Image

മാ നിഷാദ- അരുത് കാട്ടാളാ.....നിനക്ക് ലോകത്തിലൊരിക്കലും ശാശ്വതമായ സ്ഥിതിയുണ്ടാകാതെ പോകട്ടെ  (ശ്രീകുമാർ ഉണ്ണിത്താൻ )

Published on 25 April, 2025
മാ നിഷാദ- അരുത്  കാട്ടാളാ.....നിനക്ക് ലോകത്തിലൊരിക്കലും   ശാശ്വതമായ സ്ഥിതിയുണ്ടാകാതെ പോകട്ടെ  (ശ്രീകുമാർ ഉണ്ണിത്താൻ )

ചില വാർത്തകൾ  നമ്മുടെ   മനസിനെ വല്ലാതെ വേദനപ്പെടുത്തും. അവർ നമ്മളുടെ   ആരുമല്ലെങ്കിൽ പോലും അത്  മനസിനെ വല്ലാതെ  മുറിവേൽപ്പിക്കും. അത്തരത്തിലുള്ള   സംഭവമാണ് ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തിൽ നിന്നുള്ള  ഒരു ദൃശ്യം.  

ഭീകരർ കൊലപ്പെടുത്തിയ  ഭർത്താവിന്റെ മൃതദേഹത്തിനു സമീപമിരുന്നു വിതുമ്പുന്ന നിസ്സഹായയായ ഭാര്യ.  ആരും കരഞ്ഞു പോകുന്ന ചിത്രം.  ജീവിതത്തിൽ ഒരിക്കൽ  പോലും കണ്ടിട്ടില്ലാത്ത ഈ ദമ്പതികളുടെ ചിത്രം ഉയർത്തുന്ന സങ്കടത്തിന് ജാതിയുമില്ല , മതവുമില്ല എന്നതാണ് സത്യം.

കൊച്ചി നാവിക സേനയിലെ ഉദ്യോഗസ്ഥൻ വിനയ് നർവലിന്റെ മൃതദേഹത്തിനു സമീപമിരുന്നു വിതുമ്പുന്ന നിസ്സഹായയായ വധുവിന്റെ ചിത്രം  ഏവരുടെയും കരൾ അലിയിക്കുന്നതാണ്.  കുറച്ചു  ദിവസം മുൻപ് മാത്രം വിവാഹിതരായ അവർ ഹണിമൂൺ ട്രിപ്പിന് വേണ്ടി കാശ്മീരിൽ പോയതാണ്. ഭീകരർ വധുവിന്റെ മുന്നിൽ വെച്ച് വരനെ വെടിവെച്ചു കൊല്ലുന്നു, കൊല്ലരുതേ ..കൊല്ലരുതേ എന്ന് പ്രാണഭീതിയിൽ   നൂറുവട്ടം  അപേക്ഷിച്ചിട്ടും ആ  കാട്ടാളന്മാർ വേട്ടക്കാരെ  പോലെ അയാളെ വെടിവെച്ചു വീഴ്ത്തി.  വിനയ് നർവലിന്റെ മൃതദേഹത്തിനരികെയിരുന്ന് കരയുന്ന  ഹിമാൻഷിയുടെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് പടർന്നു. ഏറ്റവും കൂടുതൽ വൈറൽ ആയ ചിത്രമായിരുന്നു അത് .   ഭീകരാക്രമണത്തിന്റെ ക്രൂരത നേരിൽ കണ്ട പ്രതീതി.
   
മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.

ഒരു മരത്തിൽ  സ്‌നേഹവാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന നിഷ്‌കളങ്കരായ ഇണക്കുരുവികളില്‍ ഒന്നിനെ അമ്പെയ്തു  വീഴ്ത്തിയറ്റു കണ്ട വേദനയിൽ   മഹാമുനി വേടനോട് പറഞ്ഞു. 'മാനിഷാദാ...' ഇത്  ചെയ്‌ത നിനക്ക് ലോകത്തിലൊരിക്കലും ഒരിടത്തും ശാശ്വതമായ സ്ഥിതിയുണ്ടാകാതെ പോകട്ടെയെന്ന്‌ ശപിക്കുകയാണ് മുനി ചെയ്തത്.   ഇണപക്ഷികളിലൊന്നയ ആൺപക്ഷിയെ  വനവേടന്‍ ഏയ്ത് വീഴ്ത്തിയ  ദുഃഖം തോന്നിയ വാത്മീകിയുടെ തൂലികയില്‍ നിന്ന് വാര്‍ന്നുവീണ ഇതിഹാസ കാവ്യമാണ് രാമായണം. വേടന്റെ അമ്പേറ്റ് മുറിവേറ്റ് വീണ   പക്ഷിയെ നോക്കി വിലപിച്ചു വാല്മീകി "രാമായണം" രചിച്ചു.
 
യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്‌? വിവിധ ദേശങ്ങള്‍ , ഭാഷകള്‍, സംസ്കാരം, കാലാവസ്ഥ, ഭക്ഷണം,  പ്രകൃതി ഭംഗി  തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് യാത്രയ്ക്കിടയില്‍ നമ്മുടെ പരിഗണനയില്‍ വരുന്നത്. വിനയ് നർവലും  ഹണിമൂൺ ട്രിപ്പിന് വേണ്ടി ഈ പ്രദേശം തെരെഞ്ഞെടുത്തത് ഇങ്ങനെയുള്ള പരിഗണനകൾ കൊണ്ടായിരിക്കാം, ഇങ്ങനെയെക്കെ സംഭവിക്കുമെന്ന്  അവർ സ്വപ്നത്തിൽ പോലും കരുതി കാണില്ല.

നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂർത്തങ്ങളിലൊന്നാണ് ഹണിമൂൺ യാത്രകൾ. ഇത് വെറുമൊരു യാത്രയല്ല , രണ്ട് മനസ്സുകൾ , രണ്ട് സ്വഭാവങ്ങൾ , രണ്ട് ജീവിതരീതികൾ , രണ്ട് ഇഷ്‌ടങ്ങൾ ഇങ്ങനെ പലതും വ്യത്യസ്ത സാഹ്യചര്യങ്ങളിൽ ഒന്നയി മാറുവാൻ സഹായിക്കുന്ന ഒന്നുകുടിയാണ് ഹണിമൂൺ.  വർഷങ്ങൾ എത്ര പോയാലും ഹണിമൂൺ യാത്രയിലെ കാഴ്ചകളും ഓർമ്മകളും ആരും മറക്കില്ല.  ഹണിമൂണിന്  പലപ്പോഴും  റൊമാന്റിക് ആയ  സ്ഥലങ്ങൾ  ആയിരിക്കും നവദമ്പതികൾ  തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ  ആയിരിക്കാം സ്വപ്‌ന യാത്രയ്ക്കായി അവർ   കശ്മീർ എന്ന  മനോഹാരമായ പ്രദേശം  തന്നെ തെരഞ്ഞെടുത്തത്.

ഭൂമിയിലെ സ്വര്‍ഗം' എന്നാണു കശ്മീര്‍  അറിയപ്പെടുന്നത്. നാം വായിച്ചിട്ടുള്ളതും ,പരിചയപ്പെട്ടിട്ടുള്ളതും അങ്ങിനെ തന്നെയാണ് . അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. അതിസുന്ദരമായ കാഴ്ചകളാണ് കശ്മീര്‍ എമ്പാടും. അത്ര മനോഹരമാണ് ഇവിടെത്തെ കാഴ്ചകൾ . ഒട്ടേറെ മനോഹര താഴ്‌വാരങ്ങളുടെ  കൂട്ടമാണ് ഇവിടം. ആപ്പിൾ, വാൽനട്ട് മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന സുന്ദരമായ പ്രദേശങ്ങൾ . മഞ്ഞണിഞ്ഞ മലനിരകൾ കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഇടം. വിനോദസഞ്ചാരികളുടെ ഇഷ്‌ടപ്രദേശം, കണ്ണെത്താദൂരത്തെ കാഴ്ചകൾ . കണ്ടാലും കണ്ടലും മതിവരാത്ത പ്രകൃതി ഭംഗി.

അതിൽ മനോഹരമായ ഒരു താഴ്വാരമാണ് ബൈസരൺ താഴ്‌വാരം. ഇവിടെയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ  26 ജീവനുകൾ   പൊലിഞ്ഞത്  . പുതിയ ജീവിതം, പുതിയ പ്രതീക്ഷകളോടെ ജീവിതം തുടങ്ങിയ നവദമ്പതികളുടെ  ഹണിമൂണ്‍ യാത്ര നിമിഷങ്ങള്‍ക്കകം ദുഃഖത്തില്‍ മുങ്ങി.  

'മാനിഷാദാ...' എന്നതാണ് രാമായണത്തിന്റെ സന്ദേശം. അരുത് കാട്ടാളാ എന്നുപറയുന്നത് കാട്ടാളനോടു മാത്രമല്ല; എല്ലാ തിന്മകളോടും ക്രൂരതകളോടുമാണ്.   ആനുകാലികസംഭവങ്ങളില്‍ ആത്മസത്തക്ക് മുറിവേറ്റ ഒരു സംഭവായിരുന്നു ഇത് .  കാലത്തിന്റെ അരുതായ്മകളോട് നമുക്ക് പറയുവാൻ പറ്റുന്ന വാക്കുകൂടിയാണ്   "മാനിഷാദ" .

പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തിൽ നിന്നും നമുക്ക് പഠിക്കുവാൻ വളരെയേറെയുണ്ട്. ലോകം എമ്പാടും ഭീകരത വിതയ്ക്കാൻ മതത്തിന്റെ പേരിൽ ഒരു കൂട്ടർ ഇറങ്ങിയാൽ അത് ലോക സമാധാനത്തിനു തന്നെ ആപത്താണ്.  ഇത്  സ്വയം തിരിച്ചറിയുന്ന മനുഷ്വത്വമുള്ള  മനുഷ്യർ ഉണ്ടാകുന്നതു വരെ, ഇതൊക്കെ തുടർന്ന് കൊണ്ടേയിരിക്കും.

ഈ വാർത്ത  മറന്നു പോകുബോഴേക്കും ഇത്തരം  പുതിയ വാർത്തകൾ വന്നു കൊണ്ടേയിരിക്കും.  അപ്പോഴും ഇതുപോലെ കുറെ ജീവനുകൾ നഷ്‌ടമായിക്കൊണ്ടും ഇരിക്കും.

അപ്പോഴും നമുക്ക് ആവർത്തിക്കാം - "മാനിഷാദ".

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക