കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സൂപ്രീം കോടതി. വീര്‍ സവര്‍ക്കറിനെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ വെള്ളിയാഴ്ച സൂപ്രീം കോടതിയുടെ പരാമര്‍ശം.
ചരിത്രം അറിയാതെ രാഹുല്‍ ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി താക്കീത് ചെയ്തു. അത്തരം പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചാല്‍ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
വി ഡി സവര്‍ക്കര്‍ക്കെതിരെ 'ബ്രിട്ടീഷുകാരുടെ സേവകന്‍' എന്ന പരാമര്‍ശം നടത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ ലഖ്‌നൗ കോടതിയിലുള്ള ക്രിമിനല്‍ മാനനഷ്ട നടപടികള്‍ സ്റ്റേ ചെയ്യുന്നതിനിടെയായിരുന്നു സുപ്രീം കോടതി അദ്ദേഹത്തെ വിമര്‍ശിച്ചത്. ആന്‍ഡമാന്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലില്‍ ഒരു പതിറ്റാണ്ടിലധികം കിടന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് സവര്‍ക്കറെന്നും സുപ്രീം കോടതി പറഞ്ഞു.