Image

അൻവറിക്കയുടെ അഭ്യാസങ്ങൾ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 25 April, 2025
അൻവറിക്കയുടെ അഭ്യാസങ്ങൾ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

മലപ്പുറത്തെ മല്ലന്മാർ ആയ മുസ്ലിംലീഗിനെ തളയ്ക്കാൻ എൺപതുകളുടെ തുടക്കത്തിൽ കേരളത്തിലെ സി പി എം മലപ്പുറത്തുനിന്നും പൊക്കിയെടുത്ത കോൺഗ്രസ്‌ നേതാവായിരുന്നു ഡി സി സി പ്രസിഡന്റ് ആയിരുന്ന ടി കെ ഹംസ

ഇ എം എസ് നോടും അച്യുതനന്ദനോടും നായനാരോടും ഒരേ പോലെ കൂറ് പുലർത്തിയിരുന്ന ടി കെ ഹംസ സി പി എം ൽ വന്ന ശേഷം പല തവണ എം എൽ എ യും എൺപത്തിഏഴു മുതൽ തൊണ്ണൂറ്റിഒന്ന് വരെയുള്ള നായനാർ മന്ത്രിസഭയിൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ആവുകയും ചെയ്തു

പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയശേഷം രണ്ടായിരത്തിനാലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ മത്സരിച്ച ഹംസ മുസ്ലിംലീഗ് സ്‌ഥാനാർഥിയെ പരാജയപ്പെടുത്തി ഐതിഹാസിക വിജയമാണ് സി പി എം നു സമ്മാനിച്ചത്

തനിക്കു വലിയ അവസരങ്ങളും സ്‌ഥാനമാനങ്ങളും തന്നു തന്നെ സ്വീകരിച്ച സി പി എം നോട് വലിയ കൂറും നന്ദിയും കാണിച്ചു ഇപ്പോൾ തന്നിരിക്കുന്ന ബോർഡ്‌ ചെയർമാൻ സ്‌ഥാനവും വഹിച്ചു ഈ വാർദ്ധക്യത്തിലും തമാശക്കാരനും ജനോപകാരിയുമായ ഹംസക്ക പ്രവർത്തന നിരതൻ ആണ്‌

മലപ്പുറം പാർട്ടി സമ്മേളനത്തോടെ മലപ്പുറത്ത്‌ പാർട്ടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസ്ലീംലീഗ് നേതൃത്വം ആയി ഇടഞ്ഞു നിന്ന യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റും വാഗ്മിയും തീപ്പൊരി പ്രസംഗികനുമായിരുന്ന കെ ടി ജലീലിനെ റാഞ്ചിയെടുത്തു പിണറായി സി പി എം സഹയാത്രികൻ ആക്കിയത്

പിണറായിയുടെ ആ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു രണ്ടായിരത്തിയാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജലീലിന്റെ പ്രകടനം. മുസ്ലിംലീഗിന്റെ അനിഷേധ്യ നേതാവും പല തവണ മന്ത്രിയും ആയിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ കന്നിയങ്കത്തിൽ മലർത്തിയടിച്ചു ജലീൽ നിയമസഭയുടെ പടികൾ ഓടിക്കയറി

രണ്ടായിരത്തിപതിനൊന്നിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയ കാലം മുതൽ അടുത്ത മുഖ്യമന്ത്രി സ്‌ഥാനം സ്വപ്നം കണ്ടു നടന്നിരുന്ന പിണറായി വിജയൻ അതിനൊള്ള കരുക്കൾ അന്നു മുതൽ നീക്കി തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് കോൺഗ്രസുകാരനും പണക്കാരനും ജനപിന്തുണ ഉള്ള നേതാവുമായ  മലപ്പുറംകാരൻ പി വി അൻവറിനെ പിണറായി ചാക്കിട്ടു പിടിച്ചത്

ഉമ്മൻചാണ്ടിയുടെ നിർഭാഗ്യം ആണോ പിണറായിയുടെ ഭാഗ്യം ആണോ എന്തായാലും തുടർഭരണം ഉമ്മൻചാണ്ടിക്ക് ലഭിച്ചില്ല. അതിന് പ്രധാന കാരണമായതു സോളാർ വിവാദവും ബാർ കോഴയും ഒക്കെയാണ്

ഏതാണ്ട് മുപ്പതു വർഷത്തിൽ അധികം നിലമ്പൂർ എം എൽ എ ആയിരുന്ന മലബാറിലെ കോൺഗ്രസിന്റെ ശബ്ദവും എ കെ ആന്റണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിൽ ഒരാളുമായിരുന്ന ആര്യാടാൻ മുഹമ്മദ്‌ രോഗവസ്‌ഥയിൽ ആയപ്പോൾ പകരം രണ്ടായിരത്തിപതിനാറിലെ നിയമസഭ ഇലക്ഷനിൽ കോൺഗ്രസിനായി മത്സരിച്ചത് അദ്ദേഹത്തിന്റെ പുത്രനും സിനിമ പിടുത്തക്കാരനുമായ ആര്യാടാൻ ഷൗക്കത്താണ്

നിലമ്പുർ സീറ്റ് പിടിച്ചെടുക്കുവാൻ തക്കം പാർത്തിരുന്ന പിണറായി ആ ധൗത്യം ഏൽപ്പിച്ചത് കൈ നിറയെ കാശുള്ള പി വി അൻവറിനെയാണ് പിണറായി തന്നിൽ അർപ്പിച്ച വിശ്വാസം അതേപടി നിറവേറ്റിയ അൻവർ അതിനായി പതിനേട്ടടവും പുറത്തെടുത്തു. ആര്യാടാൻ മുഹമ്മദിന്റെ അത്രേത്തോളം ഊർജസൊലതയില്ലാത്ത ഷൗക്കത്തിനെ അൻവർ കീഴ് മേൽ മറിച്ചു നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു ആദ്യമായി നിയമസഭയിൽ ചങ്കു വിരിച്ചും മുഷ്ടി ചുരുട്ടിയും ആധികാരികമായാണ് കയറി ചെന്നത്

തന്നെക്കാൾ പത്തു വർഷം മുൻപ് സി പി എം സഹയാത്രികനായ കെ ടി ജലീൽ പാര ആയതുകൊണ്ട് ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയാകാൻ പറ്റിയില്ലെങ്കിലും മലപ്പുറം ജില്ലയിലെ ആഭ്യന്തര വകുപ്പിന്റെ അനൗദ്യോഗിക ചുമതലക്കാരൻ ആയി വിലസി അൻവറിക്ക ആ അഞ്ചു വർഷം

രണ്ടായിരത്തിഇരുപത്തി ഒന്നിലെ തെരഞ്ഞെടുപ്പിൽ എ കെ ആന്റണി ഇടപെട്ടു സീറ്റ് കിട്ടിയ വി കെ പ്രകാശിനെ ഷൗക്കത്തു പാലം വലിച്ചപ്പോൾ അൻവറിക്കയ്ക്കു വിജയം എളുപ്പമായി

പിണറായി വിജയൻ ഉൾപ്പെടെ ഏതു രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും ആവശ്യത്തിനും അനാവശ്യത്തിനും വിമർശിക്കുന്ന മറുനാടൻ ഷാജൻ മുട്ടു മടക്കിയത് അൻവറിക്കയുടെ അടുത്തു മാത്രം ആണ്‌. ഇക്കയെ ചൊറിയുവാൻ ചെന്ന മറുനാടനു രായ്ക്കുരാമാനം പെട്ടിയും പാണ്ടവും എടുത്തു നാട് വിട്ടു ഒളിവിൽ പോകേണ്ടി വന്നു ദീർക്കനാൾ. അതുകൊണ്ടും കലിപ്പ് തീരാത്ത ഇക്ക മറുനാടനെ എല്ലാ ദിവസവും നിലമ്പുർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു കുറച്ചു കാലം ഒപ്പിടീച്ചു. ഇപ്പോൾ അൻവർ ഇക്കയെ പേടിച്ചു ലണ്ടനും പാരിസും ഒക്കെയായി പറന്നു നടക്കുകയാണ് മറുനാടൻ ഷാജൻ

എ ഡി ജി പി എം ആർ അജിത്കുമാർ പിണറായിയുടെ ഏറ്റവും അടുത്ത ആളായതോടെ ഇക്കയുടെ കഷ്ടകാലം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ ആഭ്യന്തര വകുപ്പിന്റെ ചുമതല പോയി എന്ന് മാത്രം അല്ല താൻ പറയുന്ന ഒരു കാര്യവും അജിത്കുമാർ ഉള്ളത് കൊണ്ടു നടക്കാത്ത അവസ്ഥയായി. സാവകാശം പിണറായിയും സി പി എം ഉം ആയി അകന്ന ഇക്ക ഏതാനും മാസങ്ങൾക്ക് മുൻപ് അന്തസ്സായി എം എൽ എ സ്‌ഥാനം രാജിവച്ചു എ കെ ജി സെന്ററിന്റെ പടിയിറങ്ങി

തിരിച്ചു നാട്ടിൽ വന്ന ആവേശത്തിൽ നിലമ്പുരിൽ ഇക്ക തന്നെ ഇക്കയ്ക്കു വേണ്ടി ഒരു സ്വീകരണം സംഘടിപ്പിച്ചു. അതിൽ വലിയ ആൾക്കൂട്ടം കണ്ടപ്പോൾ ഇതു കേരളം മുഴുവൻ വ്യാപിപ്പിക്കാം എന്ന് കരുതി ആഫ്രിക്കയിൽ സ്വർണം കുഴിക്കുവാൻ വാങ്ങിയ സ്‌ഥലം വിറ്റു കാശുമായി അടുത്ത സ്വീകരണം കോഴിക്കോട് സംഘടിപ്പിച്ചു പക്ഷെ നിലമ്പുരിൽ ഇരുപതിനായിരം പേർ പങ്കെടുത്തപ്പോൾ കോഴിക്കോട് ഇരുപതു പേര് പങ്കെടുത്തുള്ളൂ. അതോടെ പ്ലാൻ ചെയ്തിരുന്ന സ്വീകരണ യോഗങ്ങൾ മുഴുവൻ വേണ്ടെന്നു വച്ചു

പിന്നീട് ഇക്ക ട്വന്റി ട്വന്റി സാബു ജേക്കബിനെയും ആം ആദ്മീ പാർട്ടി നേതാക്കളെയും വിളിച്ചു ചോദിച്ചെങ്കിലും അവരാരും ഇക്കയെ കൂട്ടാൻ തയ്യാറായില്ല. ബി ജെ പി ആസ്‌ഥാനമായ മാരർജി ഭവനിലും ഇക്ക തലയിൽ മുണ്ടിട്ടു ആരും അറിയാതെ ചെന്നണ്ണാണ് കേൾക്കുന്നത്

ഇവിടെ രക്ഷയില്ല എന്ന് മനസ്സിലാക്കിയ ഇക്ക ഏതെങ്കിലും ദേശീയ പാർട്ടിയിൽ ചേർന്നാൽ എന്തെങ്കിലും മെച്ചം ഉണ്ടാകും എന്ന് കരുതി തമിഴ്നാടിന് വച്ചു പിടിപ്പിച്ചു. മദ്രാസിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് തന്റെ ദുഃഖം പറഞ്ഞപ്പോൾ സ്റ്റാലിൻ ചൂട് ഉഴുന്ന് വടയും ചട്ണിയും ചായയും മതിയാവോളം കഴിക്കുവാൻ കൊടുത്തു ഒരു വിധത്തിൽ തിരിച്ചയച്ചു

എങ്കിലും ഇക്കയുടെ ദേശീയ പാർട്ടിൽ ചേരാൻ ഉള്ള ആഗ്രഹം കൂടി വന്നു നേരെ കൽക്കാട്ടയിൽ മമത മാഡത്തെ കാണുവാൻ പോയി. മാഡം ചായ ഒന്നും കൊടുത്തില്ല വെള്ളം മാത്രമേ കൊടുത്തുള്ളൂ. എന്നിട്ട് പറഞ്ഞു ഇത്രം ദൂരം വന്നതല്ലേ ഇഡൻ ഗാർഡൻസ് ക്രിക്കറ്റ്‌ സ്റ്റേഡിയം കണ്ടിട്ട് പോയ്കൊള്ളുവൻ

ഇപ്പോൾ നിലമ്പുർ ഉപതെരെഞ്ഞെടുപ്പ് ഉണ്ടാകുമെന്നു കേട്ടപ്പോൾ ഈസ്റ്ററിന് തനിക്കു പാലപ്പവും മട്ടൻ കുറുമയും വീട്ടിൽ കൊണ്ടു തന്നു സോപ്പിട്ടു പതപ്പിച്ച വി എസ് ജോയ്ക്കൂവേണ്ടി വക്കാലത്തുമായി ഇറങ്ങിയിരിക്കുകയാണ് അൻവർ ഇക്ക

അൻവർ ഇക്കയെ സോപ്പിട്ടു സോപ്പിട്ടു ജോയി കട്ടപ്പുറത്താകാൻ ആണ്‌ സാധ്യത 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക