ന്യൂഡല്‍ഹി: മാനനഷ്ടക്കേസിൽ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവര്‍ണര്‍ വി.കെ സക്‌സേന നല്‍കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ്. 24 വര്‍ഷം പഴക്കമുള്ള കേസില്‍ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് മേധാ പട്കറെ ഡല്‍ഹിയിലെ സാകേത് കോടതിയില്‍ ഹാജരാക്കും.
2000 ത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ സര്‍ദാര്‍ സരോവര്‍ പദ്ധതിയെ അന്ന് ഗുജാറത്തിൽ എന്‍ജിഒ നടത്തുകയായിരുന്ന വി.കെ സക്‌സേന പിന്തുണച്ചിരുന്നു. പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മേധാ പട്കറുടെ നര്‍മ്മദ ബചാവോ ആന്ദോളന്‍ രംഗത്തെത്തിയിരുന്നു. ആ സമയത്ത് സക്‌സേനയെ പേടിത്തൊണ്ടനെന്നും ഹവാല ഇടപാടുകള്‍ നടത്തുന്ന ആളെന്നും മേധാ പട്കര്‍ വിശേഷിപ്പിച്ചെന്നാണ് പരാതി.
ഇതുസംബന്ധിച്ചാണ് സക്‌സേന മാനനഷ്ടത്തിന് കേസ് നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഏപ്രില്‍ എട്ടിന് മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൂടാതെ പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. എന്നാൽ ബോണ്ട് തുക കെട്ടിവെക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.