Image

വ്യോമപാത വിലക്കി പാകിസ്താന്‍; ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ രണ്ട് മണിക്കൂര്‍ വൈകും

Published on 25 April, 2025
 വ്യോമപാത വിലക്കി പാകിസ്താന്‍; ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ രണ്ട് മണിക്കൂര്‍ വൈകും

ദുബൈ: ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വ്യോമപാത വിലക്കിയ പാകിസ്താന്‍ നടപടി സര്‍വീസുകളെ ബാധിക്കുമെന്ന് എയര്‍ ഇന്ത്യ. ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്ക് മറ്റ് റൂട്ടുകള്‍ സ്വീകരിക്കേണ്ടിവരുന്നതിനാല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യ യാത്രക്കാരെ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചത്. ഈ തീരുമാനം വിമാന സര്‍വിസുകളെ ബാധിക്കുമെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.

മിഡിലീസ്റ്റ്, യു.കെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക സര്‍വീസുകള്‍ക്ക് ബദല്‍ റൂട്ടുകള്‍ സ്വീകരിക്കേണ്ടി വരുന്നതിനാല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ ഇന്ത്യ ഖേദം അറിയിച്ചു.

ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തുന്ന വിമാന സര്‍വിസുകള്‍ക്ക് പാകിസ്താനി വ്യോമപാതയെയാണ് ആശ്രയിക്കുന്നത്. പാകിസ്താനെ ഒഴിവാക്കി പറക്കുമ്പോള്‍ രണ്ട് മണിക്കൂറെങ്കിലും അധികം വേണ്ടി വരും.

എയര്‍ ഇന്ത്യക്ക് പുറമേ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി യു.എ.ഇയിലേക്ക് സര്‍വിസ് നടത്തുന്ന മറ്റ് ഇന്ത്യന്‍ വിമാന കമ്പനികളുടെ സര്‍വിസുകളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലേക്കും തിരിച്ചും പറക്കുന്ന യു.എ.ഇ വിമാന കമ്പനികളെ ഇത് ബാധിക്കില്ലെങ്കിലും സാഹചര്യം പഠിച്ചുവരികയാണെന്നാണ് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Pakistan closes airspace; flights from India to Gulf will be delayed by two hours

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക