Image

'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം

രഞ്ജിനി രാമചന്ദ്രൻ Published on 25 April, 2025
'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത്  പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം

മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുബീൻ മുഹമ്മദിനെ സഹപാഠികൾ മർദിച്ചതായി പരാതി. സ്കൂളിൽ വെച്ചുണ്ടായ പഴയ പ്രശ്നങ്ങളുടെ പേരിലാണ് മർദനമെന്നും വടക്കുംമുറി സ്വദേശിയായ മുബീൻ പറഞ്ഞു. ക്രിസ്മസ് പരീക്ഷ സമയത്ത് മുബീനും സഹപാഠികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അന്ന് സ്കൂൾ അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

എന്നാൽ ഇന്നലെ സ്കൂളിലെ കായിക പരിശീലന ക്യാമ്പ് കഴിഞ്ഞ് മടങ്ങിവരുമ്പോൾ ആറോളം വിദ്യാർത്ഥികൾ ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കല്ലുകൊണ്ട് മർദിച്ചെന്നാണ് മുബീൻ പറയുന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടിയ കായികതാരം കൂടിയാണ് മുബീൻ. മർദനത്തിൽ കണ്ണിനും തലയ്ക്കും പരിക്കേറ്റ മുബീൻ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പൊലീസിൽ പരാതി നൽകിയിട്ടും മൊഴിയെടുക്കുന്നതിൽ കാലതാമസമുണ്ടായെന്ന് കുടുംബം ആരോപിച്ചു. മുബീനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

English summary:

Took him to a deserted place and beat him with a stone"; Class 10 student brutally assaulted by classmates in Malappuram.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക