമിനെയാണ്. എഞ്ചിനീയറിങ്ങിലും ഫിനാൻസിലും ബിരുദമുള്ളവർ പഠിപ്പിക്കുന്നുണ്ട്. കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്തിട്ട് തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അതിലൂടെ അധ്യാപനത്തിൽ താല്പര്യം ഉണ്ടായവരാണ് ഏറെയും. ഞങ്ങളുടെ സ്‌കൂളിലെ അദ്ധ്യാപകർക്ക് നിശ്ചിത മാസങ്ങളിൽ പ്രത്യേക പരിശീലനം നൽകാറുണ്ട്. ഓരോ ആഴ്ചയും മീറ്റിംഗ് നടത്തി കാര്യങ്ങൾ വിശകലനം ചെയ്യാറുമുണ്ട്.
ഡിസൈനർ എന്ന നിലയിലും സംരംഭക എന്ന നിലയിലും അഭിമാനകരമായ നേട്ടങ്ങൾ?
ഡിസൈനർ എന്ന നിലയിൽ, ബർലിംഗ്ടൺ ഇന്നൊവേഷൻ അവാർഡ് ലഭിച്ചത് അഭിമാനകരമായി കാണുന്നു. നാഷണൽ എക്‌സാമിൽ ഞങ്ങളുടെ സ്‌കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനത്തെത്തുന്നത് വളരെ സന്തോഷവും അഭിമാനവുമുള്ള കാര്യമാണ്. ഈ മികവ് രക്ഷകർത്താക്കൾക്ക് പോലും അത്ഭുതമാണ്. കുഞ്ഞുക്ലാസിൽ പഠിച്ചത് ഇപ്പോഴും ഹൃദിസ്ഥമാണെന്ന് ഞങ്ങളുടെ വിദ്യാർത്ഥികൾ പറയുമ്പോൾ കഷ്ടപ്പെട്ടതിനൊക്കെ അർത്ഥമുണ്ടായി എന്ന് തോന്നും. അമേരിക്കയിലെ ക്ലാസ് മുറികളിൽ എപ്പോഴും ശബ്ദവും ബഹളവുമായിരിക്കും.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഇടപഴകിക്കൊണ്ട് പരസ്പരം സംവദിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത് നല്ല രീതിയാണ്.
കുടുംബം?
ഭർത്താവ് രഘു മുംബൈയിലും ചെന്നൈയിലുമാണ് പഠിച്ചുവളർന്നത്. ഐഐടി മദ്രാസിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം എംഐടി യിൽ ഉപരിപഠനത്തിന് അമേരിക്കയിലെത്തി. കെമിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ശേഷം ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.തിരക്കുകൾക്കിടയിലും സ്‌കൂളിലെ ഇവന്റുകളിൽ പങ്കെടുക്കാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. മകൻ റോഷന് 28 വയസ്സായി. മെട്രോണിക്‌സ് എന്ന കമ്പനിയിൽ ബയോമെഡിക്കൽ എഞ്ചിനീയറാണ്.