വിസ്കോൺസിൻ: മിൽവോക്കി കൗണ്ടി ജഡ്ജി ഹന്ന ഡുഗാനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. ഒരാളെ 30 തവണ കുത്തിയ കേസിൽ പ്രതിയായ എഡ്വേർഡോ ഫ്ലോറസ് റൂയിസ് എന്ന നിയമവിരുദ്ധ കുടിയേറ്റക്കാരനെ ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ സഹായിച്ചതിനാണ് അറസ്റ്റ് .
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ എക്സിൽ പോസ്റ്റ് ചെയ്തതിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ജഡ്ജി ഹന്ന ഡുഗാൻ ഫെഡറൽ ഏജന്റുമാരെ മനഃപൂർവം തെറ്റായ വഴിക്ക് നയിക്കുകയും റൂയിസിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തുവെന്നാണ് എഫ്ബിഐയുടെ ആരോപണം. റൂയിസ് പിന്നീട് ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലാവുകയായിരുന്നു . അറ്റോർണി ജനറൽ പാം ബോണ്ടി ഈ അറസ്റ്റ് സ്ഥിരീകരിക്കുകയും "ആരും നിയമത്തിന് അതീതരല്ല" എന്ന് പ്രസ്താവിക്കുകയും ചെയ്തു.
എന്നാൽ എക്സ് പോസ്റ്റ് പിന്നീട് കാഷ് പട്ടേൽ പിൻവലിച്ചു
ഡുഗാനെതിരെ നീതിന്യായ തടസ്സപ്പെടുത്തൽ, ഒരാളെ അറസ്റ്റിൽ നിന്ന് ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
റൂയിസിനെ ഏപ്രിൽ 18 ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ഐസിഇ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. ജഡ്ജ് ഡുഗാൻ റൂയിസിനെയും അയാളുടെ അഭിഭാഷകനെയും കോടതിയുടെ പിൻവാതിലിലൂടെ പുറത്തേക്ക് പോകാൻ അനുവദിച്ചെന്നും ഇത് റൂയിസിനു രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നും എഫ്ബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു. റൂയിസ് ഇപ്പോൾ ഐസിഇയുടെ കസ്റ്റഡിയിലാണ്.
ജഡ്ജി ഡുഗാനെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചെങ്കിലും മെയ് 15 ന് വീണ്ടും കോടതിയിൽ ഹാജരാകേണ്ടതുണ്ട്.
ട്രംപ് ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളും തമ്മിൽ കുടിയേറ്റ നിയമങ്ങളുടെ നടപ്പാക്കലിനെ ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഈ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
English summary:
Attempt to save illegal immigrant; Wisconsin judge arrested.