കേരള സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച സിനിമാ പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം പള്ളിക്കൽ സ്വദേശി അനസ് സെയിനാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും സർവകലാശാലയുടെ നിരവധി വ്യാജ ബിരുദ- ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു.
ഗൾഫിലെ ജോലിക്കായി പത്തനാപുരം സ്വദേശി പ്രവീൺ എന്നയാൾ നോർക്കയിൽ ഒരു ബിടെക് സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ നോർക്ക അധികൃതർ കേരള സർവകലാശാലയെ ബന്ധപ്പെട്ടു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് കേരള സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്ന വൻ തട്ടിപ്പ് പുറത്തായത്. കൊല്ലം ട്രാവൻകൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ബിടെക് ബിരുദം നേടിയ സർട്ടിഫിക്കറ്റാണ് പ്രവീൺ നൽകിയിരുന്നത്. ഇയാൾ കോളേജിൽ പഠിച്ചിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സർവകലാശാല നോർക്കയെ അറിയിച്ചു. ഇതോടെയാണ് കൻ്റോൺമെൻ്റ് പൊലീസ് അന്വേഷണം ഏറ്റെടുത്തത്.
പള്ളിക്കൽ സ്വദേശിയായ യുവതിയാണ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയതെന്നായിരുന്നു പ്രവീൺ പൊലീസിന് നൽകിയ മൊഴി. 2,68,000 രൂപയ്ക്കാണ് ബി ടെക് സർട്ടിഫിക്കറ്റ് വിറ്റത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അനസിൻ്റെ പങ്ക് വ്യക്തമായത്. ചലച്ചിത്ര പ്രവർത്തകനായ അനസിനെ തിരുവനന്തപുരം പുന്നയ്ക്കാമുഗളിലെ ഡബിങ് സ്റ്റുഡിയോയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പള്ളിക്കൽ സ്വദേശിയായ യുവതിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. എത്രപേർക്ക് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകി എന്നതിന്റെ പരിശോധനയിലാണ് പൊലീസ്.
English summary:
Fraud using fake Kerala University certificate; film industry professional arrested.