Image

ചോരയ്ക്ക് ചോര; പാകിസ്താനെ നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്കിനി മറുചിന്തയില്ല (എ.എസ് ശ്രീകുമാര്‍)

Published on 24 April, 2025
ചോരയ്ക്ക് ചോര; പാകിസ്താനെ നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്കിനി മറുചിന്തയില്ല (എ.എസ് ശ്രീകുമാര്‍)

പാകിസ്താന്‍ എന്ന അധമ രാഷ്ട്രത്തിന്റെ ദുഷ്ട ചെയ്തികള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമായിക്കഴിഞ്ഞു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. പാക്‌സ്താനെ ഇന്ത്യ നിഷ്പ്രഭമാക്കുമെന്നതിന് മുന്‍കാല യുദ്ധങ്ങളും സൈനിക നടപടികളും സര്‍ജിക്കല്‍ സ്‌ട്രൈക്കും തന്നെ മതിയായ ഉദാഹരണം.

''140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കും. ഓരോ തീവ്രവാദിയെയും കണ്ടെത്തി അവരെ ശിക്ഷിക്കും. അവരെ സഹായിക്കുന്നവരെയും ശിക്ഷിക്കും. ഭൂമിയുടെ അറ്റംവരെ പോയാലും അവരെ പിന്തുടര്‍ന്ന് തുരത്തും. തീവ്രവാദംകൊണ്ട് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാനാകില്ല. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. രാജ്യം മുഴുവന്‍ ഈ ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്....'' ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോദി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാള്ള നിര്‍ദ്ദേശമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്ത്യയിലെത്താനായി പാക് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളും റദ്ദാക്കി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക..

ഇന്ത്യന്‍ വിസയ്ക്കായുള്ള എല്ലാ അപക്ഷകളും നിരസിക്കും. പാകിസ്താനികള്‍ക്കു നല്‍കിയിട്ടുള്ള സാധുതയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്താന്‍ പൗരന്മാരും രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള ഇന്ത്യയ്ക്കാരുടെ യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള സുപ്രധാന തീരുമാനങ്ങളാണ് പാകിസ്താനെതിരെ ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.

ഈ കരാര്‍ മരവിപ്പിച്ചതുമൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള നദീജല പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച ഇനിയുണ്ടാവില്ല. പാകിസ്താന്‍ പൗരന്മാര്‍ക്ക് സാര്‍ക്ക് വിസകള്‍ നല്‍കില്ല. ഇത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയും വ്യാപാര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അട്ടാരി അതിര്‍ത്തി അടച്ചിടുന്നതോടെ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള ചരക്ക് ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കും. പാകിസ്താനിലെ ഹൈക്കമ്മീഷനില്‍ നിന്ന് ഇന്ത്യന്‍ ജീവനക്കാരെ പിന്‍വലിക്കുന്നത് പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുന്നതിന്റെ സൂചനയാണ്. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരമുള്ള വിസകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിസ ലഭിച്ച പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിട്ടുപോകേണ്ടി വരും.

സിന്ധു നദിയില്‍ നിന്നുള്ള 70 ശതമാനം ജലവും പാകിസ്ഥാന്‍ ഉപയോഗിക്കുന്ന കൃഷിക്ക് വേണ്ടിയാണ്. നദീജല കരാര്‍ മരവിപ്പിക്കുന്നതോടെ സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷക നദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ജലവിതരണം നിര്‍ത്തലാക്കും. ഈ നദികളുടെ ഒഴുക്കില്‍ ഏതെങ്കിലും തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്താന്റെ കാര്‍ഷികമേഖലയ്ക്ക് കനത്ത പ്രഹരമാകും ഉണ്ടാകുക. ജലക്ഷാമം ഗോതമ്പ്, നെല്ല് എന്നീ കൃഷികളെ ബാധിക്കുന്നതതോടെ പാകിസ്താന്റെ ഭക്ഷ്യസുരക്ഷ താളംതെറ്റും. കൂടാതെ, ഈ വെള്ളത്തെ ആശ്രയിച്ചുവരുന്ന വ്യവസായ സ്ഥാപനങ്ങളും ജലവൈദ്യുത പദ്ധതികളും കനത്ത പ്രതിസന്ധിയിലാകുമെന്നുറപ്പ്. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് പാകിസ്താന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെയോ സിന്ധു നദീജല ഉടമ്പടിയുടെ മധ്യസ്ഥത വഹിക്കുന്ന ലോക ബാങ്കിനെയോ ഐക്യരാഷ്ട്ര സഭയോയോ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ ഈ ശക്തമായ നടപടികള്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതാണ്. വരും ദിവസങ്ങളില്‍ പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നടപടികളുമായി പാകിസ്താന്‍. ഇന്ത്യന്‍ കമ്പനികളുടെ വിമാന സര്‍വീസുകള്‍ പാക് വ്യോമേഖല വഴി അനുവദിക്കില്ലെന്ന് പാകിസ്താന്റെ പ്രഖ്യാപനം. പാക് വ്യോമമേഖല ഉടനടി അടയ്ക്കാനാണ് തീരുമാനം. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാനും പാകിസ്താന്റെ ഭാഗത്തെ വാഗ അതിര്‍ത്തി അടയ്ക്കാനും പാകിസ്താന്‍ തീരുമാനിച്ചു.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാകിസ്താനെ ഭസ്മമാക്കാന്‍ ഇന്ത്യയ്ക്ക് വേഗത്തില്‍ സാധിക്കും. 1947-ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് നടന്ന നാല് യുദ്ധങ്ങളിലും ഇന്ത്യയ്ക്കായിരുന്നു മേല്‍ക്കൈ. കശ്മീര്‍ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മില്‍ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീര്‍ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധം. യുദ്ധാവസാനസമയത്ത് ഇരുസൈന്യങ്ങളും നിന്നിരുന്ന രേഖ നിലവിലെ നിയന്ത്രണ രേഖയായി മാറി.

1965 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. തങ്ങളുടെ സേനകളെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റാനുള്ള പദ്ധതിയെത്തുടന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. തിരിച്ചടിയായി പാകിസ്താനുമായി പൂര്‍ണ്ണയുദ്ധത്തിലേക്ക് ഇന്ത്യ ഇറങ്ങുകയായിരുന്നു. പതിനേഴ് ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ആണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ സേനാമുന്നേറ്റം നടന്നത്.ധ19പധ20പ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അമേരിക്കയും റഷ്യയും അടക്കമുള്ള ശക്തികളുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച താഷ്‌കന്റ് ഉടമ്പടിയോടെയാണ് വെടിനിര്‍ത്തല്‍ ഉണ്ടായത്.
1971 ഡിസംബര്‍ 3-ന് ഇന്ത്യയുടെ 11 എയര്‍ബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ  ഇന്ത്യ-പാക് സൈനിക സംഘനം ആരംഭദിശയില്‍ ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി, 'ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍' എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി അവസാനിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 90,000-നും 93,000-നും ഇടക്ക് വരുന്ന പാകിസ്താന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം തടവിലാക്കി. ഈ യുദ്ധത്തില്‍ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകള്‍ പാകിസ്താന്‍ സൈനികരാല്‍ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതല്‍ 10 ദശലക്ഷം വരെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കുടിയേറി.
***
ഭീകരര്‍ അച്ഛന് നേരെ തോക്കു ചൂണ്ടി 'കലിമ' എന്നൊരു വാക്കു പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞതോടെ അവര്‍ അച്ഛന് നേരെ നിറയൊഴിച്ചുവെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി പറയുന്നു. ഭീകരരുടെ മുന്നില്‍ കലിമ ചൊല്ലിയതിനാല്‍ ആസാം സര്‍വകലാശാലയിലെ പ്രൊഫസറായ ദേബാബിഷ് ഭട്ടാചാര്യ രക്ഷപ്പെട്ടിരുന്നു. ''ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍ റസൂലുല്ലാഹ്...'' ഇതാണ് കലിമ. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

എന്നാല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി ഒരു കാര്യം പറയുന്നുണ്ട്... ''നന്‍മകളെല്ലാം ദാനമാണ്. നന്‍മയിലേയ്ക്ക് ആളുകളെ വിളിക്കുന്നവന്‍ ആ നന്‍മ ചെയ്തവനെപ്പോലെയാണ്...'' പഹല്‍ഗാമില്‍ കലിമ ചൊല്ലാന്‍ പറഞ്ഞ ഭീകരര്‍ അവരുടെ കൊടിയ പ്രവര്‍ത്തികൊണ്ട് തന്നെ നബി വിരുദ്ധരാണ്. കാരണം അവര്‍ നന്‍മയുടെയല്ല, തിന്‍മയുടെ ജാര സന്തതികളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക