കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് കണ്ണീരോടെ വിട നല്‍കി നാട്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദര്‍ശനത്തിനായി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എംഎല്‍എ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അര്‍പ്പിച്ചു. രാമചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് സാധാരണക്കാരും ചങ്ങമ്പുഴ പാര്‍ക്കിലേക്ക് ഒഴുകിയെത്തി.
മകള്‍ ആരതി, മകന്‍ അരവിന്ദ്, ഭാര്യ ഷീല എന്നിവര്‍ രാമചന്ദ്രന്റെ മൃതദേഹത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആദരം അര്‍പ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. വീട്ടില്‍ വച്ച് രാമചന്ദ്രന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പൊലീസ് ആദരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഇടപ്പള്ളി ശ്മശാനത്തിലാണ് എന്‍ രാമചന്ദ്രന്റെ സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മകള്‍ ആരതിയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തന്റെ മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരര്‍ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോണ്‍ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരര്‍ സൈനിക വേഷത്തില്‍ ആയിരുന്നില്ലെന്നും ആരതി പറയുന്നു.
ആരതിയുടെ വാക്കുകള്‍:
''ആക്രമണം നടക്കുന്നതിന്റെ തലേദിവസം വൈകുന്നേരമാണ് അവിടെ എത്തിയത്. പഹല്‍ഗാമില്‍ കുറെ റൈഡുകളും മറ്റുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അവരവരുടെ കാര്യങ്ങളിലായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം ആയിരുന്നു. രണ്ടാമത് ഒന്നു കൂടി കേട്ടു. ദൂരെ ആകാശത്തേയ്ക്ക് ഒരാള്‍ വെടിവെക്കുന്നത് കണ്ടു. അപ്പോള്‍ മനസിലായി ഭീകരാക്രമണം ആണെന്ന്. അമ്മ അപ്പോള്‍ കൂടെ ഉണ്ടായിരുന്നില്ല. ഞാനും അച്ഛനുമാണുണ്ടായിരുന്നത്. ഞങ്ങളെ നിലത്തേയ്ക്ക് കിടത്തി. അവിടുന്ന് ഓടി രക്ഷപ്പെട്ട് പുറത്തേയ്ക്ക് എത്തി. ചുറ്റും കാടാണ്. പലരും പല ഭാഗത്തേയ്ക്കാണ് ഓടുന്നത്. അപ്പോള്‍ ഒരു ഭീകരന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. ഓരോരുത്തരോടും എന്താണ് ചോദിക്കുന്നതെന്ന് കേള്‍ക്കാനൊന്നും പറ്റുന്നില്ല. അവര്‍ എന്റെ അച്ഛന്റേയും എന്റേയും അടുത്തേയ്ക്ക് വന്നു. കലിമ എന്ന വാക്കാണ് ചോദിച്ചത്. മനസിലായില്ലെന്ന് ഹിന്ദിയില്‍ തന്നെ മറുപടി പറഞ്ഞു. ഇതൊക്കെ ഒരു 5 സെക്കന്റ് സമയത്തേയ്ക്ക് കഴിഞ്ഞു. അപ്പോള്‍ എന്റെ ഇരട്ടക്കുട്ടികളായ ആണ്‍കുട്ടികള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു അപ്പോള്‍. അവര്‍ അമ്മാ ലെറ്റ്‌സ് മൂവ് എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. അച്ഛന്‍ മരിച്ചുവെന്ന് മനസിലായി. ജീവന്‍ രക്ഷിക്കാനൊന്നും കഴിയില്ലെന്നും മനസിലായി. ഞാന്‍ എന്റെ മക്കളേയും കൂട്ടി ഏതൊക്കെയോ വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിഗ്നല്‍ കിട്ടിത്തുടങ്ങി. അപ്പോള്‍ ഞാന്‍ എന്റെ ഡ്രൈവറെ വിളിച്ചു. ഡ്രൈവര്‍ കശ്മീര്‍ സ്വദേശിയാണ്.''
''7 മിനിറ്റിനുള്ളില്‍ സൈന്യം എത്തി. അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നപ്പോള്‍ എന്റെ തലയിലും തോക്ക് ചൂണ്ടി. എന്റെ മക്കള്‍ കരഞ്ഞപ്പോള്‍ എന്നെ വിട്ടിട്ട് പോയതാവാം. ഞങ്ങള്‍ എത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. പിന്നീട് രാത്രി സൈന്യം എത്തിയപ്പോഴാണ് അച്ഛനെ കാണാന്‍ കഴിഞ്ഞത്. അച്ഛന്‍ മരിച്ചുവെന്ന് ഞാന്‍ തന്നെ സൈന്യത്തോട് പറയുകയായിരുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും എന്റെ സഹോദരന്‍മാരെപ്പോലെയാണ് കൊണ്ടു നടന്നത്. രാത്രി മൂന്ന് മണി വരെ മോര്‍ച്ചറിക്ക് മുന്നിലായിരുന്നു. അവിടെ പോകുന്നതിനും വരുന്നതിനുമൊക്കെ സഹായിച്ചത് അവരാണ് '',- ആരതി പറയുന്നു.
കശ്മീരില്‍ എനിക്ക് രണ്ട് സഹോദരന്‍മാരെ കിട്ടിയെന്നാണ് ഞാന്‍ അവരോട് എയര്‍പോര്‍ട്ടില്‍ വെച്ചും പറഞ്ഞത്. എന്നെ ആ സമയത്ത് കുറെ മീഡിയ വിളിച്ചിരുന്നു. അതൊന്നും ഞാന്‍ എടുത്തിരുന്നില്ല. അമ്മയോട് ആ സമയത്തൊന്നും അച്ഛന്‍ മരിച്ച വിവരം പറഞ്ഞിരുന്നില്ല. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെ ടി വി കണക്ഷന്‍ റിമൂവ് ചെയ്യാന്‍ പറഞ്ഞു. അവിടെ വരുന്ന എല്ലാവരും തന്നെ ആ അവസ്ഥയിലുള്ളവരാണല്ലോ, കൃത്യമായി ഒന്നും ഓര്‍മിച്ചെടുത്ത് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇപ്പോഴും ആ ട്രോമയിലാണുള്ളതെന്നും ആരതി പറഞ്ഞു.