പഹൽഗാം കൂട്ടക്കൊലയ്ക്കിടയാക്കിയ ആക്രമണം നടത്തിയ തീവ്രവാദികൾ ഉയർന്ന പരിശീലനം നേടിയവരായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ. കൊല്ലപ്പെട്ടവരുടെ പ്രധാന അവയവങ്ങളിലേക്കോ തലയിലേക്കോ തുളച്ചുകയറിയ വെടിയുണ്ടകൾ ഇത് വ്യക്തമാക്കുന്നതായി വിദഗ്ധർ പറയുന്നു. കശ്മീർ താഴ്വരയിൽ മുൻപ് നടന്ന ആക്രമണങ്ങളിൽ നിന്ന് വെത്യസ്തമാണ് പഹൽഗാമിൽ നടന്ന അക്രമമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. മുൻപുള്ള ആക്രമണങ്ങളിൽ തീവ്രവാദികൾ ഗ്രനേഡുകൾ ഉപയോഗിക്കുകയോ ഒന്നോ രണ്ടോ വെടിയുതിർത്തശഷം ഓടിപ്പോകുകയോ ചെയ്തിരുന്നു. പഹൽഗാമിൽ നടന്ന വെടിവെയ്പ്പുകളുടെ രീതി ക്രൂരമായി കൊല്ലാൻ ആഗ്രഹിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
അനന്ത്‌നാഗിൽ താമസിക്കുന്ന വാലി മുഹമ്മദ് തോക്കറിന്റെ മകൻ ആദിൽ ഹുസൈൻ തോക്കർ, പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർമാരായ സൈഫുള്ള കസൂരി, അബു മൂസ എന്നിവരുമായി സഹകരിച്ചാണ് പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ആദിൽ നിലവിൽ ഒളിവിലാണ്. ആദിലിനും സഹായികൾക്കും വേണ്ടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.