Image

പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും; പുഴയിൽ ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

രഞ്ജിനി രാമചന്ദ്രൻ Published on 25 April, 2025
പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും; പുഴയിൽ ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ കുറ്റിമാക്കൂൽ സ്വദേശി മമ്മുവിൻ്റെ മകൻ അബ്ദുറഹ്മാനാണ് മരിച്ചത്. നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം ബോട്ട് യാത്രക്കാർ കണ്ടതിനെ തുടർന്ന് കൊയിലാണ്ടി പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബമാണ് പാലത്തിൽ നിന്ന് ഒരാൾ ചാടിയതായി നാട്ടുകാരോട് ആദ്യം പറഞ്ഞത്. പാലത്തിന് സമീപം ഒരു ജോഡി ചെരിപ്പ്, കുട, മൊബൈൽ ഫോൺ, വാച്ച്, തീപ്പെട്ടി എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.

അബ്ദുറഹ്മാന്റെ ഭാര്യ സൈനബയാണ്. സിറാജ് (കല്ലാച്ചി), സീനത്ത്, നൗഷാദ്, സിറാജ് (ഖത്തർ) എന്നിവരാണ് മക്കൾ. റഷീദ് (കൂട്ടാലിട), ജുമൈല (പുളിക്കൽ), ആബിദ (പയ്യോളി) എന്നിവരാണ് മരുമക്കൾ.

 

 

 

English summary:

Slippers, umbrella, and walking stick found on the bridge; body of elderly man who jumped into the river recovered.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക