പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം. ഡെൽഹി പൊലീസിൽ ഗൗതം ഗംഭീർ പരാതി നൽകി. രാജ്യത്തെ ആകെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനമറിയിച്ച് ഗംഭീർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. പ്രാർത്ഥിക്കുന്നുവെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ തിരിച്ചടി ഇന്ത്യ നൽകുമെന്നുമായിരുന്നു ചൊവ്വാഴ്ച ഗംഭീറിൻ്റെ കുറിപ്. പിന്നാലെ ഏപ്രിൽ 22ന് ഉച്ചയ്ക്കും വൈകുന്നേരവുമായി 2 തവണയാണ് I KILL U എന്ന സന്ദേശം ഗംഭീറിന് ലഭിച്ചത്.
കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഐഎസ്ഐഎസ് കശ്മീരാണ് വധഭീഷണി മുഴക്കിയത്. തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് ഗംഭീർ ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് അന്വേഷണം ഊർജിതമാക്കി. 2021ൽ എംപിയായിരിക്കെ ഗംഭീറിന് സമാന രീതിയിൽ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് താരത്തിന് സുരക്ഷ നൽകുകയും ചെയ്തിരുന്നു.
ഗംഭീറിന് പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, സുരേഷ് റെയ്ന, വിരാട് കോലി, രോഹിത് ശർമ,ശുഭ്മാൻ ഗിൽ, ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി തുടങ്ങിയവരും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. ഇന്നലെ നടന്ന ഐപിഎൽ, സൂപ്പർ കപ്പ് മത്സരങ്ങളിൽ കറുത്ത ആംബാൻഡ് അണിഞ്ഞാണ് താരങ്ങൾ കളിച്ചത്
English summary:
Indian Cricket Team Head Coach Gautam Gambhir Receives Death Threat; Message Sent After He Condemned Pahalgam Terror Attack