Image

രഹസ്യ വിവാഹം, ഫോട്ടോ പുറത്തുവന്നത് പ്രകോപനം; വിവാഹം കഴിഞ്ഞ് 2 മാസത്തിനകം ശാഖയുടെ കൊലപാതകം

രഞ്ജിനി രാമചന്ദ്രൻ Published on 25 April, 2025
രഹസ്യ വിവാഹം, ഫോട്ടോ പുറത്തുവന്നത് പ്രകോപനം; വിവാഹം കഴിഞ്ഞ് 2 മാസത്തിനകം ശാഖയുടെ കൊലപാതകം

തിരുവനന്തപുരം സ്വദേശിനി ശാഖാകുമാരിയെ ഭർത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വിവാഹം രഹസ്യമായി നടത്തണമെന്നും, വിവാഹ ഫോട്ടോകളോ വീഡിയോകളോ പുറത്ത് വിടരുതെന്നും അരുൺ നിർബന്ധം പിടിച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ചില ബന്ധുക്കൾ വിവാഹ ചിത്രങ്ങൾ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. ഇതിന്റെ ഫലമായി വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ ശാഖാകുമാരിയെ കൊലപ്പെടുത്താൻ അരുൺ തീരുമാനിക്കുകയായിരുന്നു. ശാഖാകുമാരിയുടെ കുന്നത്തുകാലിലെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. ഈ കേസിൽ അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

2020 ഒക്ടോബർ 29 നാണ് ത്രേസ്യാപുരം പുത്തൻവീട്ടിൽ ശാഖാകുമാരിയും അരുണും വിവാഹിതരായത്. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് അരുൺ തന്നേക്കാൾ ഇരട്ടി പ്രായമുള്ള ശാഖാകുമാരിയെ പ്രണയം നടിച്ച് വിവാഹം കഴിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വിവാഹം സമയത്ത് ശാഖാകുമാരിക്ക് 52 വയസ്സും അരുണിന് 27 വയസ്സുമായിരുന്നു പ്രായം. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അരുൺ.

2020 ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷത്തിന് ശേഷം ബന്ധുക്കൾ പോയ ഉടനെ അരുൺ ശാഖാകുമാരിയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. അതിനുശേഷം ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ അരുൺ ശാഖാകുമാരിയുടെ ശരീരത്തിൽ അലങ്കാര ബൾബുകൾ ചുറ്റിവെക്കുകയും ചെയ്തു. എന്നാൽ നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ പോലീസ് അന്വേഷണമാണ് അരുണിലേക്ക് എത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ. എം. ബഷീർ അരുണിന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.

 

 

 

English summary:

Secret marriage, photo leak sparked outrage; Shakha's murder occurred within 2 months of the wedding.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക