Image

കുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി

Published on 25 April, 2025
കുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന ഇ ഡിയ്ക്ക് ഡൽഹി റൗസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂ‍ർണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ രേഖകൾ ഹാജരാക്കാനും ഇ ഡിയോട് നിർദ്ദേശിച്ചു. കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു.

നോട്ടീസ് നൽകേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാൻ മാറ്റി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനിയും തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാഷണൽ ഹെറാൾഡ് കേസിൽ സ്വത്ത് കണ്ടുകെട്ടലിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടർ നടപടികൾ ആരംഭിച്ചിരുന്നു.

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് രജിസ്ട്രാർമാർക്ക് ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഡൽഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലായി എജെഎല്ലിൻ്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക