Image

പെഹൽഗാം - രാജ്യത്തെ സാഹോദര്യം തകർക്കരുത് (ഷുക്കൂർ ഉഗ്രപുരം)

Published on 25 April, 2025
പെഹൽഗാം - രാജ്യത്തെ സാഹോദര്യം തകർക്കരുത് (ഷുക്കൂർ ഉഗ്രപുരം)

പെഹൽഗാം തീവ്രവാദി ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. മനുഷ്യനെ കൊല്ലും മുമ്പേ മതം ചോദിച്ച് കൊല്ലാൻ മാത്രം വലിയ മനോരോഗം പിടിപെട്ട ഭീകരർ.

അവരുടെ ചെയ്തിയിലൂടെ അടിസ്ഥാനപരമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിലെ വൈജാത്യത്തിലധിഷ്ടിതമായി ജീവിക്കുന്ന സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണത്. പെഹൽഗാം അക്രമവും അതുമായി ബന്ധപ്പെട്ട ന്യൂസ് ലിങ്കുകളും  സോഷ്യൽ മീഡിയ പെഹൽഗാമുമായി ബന്ധപ്പെട്ട കണ്ടൻ്റ്സും വായിക്കുമ്പോൾ തോന്നുന്നത് ഭീകരവാദികളുടെ ലക്ഷ്യം വിജയിക്കുന്നു എന്നാണ്. സോഷ്യൽ മീഡിയയിൽ മതം പറഞ്ഞു തമ്മിൽ തല്ലുന്ന ഇന്ത്യക്കാർ ഒട്ടും ഗുണകരമായ വഴിയിലല്ല ഉള്ളത്. 

ഒരു സിനിമയിലെ ഒരു രംഗമുണ്ട്.

ബസ്സ് തടഞ്ഞുവെച്ച് ആയുധധാരികളായ ചിലർ അതിനകത്തേക്ക് കയറി. മുന്നിലെ സീറ്റിലിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു:

"നാം ക്യാ ഹെ?"

"സുഹൈൽ" ആ ചെറുപ്പക്കാരൻ ഭയന്നു വിറച്ചു കൊണ്ട് പറഞ്ഞു.

"സുഹൈൽ ക്യാ ഹെ?" അവർക്കത് പോര. പൊതുവെ പല ഉർദു പേരുകളും ഉത്തരേന്ത്യയിൽ പൊതുവാണ്.

"സുഹൈൽ റേ" ആ ചെറുപ്പക്കാരൻ അക്രമികളോട് ഒട്ടും അനുഭാവമുള്ളവനല്ല. എന്നാൽ അക്രമികളുടെ പരിഗണനയിൽ ആ പേരുള്ളവൻ ഇവിടെ ജീവിക്കാൻ അർഹതയുള്ളവനാണ്.

എന്നാലും ഒന്നുറപ്പ് വരുത്തണമല്ലോ. "പേൻ്റ് ഖോലോ..." നേതാവ് മുരണ്ടു.

"ക്യാ?" അവനൊന്നമ്പരന്നു.

"പേൻ്റ് ഖോലോ..." അയാൾ അലറി.

അവൻ പാൻ്റ് താഴ്ത്തി. 'അഗ്രചർമി'യായതിനാൽ അവൻ തങ്ങളുടെ ഇരയല്ലെന്ന് മനസ്സിലാക്കിയ നേതാവ്, പക്ഷേ പുച്ഛത്തോടെ അവനെ തട്ടിത്താഴെയിട്ടു. എന്നിട്ട് മറ്റുള്ളവരെ പരിശോധിക്കാൻ തുനിഞ്ഞു.

2002ൽ റിലീസ് ചെയ്ത, അപർണ സെന്നിൻ്റെ Mr. & Mrs. Iyer എന്ന സിനിമ, അതേ പ്രമേയത്തിലുള്ള ഒട്ടേറെ സിനിമകളുടെ തുടക്കമായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരർ അണിനിരന്ന സിനിമ നിരവധി അന്തർദ്ദേശീയാംഗീകാരങ്ങൾ നേടി. ലോകപ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് സാകിർ ഹുസൈൻ്റെ സംഗീതം, അദ്ദേഹത്തിൻ്റെയും ഉസ്താദ് സുൽത്താൻ ഖാൻ്റെയും ആലാപനം, ഇന്ത്യൻ സിനിമയിലെ പ്രഗദ്ഭനായ സംവിധായകൻ ഗൗതം ഘോഷിൻ്റെ ദൃശ്യപരിചരണം, കൊങ്കണ സെൻ ശർമ, രാഹുൽ ബോസ് എന്നിവർക്കൊപ്പം പ്രശസ്ത നാടക രചയിതാവും നോവലിസ്റ്റുമായ ഭിഷം സാഹ്നിയുടെയും പ്രഗദ്ഭയായ തിയറ്റർ, സിനിമാ ആർട്ടിസ്റ്റ് സുരേഖാ സിക്രിയുടെയും അഭിനയം.

----

മതമോ സമുദായമോ ഉറപ്പുവരുത്തി ആളുകളെ കൊല്ലുന്നത് വംശീയ ഭ്രാന്ത് തലക്ക് പിടിച്ച ആളുകളെ സംബന്ധിച്ചിടത്തോളം ഒരു ഔദാര്യമായിരിക്കാം. എന്തെന്നാൽ തങ്ങൾ സ്വന്തം ആളുകളെ വെറുതെ വിടുകയാണല്ലോ. തൻ്റെ സിനിമയിൽ അപർണാ സെൻ കാണിച്ചത് ഒരു സാങ്കൽപിക അതിശയോക്തിയൊന്നുമല്ല. ഭഗൽപൂരിലും മുംബൈയിലും ഗുജറാത്തിലുമൊക്കെ അത് നടന്നിട്ടുണ്ട്. സ്വന്തം ഐഡൻ്റിറ്റി തനിക്ക് ചെയ്യുന്ന അപകടത്തെപ്പറ്റി മൊഹ്സിൻ എന്ന എട്ടുവയസ്സുകാരന് ഉണ്ടാകുന്ന ബോധം ചിത്രീകരിച്ചിട്ടുണ്ട് ഗുജറാത്ത് വംശഹത്യയെ ആധാരമാക്കി നന്ദിത ദാസ് സാക്ഷാത്കരിച്ച ഫിറാഖ് എന്ന സിനിമയിൽ. തൻ്റെ പേര് ചോദിച്ചവരോട് മൊഹ്.. എന്ന് പറഞ്ഞുതുടങ്ങിയ അവൻ പെട്ടെന്ന് തന്നെ മോഹൻ എന്ന് മാറ്റിപ്പറയുന്നതായും അതിൽ ചിത്രീകരിച്ചിട്ടുണ്ട്.

"വേഷം കണ്ടാൽ ആളെ തിരിച്ചറിയാം" എന്ന് പ്രസ്താവിച്ച ഭരണാധികാരികളും നമ്മുടെ നാട്ടിൽത്തന്നെ ഉണ്ടായിട്ടുണ്ട്.

ഈ ചരിത്രത്തിലേക്ക് ചേർത്തുവെക്കേണ്ടതാണ്, വാർത്ത ശരിയെങ്കിൽ പഹൽഗാമിൽ മതം ചോദിച്ച് വെടിവെച്ചു എന്ന് ആരോപിക്കപ്പെട്ട ഭീകരനെയും.

സഹജീവികളെ മറ്റെല്ലാ ഐഡൻ്റിറ്റികൾക്കുമപ്പുറം മനുഷ്യരായി മാത്രം കാണുക എന്നത് ഒരു സംസ്കാരമാണ്. മനുഷ്യൻ എന്ന സ്പീഷീസിൻ്റെ അതിജീവനത്തിന് അനിവാര്യമായ സംസ്കാരം. ഭീകരർക്ക് മാത്രമല്ല, ഇത്തരം സംഭവങ്ങളെ ആഘോഷമാക്കി വിദ്വേഷം വളർത്തുന്നവർക്കും നഷ്ടപ്പെട്ടുപോകുന്നത് മനുഷ്യന് അനിവാര്യമായ ഈ സംസ്കാരമാണ്.

-----

എല്ലായിടത്തും പക്ഷേ, പ്രതിരോധ സജ്ജരായ മനുഷ്യരെ കാണാം. വിദ്വേഷം വിൽക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും കാണാതെ പോകുന്ന അടയാളങ്ങൾ. പെഹൽഗാം ആക്രമണത്തിൽ തങ്ങളെ രക്ഷിക്കാൻ വേണ്ടി 'യാ അല്ലാഹ്' എന്ന് വിളിച്ചുകൊണ്ടോടിയടുത്ത കാശ്മീരി മുസ്‌ലിംകളെപ്പറ്റി കൊല്ലപ്പെട്ട മഞ്ജുനാഥിൻ്റെ ഭാര്യ പല്ലവി പറയുന്നുണ്ട്.

അക്രമികളോടെതിരിട്ട് രക്തസാക്ഷിയായ കുതിരക്കാരൻ സയ്യിദ് ആദിൽ ഹുസൈനും ഒരടയാളമാണ്. ആക്രമിക്കപ്പെട്ടവരോട് ഐക്യദാർഢ്യപ്പെടാനും കടകളടച്ച് ദുഃഖമാചരിക്കാനും ആഹ്വാനം ചെയ്തതും ഭീകരരെ ഇസ്‌ലാമിൻ്റെ ശത്രുക്കളെന്ന് വിശേഷിപ്പിച്ചതും പള്ളികളിൽ നിന്നാണ്.

നാം അവരെയാണ് കാണേണ്ടത്. അവരുടെ വർത്തമാനങ്ങളാണറിയേണ്ടത്. അവർക്കൊപ്പമാണ് നിൽക്കേണ്ടതും. അവസരം മുതലെടുത്ത് വീണ്ടും വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക, മനുഷ്യർക്ക് വേണ്ടി ഒരുമിച്ചു നിൽക്കുക. രക്തദാഹികളെ ഒറ്റപ്പെടുത്തുക.

++++++++++++

ഇവർ നാലു പേരെ കുറിച്ച് പ്രത്യേകം പറയണം. മറ്റു മനുഷ്യരെക്കുറിച്ചും.

ഒന്ന്: ഈ ചിത്രത്തിൽ കാണുന്ന   സയിദ് ആദിൽ ഹുസൈൻ ഷാ പെഹൽഗാമിലെ പോണി വാല (കുതിര സവാരിക്കാരൻ ). പ്രായം ചെന്ന ഉമ്മയുടേയും വാപ്പയുടേയും ഭാര്യയുടേയും കുഞ്ഞിൻ്റെയും ഏക ആശ്രയം. പതിവുപോലെ പെഹൽഗാമിൽ നിന്നും സഞ്ചാരിയേയും കയറ്റി ബൈസാരൻ പുൽമേട്ടിലെത്തിയതാണ്. പൈൻ മരക്കുട്ടങ്ങൾക്കിടയിൽ നിന്നും പാഞ്ഞു വന്ന ഭീകരർ പേര് ചോദിച്ച് വെറുതേ വിട്ടപ്പോൾ ഓടി മറഞ്ഞില്ല ആദിൽ . താൻ കൊണ്ടുവന്ന സഞ്ചാരിക്കെതിരെ അവർ തിരിഞ്ഞപ്പോഴാണ് ആദിൽ അവരിലൊരാളുടെ റൈഫിൾ തട്ടിത്തെറിപ്പിച്ചത്. ഏറെ ദുർഘടമായ പെഹൽഗാം - ബൈസരൻ കാട്ടുപാത നടന്നു കയറിയിറങ്ങി ഉറച്ച ആദിൽ അയാളെ നിഷ്പ്രയാസം കീഴടക്കി എന്നു തോന്നിയ നിമിഷമാണ് മറ്റൊരു തോക്കിൻകുഴലിലെ വെടിയുണ്ട ആദിലിൻ്റെ ഹൃദയം തുളച്ചു പോയത്. ആദിലിൻ്റെ ആരായിരുന്നു അവൻ ജീവൻ നൽകി രക്ഷിക്കാൻ ശ്രമിച്ച ആ സഞ്ചാരി? നിശ്ചയമായും ആദിൽ അയാളുടെ പേരോ മതമോ തിരക്കിയിട്ടുണ്ടാവില്ലന്നുറപ്പ്.  'ഭായി സാബ്'  എന്നല്ലാതെയാത്രയിലുടനീളം വിളിച്ചിട്ടുണ്ടാവില്ല.  

സയ്യിദ് ആദിൽ ഹുസൈൻ ഷാ ഒരു മുസ്ലീമായിരുന്നു. അയാൾക്കെതിരെ ഉന്നം പിടിച്ചയാൾ ഒരു ഭീകരവാദിയും.

മൂന്നു പേർ :   കൊല്ലപ്പെട്ട ശിവമോഗ  സ്വദേശി മഞ്ജുനാഥ റാവുവിൻ്റെ ഭാര്യ പല്ലവി പറഞ്ഞ മൂന്നു പേരാണ്.

"എന്റെ കൺമുന്നിൽ വെച്ചാണ് തീവ്രവാദികൾ എന്റെ ഭർത്താവിനെ വെടിവെച്ചുകൊന്നത്. ആ സമയത്ത് സൈനികരാരും അവിടെ ഉണ്ടായിരുന്നില്ല. വെടിയൊച്ച കേട്ട് മൂന്ന് കാശ്മീരി പുരുഷന്മാർ ഓടിയെത്തി. ബിസ്മില്ലാഹ് ബിസ്മില്ലാഹ് എന്ന് വിളിച്ചുകൊണ്ട് എന്നേയും മകനെയും രക്ഷിച്ചു. അവർ എന്റെ സഹോദരന്മാരെപ്പോലെയാണ്. "

ഇനിയുമുണ്ട്  കുറേ മനുഷ്യർ  ബാക്കിയായ കുഞ്ഞുങ്ങളെയും വിധവകളെയും സഹോദരങ്ങളെയും സുരക്ഷിതമായി പൊതിഞ്ഞു പിടിച്ചവർ. താഴ്വരയിലെ ഇരുട്ടിൽ മെഴുകുതിരി കത്തിച്ച് സ്നേഹവും ദു:ഖവും പങ്കിടാനെത്തിയവർ.

അവർ വിശ്വസിക്കുന്നത് നിരപരാധിയായ ഒരു മനുഷ്യനെ കൊന്നയാൾ   മുഴുവൻ മനുഷ്യരെയും കൊന്നവനെപ്പോലെയാണ് എന്നാണ്.  ഒരാൾക്ക് ജീവിതം നൽകിയാൽ അയാൾ മുഴുവൻ മനുഷ്യർക്കും ജീവനേകിയതു പോലെയാണ് എന്നാണ്.

 ഇനി നിങ്ങൾ പറയു സയിദ് ആദിൽ ഹുസൈൻ ഷാ ആരായിരുന്നു? ഈ യുദ്ധം ആരൊക്കെ തമ്മിലാണ്?

++++++++++++++++++++++++

"ഹിംസയുടെ ആത്യന്തിക ബലഹീനതയെന്തെന്നോ? അത് താഴേക്കിറങ്ങിപ്പോകുന്ന ഒരു ചുരുൾച്ചക്രമാണ്. ഹിസക്ക് പകരം ഹിംസ എന്നത് ഹിംസയെ വർദ്ധിപ്പിക്കുകയേ ഉള്ളൂ. വെറുപ്പിന് ഒരിക്കലും വെറുപ്പിനെ പുറന്തള്ളാൻ പറ്റില്ല; സ്നേഹത്തിന് മാത്രമേ അതിന് കഴിയൂ"

___ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.

നിരപരാധർക്ക് നേരെയുള്ള ആക്രമണങ്ങൾ മനുഷ്യജീവൻ്റെ പവിത്രതയോടുള്ള നിന്ദയും മനുഷ്യരാശിയോടുള്ള യുദ്ധപ്രഖ്യാപനവുമാണ്. പ്രതിരോധമില്ലാത്തവരെ വധിക്കുന്നത് അങ്ങേയറ്റം ഭീരുത്വമാണ്. ഭീരുക്കൾക്ക് ഒന്നും സൃഷ്ടിക്കാൻ പറ്റില്ല. അവർ തകർക്കുക മാത്രം ചെയ്യുന്നു.

ഹോളോകോസ്റ്റ് സർവൈവറായ എലീ വൈസൽ പറയുന്നത്, "വംശം, മതം, രാഷ്ട്രീയ വീക്ഷണങ്ങൾ എന്നിവ കാരണം പുരുഷന്മാരോ സ്ത്രീകളോ പീഡിപ്പിക്കപ്പെടുമ്പോഴെല്ലാം, ആ സ്ഥലം, ആ നിമിഷത്തിൽത്തന്നെ മുഴുവിശ്വത്തിൻ്റെയും ജാഗ്രതയുടെ കേന്ദ്രമായി മാറണം" എന്നാണ്.

------

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈനികവത്കരിക്കപ്പെട്ട, സൈന്യത്തിൻ്റെ അതിസാന്ദ്രസാന്നിധ്യമുള്ള ഒരിടത്താണ് ഇങ്ങനെയൊരാക്രമണമുണ്ടായത് എന്നത് ഭരണകൂടത്തിൻ്റെ വീഴ്ചയെ സൂചിപ്പിക്കുന്നുണ്ട്. ഇനിയും ഒരുപാട് വസ്തുതകൾ പുറത്തുവരാനുണ്ട് - അവയെല്ലാം വസ്തുതകളായി വരട്ടെ.

++++++++++

മതേതരത്തത്തെ ഭിന്നിപ്പിച്ച്‌ ഇന്ത്യയെന്ന നാടിനെ സ്വന്തം അധീനതയിലാക്കുവാനും, ഈ നാട്ടിൽ ഉന്മൂല നാശം വിതക്കാനുമൊരുങ്ങുന്ന വർഗീയ വാദികൾക്കും, അയൽ രാജ്യങ്ങൾക്കുമെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിലെ പൗരന്മാർക്ക്‌ സമാധാനവും, സംരക്ഷണവും, പരസ്പര ബഹുമാനവും നൽകുന്നതാകട്ടെ സോഷ്യൽ മീഡിയായിലും, വാർത്താമാധ്യമങ്ങളിലൂടേയും പ്രചരിക്കുന്ന ഓരോ കണ്ടൻ്റുകളും...

ഈ ദിവസങ്ങളത്രയും സോഷ്യൽ മീഡിയയിലുളള ഓരോ വാർത്തകൾ കേൾക്കുകയും, അതിനടിയിൽ ഓരോരുത്തരുമിടുന്ന കമന്റുകൾ വായിക്കുകയുമായിരുന്നൂ... വെറുമൊരു ആദരാഞ്ജലിയിലോ, അല്ലെങ്കിൽ ഭീകരവാദത്തിനു മതം ഉണ്ടെന്ന് പ്രചരിപ്പിക്കുവാനോ ഉളളതായിരിക്കരുത്‌ നമ്മുടെ കുറിപ്പ്‌.

എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഒരു നിമിഷം കൊണ്ട്‌ ഇല്ലാതായത്‌. പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങുവാനുളള മനഃശക്തി കുടുംബാംഗങ്ങൾക്ക്‌ സർവേശ്വരൻ നൽകട്ടെ.

ഏകദേശം 13 ദശലക്ഷം ആൾക്കാർ ജീവിക്കുന്ന നാടാണ് ജമ്മു ആൻഡ്‌ കാഷ്മീർ. അതിൽ ഏകദേശം 7 ദശലക്ഷം ആൾക്കാർ കാഷ്മീരിലും, 6 ദശലക്ഷം ആൾക്കാർ ജമ്മുവിലും താമസിക്കുന്നൂ. 68%- നു മുകളിൽ മുസ്ലിം മത വിശ്വാസികളും, 28%-നു മുകളിൽ ഹിന്ദുമത വിശ്വാസികളും, അവശേഷിക്കുന്നവർ ഇതര മതസ്തരുമാണവിടുത്തെ ജനത. വർഷങ്ങളായി ഭീകരവാദത്തിന്റെ നിഴലിൽ ജീവിക്കുകയും, അതിന്റെ അനന്തര ഫലങ്ങളുടെ ബലിയാടുകളുമാണവർ. 2024-ലെ കണക്കനുസരിച്ച്‌ ഏകദേശം 2.35 കോടി ടൂറിസ്റ്റുകളാണ് ജമ്മു കാശ്മീർ സന്ദർശ്ശിച്ചത്‌. ചെനാബ്‌ നദിക്ക്‌ കുറുകെ നിർമ്മിച്ചിരിക്കുന്ന ചെനാബ്‌ റെയിൽവേ പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നായി ഇടം പിടിക്കുവാൻ പോകുന്നൂ. കത്ര-ശ്രീനഗർ വന്ദേഭാരത്‌ വിനോദസഞ്ചാരികൾക്കായും, പൊതുജങ്ങൾക്കായും ഉടൻ സഞ്ചാരയോഗ്യമാകുന്നൂ. ഓൾ ഇൻഡ്യ ഇൻസ്റ്റിസ്റ്റ്യൂട്ട്‌ മെഡിക്കൽ സയൻസിന്റെ സർവ സജ്ജമായ ആരോഗ്യ കേന്ദ്രത്തിന്റെ പണി പുരോഗമിക്കുന്നൂ, അങ്ങനെ ഒരു നാട്‌ പുരോഗമനത്തിന്റെ പാതയിലൂടെ കുതിക്കുമ്പോൾ അവിടെ അരക്ഷിതാവസ്ഥയുണ്ടാക്കി ഒരു നാടിന്റെ സാമ്പത്തിക- നയതന്ത്ര അടിസ്ഥാനങ്ങളെ തകർക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ഈ ഭീകരാക്രമണത്തിനു പുറകിൽ.

ഭീകരവാദം അല്ലെങ്കിൽ ടെററിസം എന്നത്‌ ഒരു നാടിന്റെ നയതന്ത്ര സുരക്ഷയിൽ വിളളൽ വീഴ്ത്തി ഒരു രാജ്യത്തിന്റെ ഭരണാധികാരത്തിലേക്കുളള കടന്നു കയറ്റമാണ്. മേജർ രവി വളരെ വ്യക്തമായി പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുർച്ച്‌ പറയുന്നുണ്ട്‌, "ജാതി ചോദിച്ച്‌ അവർ ഹിന്ദുക്കളെ കൊന്നിട്ടുണ്ടെങ്കിൽ, ഹിന്ദു-മുസ്ലിം ഐക്യത്തിന് വിളളൽ വീഴ്ത്തി ഇവിടുത്തെ ജനതയെ തമ്മിലടിപ്പിച്ച്‌ ഭാരതമെന്ന നാടിന്റെ ഐക്യവും, ശക്തിയും ഇല്ലാതാക്കുക. അതുവഴി ഭീകരർക്കും ശത്രു രാജ്യങ്ങൾക്കും നമ്മുടെ രാജ്യത്തെ അധീനതയിലാക്കുവാനുളള വഴിയൊരുക്കുക എന്നത്‌ തന്നെയാണ്."

ഭീകരരെ വളർത്തുന്നതും, അവർക്ക്‌ ആവശ്യമുളള സഹായങ്ങൾ നൽകുന്നതും അവരെ സപ്പോർട്ട്‌ ചെയ്യുന്ന രാജ്യങ്ങളാണ്. ക്രിമിനൽ കോഡ്‌ ആക്ട്‌ 1995- അനുസരിച്ച്‌ ഏകദേശം 30-നു മുകളിൽ ടെററിസ്റ്റ്‌ സംഘടനകൾ ഇന്ന് ലോകത്തുണ്ട്‌.   ഒരിക്കലും ഒരു നാടിനും, ജനതക്കും, മതത്തിനും സംരക്ഷണം നൽകുവാനല്ല അവർ രൂപം കൊണ്ടിരിക്കുന്നത്‌. അവരെ സംരക്ഷിക്കുന്ന ഭരണകൂടങ്ങൾ പിന്നീട്‌ തച്ചുടഞ്ഞു പോയതിന്റെ ചരിത്രം മാത്രമെയുളളൂ.

പഹൽഗാമിൽ നടന്ന അക്രമണത്തിനെതിരായി, ഇന്ത്യൻ ജനതയുടെ സംരക്ഷണത്തിനായി ഇന്ത്യ സർക്കാർ എടുക്കുവാൻ പോകുന്ന  തീരുമാനങ്ങൾ ധിഷണാത്മകമാകട്ടെ.  പാക്കിസ്ഥാനിൽ നിന്ന് ഭീകരർ നമ്മുടെ നാട്ടിലേക്ക്‌ കടന്നു കയറുന്നുവെങ്കിൽ തീർച്ചയായും അതിനു തടയിട്ട്‌ നമ്മുടെ നാടിനെ സംരക്ഷിക്കുക തന്നെ വേണം. ഒരു രാജ്യത്തിന്റെ, അതിലെ ജനതയുടെ സുരക്ഷ പരമപ്രധാനമാണ്. കാശ്മീരിലെ ജനത എല്ലാ മതസ്തർക്കും വേണ്ടി ഇപ്പോൾ തെരുവിലിറങ്ങി പ്രകടനങ്ങൾ നടത്തുമ്പോൾ, അക്രമണത്തിൽ ഭയചകിതരായ മനുഷ്യർക്ക്‌ ആശ്വാസവും, സഹായഹസ്തങ്ങളുമായി അവർ ഓടി എത്തുമ്പോൾ, വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വെടിയെറ്റു മരിച്ച സെയ്ദ്‌ ആദിൽ ഹുസൈൻ ഷാ ഒരു നോവായി മാറുമ്പോൾ നമ്മുടെ നാടും, ജനതയും രാഷ്ട്രീയ താൽപര്യങ്ങൾക്കുളള വിളനിലമായോ, ഒരു മതത്തിന്റെ നേർക്ക്‌ വെറുപ്പും വിദ്വേഷവും അഴിച്ച്‌ വിട്ടോ അല്ല നമ്മൾ നിലനിൽക്കേണ്ടത്‌. നാമെല്ലാം ഭാരതീയരാണെന്നും, നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ് നമ്മുടെ നാടിന്റെ സുരക്ഷയും, സാഹോദര്യവുമെന്ന് ഉറക്കെ പ്രഖ്യാപിച്ച്‌ നമുക്ക്‌ ഒരുമിക്കാം.

നാടിന്റെ അതിർത്തി കാക്കുന്ന സുരക്ഷാഭടന്മാർ നമ്മൾ ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ എന്ന് നോക്കീട്ടല്ല മഞ്ഞും, വെയിലും, മഴയും കൊണ്ട്‌ നമുക്കുവണ്ടി കാവൽ നിൽക്കുന്നത്‌. ഒരൊറ്റ ജനത, ഒരൊറ്റ രാഷ്ട്രം ... ഭാരത്‌ മാതാ കീ ജെയ്‌... എന്നതായിരിക്കട്ടെ ഓരോ ഭാരതീയന്റേയും മുദ്രാവാക്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക