രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർക്കൊപ്പം വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസിന് ആദരാഞ്ജലികൾ അർപ്പിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 21-ന് 88-ാം വയസ്സിൽ അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ ഔദ്യോഗിക ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി വത്തിക്കാനിലെത്തിയത്.
പോപ്പ് ഫ്രാൻസിസിനോടുള്ള ആദരസൂചകമായി ഇന്ത്യ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികൾ ഒഴിവാക്കുകയും ചെയ്യും . പോപ്പ് ഫ്രാൻസിസിനെ അനുകമ്പയുടെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ആഗോള പ്രതീകമായി ഓർമ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഏപ്രിൽ 26-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കാർഡിനൽ ജിയോവാനി ബാറ്റിസ്റ്റ റേയുടെ നേതൃത്വത്തിലാണ് പോപ്പ് ഫ്രാൻസിസിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുക. ലോകരാഷ്ട്ര തലവന്മാരും മതമേലധ്യക്ഷന്മാരും ഉൾപ്പെടെ നിരവധി പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.
English summary:
President's tribute to Pope Francis.