Image

ഇന്ത്യ-പാക് സമാധാന ഉടമ്പടി -ഷിംല കരാര്‍ റദ്ദാക്കി പാക്കിസ്താന്‍ ; സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ബദൽ

Published on 25 April, 2025
 ഇന്ത്യ-പാക് സമാധാന ഉടമ്പടി -ഷിംല കരാര്‍ റദ്ദാക്കി പാക്കിസ്താന്‍ ; സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ബദൽ

പഹല്‍ഗാം കൂട്ടക്കൊലയ്ക്കു പിന്നാലെ  പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യ .  ഇന്ത്യ-പാക്  ബന്ധത്തിലെ നിര്‍ണായക ഉടമ്പടിയായിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചു. ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ പാക് പൗരന്മാര്‍ ഇന്ത്യ വിട്ടുപോകണമെന്ന നിര്‍ദേശവും കേന്ദ്രം നല്‍കിയിരുന്നു. ഇത്തരത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കുറയ്ക്കുന്ന കര്‍ശന നടപടികളാണ് ഇന്ത്യ കൈകൊണ്ടത്. ഇന്ത്യ  കടുത്ത നയതന്ത്ര നടപടികള്‍ എടുത്ത സാഹചര്യത്തില്‍ പാക്കിസ്താനും തിരിച്ചു നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി പാക്കിസ്താന്‍ ഷിംല കരാര്‍ റദ്ദാക്കി.   നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചു. വിമാന മാര്‍ഗം അടച്ചു. വിസ നിര്‍ത്തലാക്കി തുടങ്ങിയ കാര്യങ്ങളാണ് പാക്കിസ്താന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

 ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചാണ് പാക് നടപടികള്‍. ഇന്ത്യ ചെയ്യുന്നതു പോലെ അതേ രൂപത്തില്‍ തിരിച്ചു നടപടി എടുക്കുകയാണ്. മാത്രമല്ല, ഇസ്ലാമാബാദില്‍ പാക്ക് സൈന്ിയം മിസൈല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയാകട്ടെ കപ്പല്‍ പടയെ സജ്ജമാക്കി കഴിഞ്ഞുവെന്നണ്  റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അതിനു മുമ്പ്, വര്‍ഷങ്ങള്‍ പഴക്കമുള്ള കരാരുകള്‍ റദ്ദു ചെയ്യുന്നതു വഴി ുണ്ടാകാന്‍ സാധ്യതയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് വലിയ ചര്‍ച്ചാ വിഷയം. 
സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് സിന്ധു നദീജല കരാര്‍ റദ്ദാക്കിയതടക്കമുള്ള ഇന്ത്യയുടെ നടപടികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. 

എന്താണ് ഷിംല കരാര്‍. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1972 ജൂലായ് രണ്ടിന് ഒപ്പുവെച്ച കരാറാണിത്. ഈ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് നിലവില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.

 1971 ഡിസംബറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് ശേഷമാണ് ഈ കരാര്‍ ഉണ്ടായത്. 

ഷിംലയില്‍ നടന്ന യോഗത്തില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. ബംഗ്ളാദേശിന് സ്വതന്ത്രരാഷ്ട്ര പദവി നല്‍കാന്‍ വഴിയൊരുക്കിയതും ഷിംല കരാറാണ്.

ഷിംല കരാര്‍ പ്രകാരമാണ് കശ്മീരില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ നിയന്ത്രണ രേഖ (ലൈന്‍ ഓഫ് കണ്‍ട്രോള്‍) നിലവില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതും ഷിംല കരാര്‍ പ്രകാരമാണ്. ഇരു രാജ്യങ്ങളും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലും അവസാനിപ്പിക്കണം, സൗഹൃദപരവും പരസ്പരം സഹകരിക്കുന്നതുമായ ബന്ധം പ്രോത്സാഹിപ്പിക്കണം, ശാശ്വത സമാധാനം സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് കരാറിലുള്ളത്. ഇതിലൂടെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

ആറ് പോയിന്റുകളായി സംഗ്രഹിച്ചിരിക്കുന്ന കരാറില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും വ്യവസ്ഥകളുമാണ് ഉള്ളത്. കരാര്‍ പ്രകാരം ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെയും തങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക