മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് മതം തിരിച്ച് ഇറക്കിയ വിവാദ ഉത്തരവില്‍ നടപടി. ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ ഉത്തരവിലാണ് നടപടി. 22-ാം തീയതിയാണ് അരീക്കോട് എഇഒ വിവാദമായ കത്ത് അയയ്ക്കുന്നത്. ആദായ നികുതിയുടെ കണക്കുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട അധ്യാപകരുടെ പട്ടികയാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വിവരാവകാശവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു എഇഒയുടെ നടപടി.
തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനമാണ് എഇഒയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന തരത്തിലാണ് സംഭവം വിവാദമായത്. വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല എന്നതും നിര്‍ണായകമായി. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ., ജൂനിയര്‍ സൂപ്രണ്ട് അപ്‌സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന എ.കെ. എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.