ഗാങ്ടോക് ; സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വടക്കന്‍ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് 200ഓളം വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
അതേ സമയം വടക്കന്‍ സിക്കിമില്‍ കനത്ത മഴ തുടരുകയാണ്. ചുങ്താങിലേക്കുളള റോഡ് തുറന്നിട്ടുണ്ടെങ്കിലും കനത്ത മഴ മൂലം അവിടെ പ്രവേശിക്കാന്‍ കഴിയില്ല. അതുകൊണ്ട് വടക്കന്‍ സിക്കിമിലേക്കുളള യാത്രയ്ക്കും ഗതാഗതത്തിനും പെര്‍മിറ്റ് നല്‍കാനാകില്ല. വിനോദസഞ്ചാരികള്‍ക്ക് നല്‍കിയിരുന്ന എല്ലാ പെര്‍മിറ്റുകളും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്’-മംഗന്‍ ജില്ലാ പൊലീസ് മേധാവി സോനം ഡെച്ചു ഭൂട്ടിയ പറഞ്ഞു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വടക്കന്‍ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.